ADVERTISEMENT

ആലപ്പുഴ∙ ജില്ലാ കലക്ടറായി വി.ആർ.കൃഷ്ണ തേജ ചുമതലയേറ്റു. രാവിലെ 10ന് എഡിഎം എസ്. സന്തോഷ് കുമാറിൽ നിന്നാണ് ചുമതല ഏറ്റെടുത്തത്. മുൻ കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കഴിഞ്ഞ ദിവസം തന്നെ ചുമതല ഒഴിഞ്ഞിരുന്നു. ജില്ലയുടെ 55ാം കലക്ടറായ കൃഷ്ണ തേജ, ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശിയാണ്. 2018ൽ ആലപ്പുഴ സബ് കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രളയസമയത്ത് സബ് കലക്ടറായിരിക്കെ ‘ഐ ആം ഫോർ ആലപ്പി’ എന്ന പ്രളയാനന്തര പുനരധിവാസ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കി. കെടിഡിസി മാനേജിങ് ഡയറക്ടർ, ടൂറിസം വകുപ്പ് ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ എന്നീ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാരവൻ കേരള, കെടിഡിസിയുടെ മിഷൻ ഫേസ് ലിഫ്റ്റ് പദ്ധതികൾ അവതരിപ്പിക്കുകയും നിർവഹണത്തിനു നേതൃത്വം നൽകുകയും ചെയ്തു. 2015 ഐഎഎസ് ബാച്ചുകാരനാണ്.

‘വീട്ടിലേക്ക് തിരിച്ചെത്തി’: ആദ്യ പരിഗണന പ്രളയ മുന്നൊരുക്കത്തിന്

വീട്ടിലേക്കു തിരിച്ചെത്തിയ അനുഭവമാണ് ആലപ്പുഴയിലേക്ക് വന്നപ്പോഴെന്നു കലക്ടർ വി.ആർ. കൃഷ്ണ തേജ . മുൻപ് സബ് കലക്ടറായി സേവനമനുഷ്ഠിച്ചതിനാൽ ആലപ്പുഴയെക്കുറിച്ചു നല്ല ബോധ്യമുണ്ടെന്നും ഒട്ടേറെ കാര്യങ്ങൾ ജില്ലയ്ക്കായി ചെയ്യാൻ സാധിക്കുമെന്നും അതിനായി എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം പറയുന്നു. ചുമതലയേറ്റ ശേഷം കലക്ടർ വി.ആർ. കൃഷ്ണ തേജ മനോരമയോട് സംസാരിക്കുന്നു...

കലക്ടർ എന്ന നിലയിൽ പ്രഥമ പരിഗണന ഏതു കാര്യത്തിനായിരിക്കും ?

പ്രളയഭീതി നിലനിൽക്കുന്നതിനാൽ അതിനുള്ള മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുകയാണ് ആദ്യ ദൗത്യം. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനാവശ്യമായ എല്ലാ നടപടികളും ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. പ്രളയ സാധ്യത മുന്നിൽക്കണ്ടുള്ള വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് എന്നതിന് മുൻഗണന നൽകും.

എസി റോഡ് നവീകരണം നീണ്ടു പോകുകയാണ്. വിഷയം ശ്രദ്ധയിൽപെട്ടിരുന്നോ ?

എസി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ ഒരു റിവ്യു മീറ്റിങ് തൊട്ടടുത്ത ദിവസം തന്നെ വിളിച്ചിട്ടുണ്ട്. അതിനുശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കും.

ആലപ്പുഴയുടെ ടൂറിസം മേഖല പരിഗണനയിലുണ്ടോ ?

തീർച്ചയായും. കേരള ടൂറിസവുമായി ബന്ധപ്പെട്ട് ഏതാനും വർഷം പ്രവർത്തിച്ചതിന്റെ അനുഭവസമ്പത്ത് ആലപ്പുഴയ്ക്കുവേണ്ടി പ്രയോജനപ്പെടുത്തും. ഒട്ടേറെ പദ്ധതികൾ മനസ്സിലുണ്ട്. എല്ലാം നടപ്പിലാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

നെഹ്റു ട്രോഫി മുന്നൊരുക്കങ്ങൾക്കിടയാണ് താങ്കളുടെ വരവ് ?

അതിൽ സന്തോഷമുണ്ട്. നെഹ്റു ട്രോഫിയുടെ നടത്തിപ്പ് വലിയൊരു അവസരമായാണു കാണുന്നത്. ഏറ്റവും മികച്ച രീതിയിൽ വള്ളംകളി സംഘടിപ്പിക്കണമെന്നാണു ആഗ്രഹം. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും കൃത്യമായ മേൽനോട്ടം ഉറപ്പുവരുത്തും.

പ്രളയഭീതി ഒഴിയാത്ത കുട്ടനാടിനെ രക്ഷിക്കാൻ എന്തെങ്കിലും പദ്ധതികൾ ആലോചനയിലുണ്ടോ ?

‌കഴിഞ്ഞ പ്രളയകാലത്ത് കുട്ടനാടുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. അവിടത്തെ അവസ്ഥയെക്കുറിച്ചു അറിയാം. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. കുട്ടനാട്ടിലെ കാര്യങ്ങൾ കൃത്യമായി വീക്ഷിക്കുന്നുണ്ട്. കുട്ടനാടിനു വേണ്ടി ചില പദ്ധതികൾ ആലോചനയിലുണ്ട്.

ജില്ലയിൽ റേഷൻ തട്ടിപ്പ് വ്യാപകമാകുന്നതായി ആരോപണമുണ്ട് ?

അതിനെക്കുറിച്ച് അറിയില്ല. വിഷയം പഠിച്ച ശേഷം പ്രതികരിക്കാം. അങ്ങനെയൊരു തട്ടിപ്പു നടക്കുന്നുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ആദ്യ ഉത്തരവ് അവധി!

ആലപ്പുഴ ∙ ജില്ലാ കലക്ടറായി ചുമതല എടുത്ത വി.ആർ.കൃഷ്ണ തേജയുടെ ആദ്യ ഉത്തരവ് ജില്ലയിലെ കുട്ടികൾക്കായി. ‘പ്രിയ കുട്ടികളെ, ഞാൻ ആലപ്പുഴ ജില്ലയിൽ കലക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ...’ എന്ന് തുടങ്ങുന്ന ഫെയ്സ്ബുക് പോസ്റ്റിൽ ഇന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്നും വെള്ളത്തിൽ ചാടാനോ, ചൂണ്ടയിടാനോ പോകരുതെന്നും പറയുന്നു. അവധിയെന്ന് കരുതി മടിപിടിച്ചിരിക്കാതെ പാഠഭാഗങ്ങൾ മറിച്ചു നോക്കണം എന്ന പറഞ്ഞ് അവസാനിക്കുന്ന പോസ്റ്റ് വൈറലാകാൻ മിനിറ്റുകൾ മാത്രമാണ് വേണ്ടി വന്നത്. 

ജില്ലയിലെ ട്രോൾ പേജുകളിലേക്കും കലക്ടറുടെ ഫെയ്സ്ബുക് പോസ്റ്റ് എത്തി. രാവിലെ കലക്ടർ ചാർജ് എടുത്തതോടെ രണ്ട് ദിവസമായി പൂട്ടിയിരുന്ന കമന്റ് ബോക്സ് തുറന്നു. അതോടെ പുതിയ കലക്ടർക്ക് അഭിനന്ദനവുമായി കമന്റ് ബോക്സിലേക്ക് ആളുകൾ ഒഴുകിയെത്തി. കലക്ടറെ നേരിട്ടു കണ്ട് ആശംസകൾ അറിയിക്കാൻ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടേറെപ്പേർ കലക്ടറേറ്റിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com