കുഴികൾ ‘തലയുയർത്തിത്തന്നെ’; ഹൈക്കോടതി പറഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല

HIGHLIGHTS
  • ദേശീയപാത ഹൈക്കോടതി ഇടപെട്ടിട്ടും കുഴി അടയ്ക്കാൻ പ്രാഥമിക നടപടി പോലുമില്ല
alappuzha-pot-holes
ദേശീയപാതയിൽ കായംകുളം കെപിഎസി ജംക്‌ഷനിലെ അപകടകരമായ കുഴികൾ.
SHARE

ആലപ്പുഴ∙ ദേശീയപാതയിലെ കുഴികൾ അടയ്ക്കാൻ ഹൈക്കോടതി പറഞ്ഞിട്ടും അധികൃതർക്ക് അനക്കമില്ല. ജില്ലയിലൂടെ ദേശീയ പാത കടന്നു പോകുന്ന  ഭാഗങ്ങളിലെ കുഴികൾ ഇപ്പോഴും ‘തലയുയർത്തിത്തന്നെ’ നി‍ൽക്കുകയാണ്. ചുരുക്കം ചില ഭാഗങ്ങളിൽ താൽക്കാലികമായി കുഴികൾ അടച്ചെങ്കിലും ഭൂരിഭാഗം ഇടങ്ങളിലും കുഴി അടയ്ക്കാനുള്ള പ്രാഥമിക നടപടി  പോലും  സ്വീകരിച്ചിട്ടില്ല. ദേശീയപാതയിൽ അരൂർ‌ മുതൽ കുത്തിയതോട് വരെ  ഉണ്ടായ കുഴികൾ കഴിഞ്ഞ മാസമാണ് ദേശീയപാത അതോറിറ്റി അടച്ചത്.

എന്നാൽ മഴ കനത്തതോടെ കുഴികളെല്ലാം പൂർവാധികം ശക്തിയോടെ തിരിച്ചെത്തി. മഴ മാറിയാൽ കുഴികൾ അടയ്ക്കാമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മഴ മാറിയിട്ടു മൂന്നു ദിവസം കഴിയുമ്പോഴും കുഴിയടയ്ക്കാൻ പ്രാരംഭ നടപടി പോലും ആരംഭിച്ചിട്ടില്ല.ചന്തിരൂരിന് സമീപം  കുഴി വലുതായി ഒരടിയോളം ആഴത്തിലായി. ഇവിടെ രാത്രി ഇരുചക്രവാഹന യാത്രികർ അപകടത്തിൽപെടുന്നത് പതിവാണ്.

2019 അവസാനമാണ് അരൂർ ഒറ്റപ്പുന്നവരെയുള്ള പാത 36 കോടി രൂപ ചെലവിൽ നവീകരിച്ചത്. പുത്തൻ സാങ്കേതിക വിദ്യയും ഇറക്കുമതി ചെയ്ത യന്ത്ര സാമഗ്രികളും ഉപയോഗിച്ച് ചേർത്തല മുതൽ‌ അരൂർ ബൈപാസ് കവലവരെ ഉള്ള 22 കിലോമീറ്റർ പാതയിലായിരുന്നു നവീകരണം. ജർമനിയിൽ നിന്നുള്ള യന്ത്ര സഹായത്തോടെ പാതയിൽ നിന്നു ടാറിങ് അടർത്തിയെടുത്ത് കോൾഡ് മില്ലിങ് ആൻഡ് റീസൈക്ലിങ് ഇൻ ഹോട്ട് മിക്സ് രീതിയിലായിരുന്നു നിർമാണം.   3 വർഷത്തെ ഗാരന്റിയായിരുന്നു കരാറുകാർ നൽകിയത്. 

കായംകുളത്തും കഷ്ടം

ദേശീയപാത കൊറ്റുകുളങ്ങര–കൃഷ്ണപുരം റോഡിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. ഹരിപ്പാട്–കൃഷ്ണപുരം റൂട്ടിൽ കൊറ്റുകുളങ്ങര വരെ  ഭാഗികമായി അറ്റകുറ്റപ്പണി പൂർത്തിയായിട്ടുണ്ട്. അപകടകരമായ കുഴികളെല്ലാം ഹോട്ട് മിക്സ് ഉപയോഗിച്ച് അടച്ചിട്ടുണ്ട്. ഇതിന് മുകളിൽ ടാറിങ് ജോലി നാളെ പൂർത്തിയാകുമെന്ന് കരാറുകാർ പറഞ്ഞു. എന്നാൽ, കൃഷ്ണപുരം–കൊറ്റുകുളങ്ങര ഭാഗത്തെ പ്രതിസന്ധി  പരിഹരിക്കപ്പെട്ടിട്ടില്ല. കൊറ്റുകുളങ്ങര, ചിറക്കടവം, കെപിഎസി ജംക്‌ഷൻ, കുന്നത്താലുംമൂട് എന്നിവിടങ്ങളിൽ റോഡിന്റെ അവസ്ഥ ശോചനീയമാണ്. ഈ റൂട്ടിലെ അറ്റകുറ്റപ്പണിക്ക് 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെ പണി  തുടങ്ങിയിട്ടില്ല.

അമ്പലപ്പുഴയിലും ആളില്ല

ദേശീയപാത അതോറിറ്റിയുടെ കീഴിലെ കാക്കാഴം മേൽപാലത്തിലെയും പുന്നപ്ര മിൽമ ഡെയറി പ്ലാന്റിനു മുൻവശത്തെയും കുഴികളെ അധികൃതർ ഏറെക്കുറെ ഉപേക്ഷിച്ച മട്ടാണ്. മേൽപാലത്തിന് മുകളിലെ കുഴികൾ ഇതിനോടകം 7 തവണ അടച്ചതാണ്. എന്നിട്ടും ഫലമില്ല. മിൽമ പ്ലാന്റിന് സമീപത്തെ കുഴി ഇരുചക്ര വാഹനയാത്രക്കാർക്കു ഭീഷണിയാണ്. 

ആലപ്പുഴയിലും കുഴി തുറന്നുതന്നെ

ആലപ്പുഴ നഗരത്തിൽ ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ പലതും മൂടിയില്ല. കളർകോട് ബൈപാസ് ജംക്‌ഷനിലെ കുഴി മൂടിയ ശേഷവും രൂപപ്പെട്ടു. എസ്ഡി കോളജിന് മുൻവശം ബൈപാസിലേക്ക് കയറുന്ന ഇടറോഡിൽ വെള്ളക്കെട്ട്  മാറിയപ്പോൾ കുഴി കാണാം. ചങ്ങനാശേരി ജംക്‌ഷനിൽ സിഗ്നൽ പോയിന്റിന് സമീപം ഉണ്ടായിരുന്ന കുഴിയും മൂടിയില്ല.

തിരുവമ്പാടി, ജനറൽ ആശുപത്രി, ശവക്കോട്ടപാലം, കലക്ടറേറ്റ് ജംക്‌ഷനുകളിൽ ടൈലുകൾ ഇളകി ഉണ്ടായ കുഴിയും  അടച്ചില്ല. കൊങ്കണി ചുടുകാട് മുതൽ വലിയ ചുടുകാട് ജംക്‌ഷൻ വരെയും കളർകോട് ചങ്ങനാശേരി ജംക്‌ഷൻ മുതൽ എസ്ഡി കോളജ് വരെയും ടാർ ചെയ്ത ഭാഗം റോഡിന്റെ കിഴക്കു വശത്തേക്ക് ഉയർന്നു നിൽക്കുന്നു .ഇത്  അപകടങ്ങൾക്ക് കാരണമാകുന്നു.

ഹരിപ്പാടിന് ആശ്വാസം

ദേശീയപാതയിൽ ഹരിപ്പാട് ഭാഗത്ത് കുഴികൾ അടച്ചു. മിനുസമുള്ള റോഡിൽ അപകടങ്ങൾ പതിവായ സാഹചര്യത്തിൽ  നവീകരണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് കുഴികൾ അടച്ചത്. ആദ്യ ഘട്ടത്തിൽ മാധവ ജംക്‌ഷൻ മുതൽ കരീലക്കുളങ്ങര വരെ കുഴികൾ അടയ്ക്കുകയും രണ്ടാം ഘട്ടത്തിൽ മാധവ ജംക്‌ഷൻ മുതൽ നങ്ങ്യാർകുളങ്ങര കവല വരെ റോഡിന്റെ അപകടകരമായ മിനുസമുള്ള അവസ്ഥ മാറ്റുകയും ചെയ്തു.

ഓഫിസുകൾ കൂട്ടത്തോടെ അടച്ചുപൂട്ടി

ജില്ലയിലെ 95 കിലോ മീറ്റർ വരുന്ന ദേശീയപാത പരിപാലിച്ചിരുന്ന പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗം ഓഫിസുകൾ കൂട്ടത്തോടെ അടച്ചുപൂട്ടിയത് ദേശീയപാത വികസനത്തെയും കുഴിയടയ്ക്കൽ പോലുള്ള അറ്റകുറ്റപ്പണികളെയും ബാധിച്ചേക്കും. ദേശീയപാതയുടെ നവീകരണം ദേശീയപാത അതോറിറ്റിക്ക് കൈമാറിയതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിന്റെ ജില്ലയിലെ ഡിവിഷൻ ഓഫിസ് അടക്കം 7 ഓഫിസുകൾ അടച്ച് പൂട്ടിയത്.

റോഡിന്റെ ചുമതല ദേശീയപാത അതോറിറ്റി ഏറ്റെടുത്തതോടെയാണ് പൊതുമരാമത്ത് വകുപ്പിന്റെ ദേശീയപാത വിഭാഗത്തിന് ജോലി ഇല്ലാതായത്. തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ ഓഫിസുകൾ അടച്ച് പൂട്ടിയത്. ജില്ലയിൽ എക്സിക്യൂട്ടീവ് എൻജിനീയർ ഉൾപ്പെടെ 70 ജീവനക്കാരാണ് പല ഓഫിസുകളിലായി ജോലി ചെയ്തിരുന്നത്. ദേശീയപാതയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പിന്റെ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും 5 ഓവർസീയർമാരും മാത്രമാണ് ജില്ലയിലുള്ളത്.

ദേശീയപാത ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ മൂല്യനിർണയം മാത്രമാണ് ഇവർ നടത്തുന്നത്. റോഡിന്റെ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇടപെടാൻ ഇവർക്ക് വകുപ്പില്ല. പാലക്കാട്, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിങ്ങനെ പ്രൊജക്ട് ഡയറക്ടറുടെ കാര്യാലയങ്ങളും തിരുവനന്തപുരത്ത് ഒരു റീജനൽ ഓഫിസും മാത്രമാണ് ദേശീയപാത അതോറിറ്റിക്കുള്ളത്. ജില്ലാ അടിസ്ഥാനത്തിൽ ദേശീയപാത അതോറിറ്റിക്ക് നിലവിൽ ഓഫിസുകളില്ല. നിർമാണ പ്രവർത്തനങ്ങൾക്കുള്ള രൂപരേഖ തയാറാക്കൽ മുതൽ കൺസൽറ്റൻസികളെയാണ് ഏൽപിക്കുന്നത്.

തിരുവനന്തപുരം പ്രൊജക്ട് ഡയറക്ടറുടെ കീഴിലാണ് ആലപ്പുഴ ജില്ല . ജില്ലാ അടിസ്ഥാനത്തിൽ ഓഫിസുകൾ ഇല്ലാത്തത് നിർമാണ പ്രവൃത്തികളുടെ ഏകോപനം ഉൾപ്പെടെ പല കാര്യത്തിലും ബുദ്ധിമുട്ട് സൃഷ്ടിക്കാൻ ഇടയുണ്ട്. മാത്രമല്ല കരാറുകാർ അവർക്ക് തോന്നും പോലെ പ്രവർത്തിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇതോടെ ദേശീയപാതയിലെ കുഴികളുടെ എണ്ണം വീണ്ടും പെരുകാനാണ് സാധ്യത.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}