ADVERTISEMENT

ആലപ്പുഴ ∙ കുമാരപുരം 1449ാം നമ്പർ സഹകരണ ബാങ്കിലെ ക്രമക്കേടിന്റെ പേരിൽ ജീവനക്കാർക്ക് പ്രസിഡന്റിന്റെ പഴി. ഒറ്റുകാരെന്നും ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവരെന്നുമാണ് പ്രസിഡന്റ് എം.സത്യപാലൻ ജീവനക്കാരെ വിശേഷിപ്പിച്ചത്. അവർ നന്ദിയില്ലാത്തവരാണെന്നു ധ്വനിപ്പിക്കുന്ന പ്രയോഗവും പ്രസിഡന്റ് നടത്തി. ബാങ്കിലെ സ്വർണപ്പണയത്തിലും മറ്റു വായ്പകളിലും ക്രമക്കേടുണ്ടെന്ന് ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ വിശദീകരണ യോഗത്തിലാണിത്.

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൽ പ്യൂൺ നിയമനത്തിന് 20 – 40 ലക്ഷം വാങ്ങി വീതിച്ചെടുക്കുന്നെന്ന ആരോപണവും ഉന്നയിച്ചു. പ്രസംഗത്തിലെ മറ്റു പ്രധാന പരാമർശങ്ങൾ ഇങ്ങനെ: കുമാരപുരം 1449ാം നമ്പർ ബാങ്കിൽ നിയമനത്തിന്റെ പേരിൽ ഒരു കടുംചായ പോലും വാങ്ങി കുടിച്ചിട്ടില്ല. ചിലർക്കു ജോലി കൊടുത്തു. പക്ഷേ, കൂടെ അൽപം ഉപ്പു കൂടി കൊടുക്കാൻ പറ്റിയില്ല. ആ പോരായ്മ എന്റെ ഭാഗത്തുനിന്നുണ്ടായി. അതൊരു പോരായ്മയാണെങ്കിൽ നിങ്ങൾ സദയം ക്ഷമിക്കണം. ഒറ്റുകാരായ ചില ആളുകളുണ്ട്. അത് പത്രങ്ങളിലൂടെ കാണുന്നുണ്ടല്ലോ. 

അവർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണ്. പട്ടിണിപ്പാവങ്ങളുടെയും സാധാരണക്കാരുടെയും ആശ്രയമായ സ്ഥാപനത്തെ തകർക്കാൻ ചിലയാളുകൾ ശ്രമിക്കുന്നു. സത്യപാലനെ തകർക്കാനാണെങ്കിൽ അൽപം വിഷം വാങ്ങി തന്നാൽ മതി. ഞാൻ മാറിക്കൊള്ളാം. പക്ഷേ, പാവങ്ങൾക്ക് ഈ സ്ഥാപനം വേണം. അതിനെ തകർക്കരുത്.എന്നെ ഇഷ്ടമില്ലാത്തവർ അവസരം കിട്ടുമ്പോൾ ചിലതു പറയുന്നു. അതിൽ പാർട്ടിയിൽപെട്ടവരുമുണ്ട്. കോൺഗ്രസിനെക്കൊണ്ട് ചിലർ സമരം ചെയ്യിച്ചു. നിങ്ങളെന്താ സമരം ചെയ്യാത്തതെന്ന് ബിജെപിക്കാരോട് അവർ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com