ADVERTISEMENT

ആലപ്പുഴ ∙ മഴ കുറഞ്ഞെങ്കിലും നദികളിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ കുട്ടനാട് മേഖലയിൽ ജാഗ്രത തുടരുന്നു. ചെങ്ങന്നൂർ താലൂക്കിൽ നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പമ്പയുടെയും അച്ചൻകോവിലാറിന്റെയും തീരത്തു നിന്നു വെള്ളമിറങ്ങുന്നതും പ്രദേശവാസികൾക്ക് ആശ്വാസമായി. പ്രളയഭീതി കണക്കിലെടുത്ത് കുട്ടനാട് താലൂക്കിലെ പ്രഫഷനൽ കോളജുകളും അങ്കണവാടികളും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ജില്ലയിൽ 8 പ്രദേശങ്ങളിൽ ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്കു മുകളിൽ തുടരുകയാണ്. ഇതിൽ ഭൂരിഭാഗവും കുട്ടനാട്ടിലാണ്. കക്കി അണക്കെട്ട് ഇന്ന് തുറക്കാൻ സാധ്യതയുള്ളതിനാൽ ചെങ്ങന്നൂർ ഉൾപ്പെടെയുള്ള മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ 44 ദുരിതാശ്വാസ ക്യാംപുകളിലായി 516 കുടുംബങ്ങളിലെ 1771 പേർ കഴിയുന്നു. അടിയന്തര ഘട്ടങ്ങൾ നേരിടാൻ ജില്ലയിൽ എൻഡിആർഎഫ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, അഗ്നിരക്ഷാ സേന എന്നിവരുടെ സേവനം ഉറപ്പാക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ 2 വീടുകൾ പൂർണമായും 28 വീടുകൾ ഭാഗികമായും തകർന്നു. മടവീണ് ഏക്കറുകണക്കിന് കൃഷിയും വെള്ളത്തിലായി.

എസി റോഡിൽ യാത്രാദുരിതം

ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ എസി റോഡിൽ ഗതാഗതം മൂന്നാം ദിവസവും മുടങ്ങി. ഒന്നാംകര മുതൽ മനയ്ക്കൽചിറ വരെയുള്ള ഭാഗത്ത് 11 ഭാഗങ്ങളിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. ചങ്ങനാശേരിയിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്നലെയും മുടങ്ങി. പകൽ കെഎസ്ആർടിസി പരീക്ഷണാർഥം സർവീസ് നടത്തിയെങ്കിലും വെള്ളക്കെട്ടുമൂലം സർവീസ് നിർത്തിവച്ചു. ചങ്ങനാശേരിയിൽ നിന്നു പള്ളിക്കൂട്ടുമ്മ വരെയായിരുന്നു സർവീസ് നടത്തിയത്. ഇന്നു രാവിലെ വീണ്ടും ടെസ്റ്റ് ഡ്രൈവ് നടത്തുമെന്നു ചങ്ങനാശേരി ഡിപ്പോ അധികൃതർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ഒന്നാംകര മുതൽ കിടങ്ങറ വരെയുള്ള ഭാഗത്തു ബസ് അടക്കമുള്ള വലിയ വാഹനങ്ങൾക്കു സർവീസ് നടത്തുന്നതിനു ബുദ്ധിമുട്ട് ഇല്ലെന്നു രാമങ്കരി പൊലീസ് അറിയിച്ചു. അതേസമയം ഒന്നാംകര ഭാഗത്തെ വെള്ളക്കെട്ടുള്ള ഭാഗത്തു രൂപപ്പെട്ട കുഴി വാഹനയാത്രികർക്കു ഭീഷണിയാണ്. റോഡിൽ നിർമാണം നടന്ന ഭാഗത്തു വെള്ളക്കെട്ടു രൂപപ്പെട്ടതിനാൽ ഇന്നലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എസി റോഡിൽ പ്രതിഷേധം സംഘടിപ്പിച്ചു. റോഡ് നിർമാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. അമ്പലപ്പുഴ – തിരുവല്ല പാതയിൽ ഗതാഗത തടസ്സമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com