ADVERTISEMENT

ആലപ്പുഴ ∙ കുമാരപുരം സഹകരണ ബാങ്കിലെ (നമ്പർ 1449) ക്രമക്കേടുകളുടെ വാർത്ത പുറത്തു വന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ വിശദീകരണം ചോദിക്കലും പരാതി അയയ്ക്കലും. വാർത്ത ചോർന്നതിനെപ്പറ്റി അന്വേഷിക്കാൻ കമ്മിഷനെ വയ്ക്കാനും കുമാരപുരം സൗത്ത് ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. പാർട്ടി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ബാങ്ക് ജീവനക്കാരൻ ബിജുവിനോടും മറ്റു രണ്ടു ജീവനക്കാരോടും വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാർത്ത ചോർത്തിയതുമായി ബന്ധപ്പെട്ടാണ് ബിജുവിനോട് വിശദീകരണം തേടുന്നത്. ബാങ്കിന്റെ രേഖകൾ പുറത്തു കൊടുത്തതിനാണ് മറ്റു രണ്ടു ജീവനക്കാരോടു വിശദീകരണം ചോദിക്കുന്നത്.

ബിജു ക്രമക്കേടിന്റെ വാർത്ത ചോർത്തിയെന്ന് ആരോപിച്ച് ബാങ്ക് പ്രസിഡന്റ് കൂടിയായ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം.സത്യപാലൻ ജില്ലാ കമ്മിറ്റിക്ക് ഞായറാഴ്ച കത്തു നൽകിയിട്ടുണ്ട്.സ്വർണപ്പണയത്തിലും വായ്പകളിലും ക്രമക്കേടുകൾ നടന്നതായി ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതോടെയാണ് വിവാദം ഉയർന്നത്. തുടർന്ന് സഹകരണ മന്ത്രിയുടെ ഓഫിസിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി സഹകരണ അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ ഉദ്യോഗസ്ഥർ ബാങ്കിൽ പരിശോധന നടത്തുകയും ചെയ്തു.

ഈ പരിശോധനയിൽ ഓരോ ക്രമക്കേടും കണ്ടെത്തിയ മുറയ്ക്ക് അപ്പപ്പോൾ പണമടച്ച് ചിലർ പ്രശ്നം പരിഹരിക്കുകയായിരുന്നെന്ന് വിവരമുണ്ട്. ഇതിനുള്ള പണം ഇതേ ബാങ്കിൽനിന്നു തന്നെ വായ്പകളിലൂടെ സമാഹരിക്കുകയായിരുന്നെന്നും പറയുന്നു.ഉദ്യോഗസ്ഥരുടെ പരിശോധന കഴിയുകയും പണം തിരിച്ചടയ്ക്കുകയും ചെയ്തെങ്കിലും പ്രശ്നം അവിടെ തീരില്ലെന്നാണ് വിവരം. ഔദ്യോഗിക നടപടികളുടെ ഭാവി എന്തായാലും പ്രശ്നം സിപിഎമ്മിൽ പുകയാനാണ് സാധ്യത.ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇന്ന്  10ന് ബാങ്കിനു മുന്നിൽ ധർണ നടത്തും. കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം എം.ലിജു ഉദ്ഘാടനം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com