ADVERTISEMENT

ആലപ്പുഴ ∙ ഓണക്കാലം അടുത്തതോടെ നിത്യോപയോഗ സാധനങ്ങളുടെ വില ഉയർന്നുതുടങ്ങി. അരി, പച്ചക്കറികൾ തുടങ്ങിയവയ്ക്ക് ദിനംപ്രതി വില വർധിച്ചുകൊണ്ടിരിക്കുകയാണ്. അരിയും മറ്റു വസ്തുക്കളും ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിൽ ഉണ്ടായ ആശയക്കുഴപ്പമാണ് വിലവർധനയ്ക്കു കാരണമെന്നു വ്യാപാരികൾ പറയുന്നു.

alappuzha-food-price-JPG

ഇതിനു പുറമേ, ആന്ധ്രയിൽ നിന്നും മറ്റും വരുന്ന അരിയുടെ അളവിൽ കുറവുണ്ടായതും വിലക്കയറ്റത്തിനു വഴിവച്ചു. ആന്ധ്രയിലെ വിവിധ ഭാഗങ്ങളിൽ നെൽക്കൃഷി കുറഞ്ഞതും വൈദ്യുത ക്ഷാമം മൂലം പ്രധാന മില്ലുകളുടെ പ്രവർത്തനം മുടങ്ങിയതുമാണ് അരിയുടെ വരവ് കുറയാൻ കാരണമായതെന്നു മൊത്തവ്യാപാരികൾ പറയുന്നു. മുളകിനും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വൻ തോതിൽ വില കയറി.

അരിവില ഉയരെ

കിലോയ്ക്ക് 35–40 രൂപയ്ക്ക് ലഭിച്ചിരുന്ന ജയ അരിക്ക് ഇപ്പോൾ 50 രൂപയ്ക്ക് മുകളിലാണ് മാർക്കറ്റ് വില. കായംകുളം മാർക്കറ്റിൽ അരിയുടെ മൊത്ത വ്യാപാര വില കിലോയ്ക്ക് 49 രൂപയായി. ചില്ലറ വിപണിയിൽ അരി വില 52 മുതൽ 53 രൂപ വരെയായി. നെല്ല് ക്ഷാമമാണ് അരി വില ഇത്രയും ഉയരാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. പാലക്കാടൻ മട്ട അരിയുടെ മൊത്ത വ്യാപാര വില 40 രൂപയിലെത്തി. 2 മാസം മുൻപ് കിലോയ്ക്ക് 29 രൂപയായിരുന്നു വില. പച്ചരിക്ക് 24 രൂപയിൽ നിന്ന് 32 രൂപയായി വർധിച്ചു.

മുളക് എരിയും

മാവേലിക്കര മേഖലയിൽ കഴിഞ്ഞയാഴ്ച 185 രൂപ വിലയുണ്ടായിരുന്ന ചരടൻ മുളകിന് ഈ ആഴ്ചത്തെ വില 430 രൂപയാണ്; വർധന ഇരട്ടിയിലധികം! 110 രൂപ വിലയുണ്ടായിരുന്ന പാണ്ടി മുളക് ഇപ്പോൾ‌ ലഭിക്കുന്നത് 330 രൂപയ്ക്കാണ്; വർധന മൂന്നിരട്ടി! തുറവൂർ മേഖലയിൽ 150 രൂപയായിരുന്ന ഉണക്കമുളക് ഒരാഴ്ചയ്ക്കകം വില 300നു മുകളിലായി. മൊത്തവ്യാപാരികൾക്കനുസരിച്ചും ഇനങ്ങൾക്കനുസരിച്ചും ജില്ലയിലെ വിവിധ മേഖലകളിൽ മുളകിന്റെ വിലയിൽ വ്യത്യാസമുണ്ടെങ്കിലും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എല്ലായിടത്തും മുളകിന്റെ വില ഇരട്ടിയിലധികം വർധിച്ചു.

ആറിലേറെ ഇനത്തിൽ വിവിധ തരമായി മുളക് എത്തുന്നുണ്ട്. കിലോയ്ക്ക് 240 രൂപ മുതൽ വിലയുള്ള മുളക് വിപണിയിൽ ലഭ്യമാണെങ്കിലും കൂടുതൽ ആവശ്യക്കാരുള്ള ഇനത്തിനാണ് വില കുത്തനെ ഉയർന്നത്.ലഭ്യതയിലുണ്ടായ അപ്രതീക്ഷിത കുറവാണ് ഇതിനു കാരണമായി വ്യാപാരികൾ പറയുന്നത്. കർണാടകയിൽ നിന്ന് എത്തുന്ന മുളകിന്റെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായി. ഓണം വരാനിരിക്കെ ആവശ്യത്തിന് മുളക് മാർക്കറ്റിൽ എത്തിയില്ലെങ്കിൽ വില ഇനിയും ഉയരാനാണു സാധ്യത.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com