കാറും സ്കൂട്ടറും പോയശേഷം ടാറിങ് പൊട്ടിക്കീറി വലിയ കുഴി; രക്ഷിച്ചത് തട്ടുകടയിലെ സ്റ്റൂളുകൾ

SHARE

മാന്നാർ ∙ പരുമല പാലത്തിന്റെ സമീപന പാതയിൽ കുഴി രൂപപ്പെട്ടു വൻദുരന്തമുണ്ടാകാതെ നാടിനെ രക്ഷിച്ചത് മണിയിക്കയുടെ തട്ടുകടയിലെ സ്റ്റൂളുകൾ. പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പരുമല പാലത്തിന്റെ കിഴക്കു വടക്കു ഭാഗത്താണ് രണ്ടാളിലധികം ആഴമുള്ള കുഴി ടാറിങ് പൊട്ടിയുണ്ടായത്. ഈ കുഴിയോടു ചേർന്ന പാതയോരത്താണ് മാന്നാർ ഓടാട്ടു കിഴക്കേതിൽ കെ.എം.മുസ്തഫയുടെ (മണിയിക്ക– 70) തട്ടുകട. 

alappuzha-pit
1- അടി....തെറ്റിയാൽ പൊലീസും....... പരുമല പാലത്തിന്റെ സമീപന പാതയിൽ വലിയ കുഴി രൂപപ്പെട്ടതു പരിശോധിക്കുന്നതിനിടയിൽ പുളിക്കീഴ് എസ്ഐ കവിരാജൻ കുഴിയിലേക്കു വീഴാൻ തുടങ്ങിയപ്പോൾ കോൺക്രീറ്റു തിട്ടയിൽ പിടിച്ചു നിൽക്കുന്നു. 2- മുസ്തഫ

ഒരു ബസ് പോയതിനു പിന്നാലെയാണ് റോഡ് ചെറുതായി താഴ്ന്നു തുടങ്ങിയത്. കാറും സ്കൂട്ടറും കൂടി പോയ ശേഷമാണ് ടാറിങ് പൊട്ടിക്കീറി താഴേക്കു വലിയ കുഴി രൂപപ്പെട്ടത്. തട്ടുകടയിൽ റോഡിന്റെ വശത്തായി അടുക്കി വച്ചിരുന്ന ചുവന്ന പ്ലാസ്റ്റിക് സ്റ്റൂളുകൾ കുഴിക്കു ചുറ്റും നിരത്തി കവചം തീർത്താണ് നാടിനും യാത്രക്കാർക്കും മണിയിക്ക സുരക്ഷയൊരുക്കിയത്. ഏറെ സമയം കഴിഞ്ഞാണ് കുഴി രൂപപ്പെട്ട വാർത്ത പരന്നത്.

സമീപനപാത ഇടിഞ്ഞ് റോഡിൽ വൻഗർത്തം; മണിക്കൂറുകൾക്കുള്ളിൽ പരിഹാരം

പരുമല (പത്തനംതിട്ട) ∙ ചെങ്ങന്നൂർ - മാന്നാർ റോഡിലെ പരുമല പാലത്തിന്റെ സമീപനപാത ഇടിഞ്ഞുതാണു. മണിക്കൂറുകൾക്കുള്ളിൽ തകരാർ പരിഹരിച്ച് മരാമത്ത് വകുപ്പ് അധികൃതർ. ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം. പാലത്തിന്റെ പരുമല ഭാഗത്തെ റോഡിന്റെ ഇടതുഭാഗത്താണ് വലിയ ഗർത്തമുണ്ടായത്. ഒന്നര മീറ്റർ വ്യാസത്തിൽ രണ്ടു മീറ്ററോളം ആഴത്തിലാണ് താഴ്ന്നത്.

സ്വകാര്യ ബസ് കടന്നുപോയി സെക്കന്റുകളുടെ വ്യത്യാസത്തിലാണ് റോഡ് ഇടിഞ്ഞത്. ഉടൻതന്നെ പൊലീസ് എത്തി ഗതാഗതം ഒരുവശത്തു കൂടി മാത്രമായി നിയന്ത്രിച്ചു. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിഞ്ഞ ഭാഗത്തെ മണ്ണ് നീക്കം ചെയ്തശേഷം പാറമക്കിട്ട് ഉറപ്പിക്കുകയായിരുന്നു. 7 മണിയോടെ പണി പൂർത്തിയാക്കി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി.

തഹസിൽദാർ പി.ജോൺ വർഗീസ്, പിഡബ്ല്യുഡി അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.എസ്.സുഭാഷ് കുമാർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. റോഡ് 6 വർഷം മുൻപ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തിയതാണ്. ജലവിതരണ പൈപ്പ് ഇടുന്നതിനായി ഈയിടെ കുഴിച്ചിരുന്നു. ഇതുവഴിയുള്ള പൈപ്പ് ലീക്കായി വെള്ളം ചോർന്നതോടൊപ്പം മണ്ണും ഒലിച്ചു പോയി സംഭവിച്ചതാകാനാണ് സാധ്യതയെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. പാലത്തിനു ബലക്ഷയം സംഭവിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}