ADVERTISEMENT

ആലപ്പുഴ ∙ ഉപരിപഠനത്തിനായി ജില്ലയിൽ കാത്തിരിക്കുന്നത് 18,024 വിദ്യാർഥികളാണ്. ‘എല്ലാവരും തിര‍ഞ്ഞെടുക്കുന്ന കോഴ്സിന് ജോലി സാധ്യതയും കൂടും’, ‘മാതാപിതാക്കൾക്കിഷ്ടം ഈ കോഴ്സാണ്’ തുടങ്ങിയ ധാരണകൾ വച്ച് ഉപരിപഠനസാധ്യതകളെ വിലയിരുത്തരുത്. പ്രഥമ പരിഗണന അഭിരുചിക്കു തന്നെ കൊടുക്കണം. ഇഷ്ടവിഷയം, താൽപര്യം, ജോലിസാധ്യത, തുടർപഠന സാധ്യത ഇവയെല്ലാം ഓർത്തുവേണം കോഴ്സ് തിരഞ്ഞെടുക്കാൻ. 

എൻജിനീയറിങ്, മെഡിസിൻ സ്ട്രീമുകൾക്കു പുറമേ ഐടിഐ, കെജിസിഇ, പോളിടെക്നിക് കോഴ്സുകൾക്കും ജോലി സാധ്യതയുണ്ട്. നോൺ എൻജിനീയറിങ് കോഴ്സുകളായ ഡ്രസ് മേക്കിങ്, ഫൊട്ടോഗ്രഫി തുടങ്ങിയവയ്ക്കും ഇപ്പോൾ ഡിമാൻഡ് കൂടുന്നുണ്ട്. കേന്ദ്ര സർവകലാശാലകളുടെ പ്രവേശന പരീക്ഷകൾ കഴിഞ്ഞതിനാൽ ഇനി പ്രവേശനം നേടുന്നവർ അതത് കോളജിനെക്കുറിച്ചും നന്നായി പഠിക്കണം.

കാലാവസ്ഥ പഠിക്കാമോ?

കാലാവസ്ഥാ ശാസ്ത്രം, ക്ലൈമറ്റ് സയൻസ്, അന്തരീക്ഷ ഭൗതികം തുടങ്ങിയവ അറ്റ്മോസ്ഫറിക് സയൻസിന്റെ ഉപവിഭാഗങ്ങളാണ്. ഇവ പഠിക്കാൻ താൽപര്യമുള്ളവർക്ക് ബിഎസ്​സി, ബിടെക് കോഴ്സുകളുണ്ട്.തുടർപഠന സാധ്യതകളുമുള്ള കോഴ്സാണിത്. കേരളത്തിൽ കുസാറ്റ്, കുഫോസ്, കാർഷിക സർ‍വകലാശാല, കോളജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് എന്നിവിടങ്ങളിൽ ഈ കോഴ്സുകൾ പഠിക്കാം.‌ കാർഷിക സർവകലാശാലയിൽ മാത്രമേ ബിരുദ കോഴ്സുള്ളൂ. ബാക്കിയുള്ളിടത്തെല്ലാം പിജി, പിജി ഡിപ്ലോമ കോഴ്സുകളാണ്. 

ഡേറ്റാ അനലിസ്റ്റ്

വിവരസാങ്കേതിക വിദ്യ അനുദിനം വളരുന്നതിനാൽ‍ ഡേറ്റാ സയൻസ് കോഴ്സിനും ഡിമാൻഡ് കൂടുകയാണ്. വരും കാലങ്ങളിൽ ഡേറ്റാ അനലിസ്റ്റ്, വിതരണം എന്നിവയിലുള്ള ജോലി സാധ്യതയും കൂടും. പിജി, പിജി ഡിപ്ലോമ കോഴ്സുകൾ കൂടിയുള്ളതിനാൽ തുടർ പഠന സാധ്യതകളും വിഷയത്തിനുണ്ട്. ഐഐടി മദ്രാസ് ഓൺലൈനായി ബിഎസ്​സി പ്രോഗ്രാമിങ് ആൻഡ് ഡേറ്റാ സയൻസ് കോഴ്സ് നടത്തുന്നുണ്ട്. കേരളത്തിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തുന്ന എംഎസ്​സി, തുടർപഠനം ആഗ്രഹിക്കുന്നവർക്കു മികച്ച ഓപ്ഷനാണ്. 

രാജ്യങ്ങളെക്കുറിച്ച് പഠിക്കാം

രാജ്യങ്ങൾ തമ്മിലുള്ള ബന്ധം, സഹകരണം, രാജ്യാന്തര സംഘടനകളുടെ പ്രവർത്തനം, യുദ്ധം, പരിസ്ഥിതിപ്രശ്നങ്ങൾ‍ തുടങ്ങി ആഗോളതതലത്തിൽ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള പഠനമാണ് ഇന്റർനാഷനൽ റിലേഷൻസ്. നന്നായി പഠിച്ചു പൂർത്തിയാക്കുന്നവർക്ക് സർക്കാർ‍ മേഖലയിൽ മികച്ച അവസരങ്ങളുണ്ട്. ബിരുദാനന്തര തലത്തിലാണ് കൂടുതൽ അവസരം. കേരളത്തിൽ കാസർകോട് കേന്ദ്ര സർവകലാശാലയിൽ ബിരുദ കോഴ്സുണ്ട്.

ഡിമാൻഡും ജോലി സാധ്യതയും

ഇവയ്ക്കു പുറമേയുള്ള മറ്റ് ആർട്സ്, സയൻസ് ബിരുദ വിഷയങ്ങൾക്കും ഡിമാൻഡിനൊപ്പം ജോലി സാധ്യതയും കൂടുന്നുണ്ട്. മാത്​സ്, കെമിസ്ട്രി, ബയോളജി, ബികോം, ജിയോളജി, സൈക്കോളജി, ഫിലോസഫി, പബ്ലിക് ഹെൽത്ത്, ഫൊറൻസിക്, ക്രിമിനോളജി തുടങ്ങിയ വിഷയങ്ങൾ ഇപ്പോഴും ഇഷ്ടവിഷയങ്ങൾ തന്നെ. ഫാഷൻ ഡിസൈനിങ്, ചിത്രകല, സംഗീതം, കല തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയാണ്. മികച്ച സ്ഥാപനം, അധ്യാപകർ ആരൊക്കെ, പ്ലേസ്മെന്റ് സൗകര്യങ്ങൾ ഇവകൂടി നോക്കിവേണം കോഴ്സുകൾ തിരഞ്ഞെടുക്കാൻ.

മലയാളം പഠിച്ചാൽ അധ്യാപനം മാത്രമോ?

അല്ലെന്നാണുത്തരം. ഗവേഷണം, മാധ്യമ പ്രവർത്തനം, പ്രസാധനം എന്നിങ്ങനെ ഒട്ടേറെ മേഖലകളിൽ ഭാഷാ ബിരുദധാരികൾക്കു സാധ്യതയുണ്ട്. വിദേശ ഭാഷാ പഠനവും ചെറുതായി കാണേണ്ട. ട്രാൻസിലേറ്റർമാരായാൽ ശമ്പളവും ഉയരും. കംപ്യൂട്ടർ സയൻസിൽ താൽ‍പര്യമുള്ളവർക്ക് കംപ്യൂട്ടേഷനൽ ലിംഗ്വിസ്റ്റിക്സ് മേഖലകളിലേക്കു തിരിയാം. സർക്കാർ–എയ്ഡഡ് കോളജുകളിൽ ഭാഷാപഠനത്തിനു ചേരാം.

അൽപം രുചിയുള്ള പഠനം

ബിടെക്, എംടെക് മാത്രമല്ല, ഫുഡ് ടെക്നോളജിയെക്കുറിച്ചു പഠിക്കാൻ ബിരുദവുമുണ്ട്. ഫുഡ് സയൻസ്, ഫുഡ് പ്രോസസിങ് തുടങ്ങിയവ പഠിച്ചാൽ ഫുഡ് റിസർച് ലാബുകൾ, വൻകിട ഹോട്ടലുകൾ, ആശുപത്രികൾ, സോഫ്റ്റ് ഡ്രിങ്ക് ഉൽപാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെല്ലാം മികച്ച അവസരങ്ങൾ ലഭിക്കും. കേരളത്തിൽ കാലിക്കറ്റിലും കുഫോസിലും പിജി കോഴ്സുണ്ട്. കോന്നിയിലെ കോളജ് ഓഫ് ഇൻഡിജനസ് ഫുഡ് ആൻഡ് ടെക്നോളജിയിൽ ബിഎസ്​സി,എംഎസ്​സി കോഴ്സുകളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com