ADVERTISEMENT

ആലപ്പുഴ ∙ കുമാരപുരം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 2 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. ചൊവ്വാഴ്ച ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ക്രമക്കേട് നടന്ന ശാഖയുടെ ചുമതലയുള്ള സുജിത്ത്, കാഷ്യർ സി.മധു എന്നിവർക്കെതിരെയാണ് നടപടി. മധു സി പി എം ലോക്കൽ കമ്മിറ്റിയംഗവുമാണ്. അതേസമയം, ക്രമക്കേട് പുറത്തുവന്നപ്പോൾ 14.7 ലക്ഷം രൂപ തിരിച്ചടച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ജീവനക്കാരനെതിരെ നടപടിയില്ല. 

സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ ക്രമക്കേടുകൾ ഓരോന്നായി കണ്ടെത്തിയ മുറയ്ക്ക് പണം തിരിച്ചടച്ച് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ഈ ജീവനക്കാരൻ ശ്രമിച്ചെന്ന് ആക്ഷേപമുണ്ടായിരുന്നു. തിരിച്ചടയ്ക്കാനുള്ള പണം ഇതേ ബാങ്കിൽ നിന്നു തന്നെ വായ്പയായി നൽകിയെന്ന വിമർശനം സി പി എം ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. a ജില്ലാ നേതൃത്വത്തിന്റെ സമ്മർദം കാരണമാണ് ഇപ്പോഴത്തെ നടപടിയെന്ന് അറിയുന്നു. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. സത്യപാലനാണ് ബാങ്ക് പ്രസിഡന്റ്.

ജില്ലാ സെക്രട്ടേറിയറ്റ് നടപടിയെ വിമർശിച്ച് സിപിഎം ഏരിയ കമ്മിറ്റി 

ഇന്നലെ ചേർന്ന സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി യോഗത്തിനിടെ  ബാങ്ക് വിഷയത്തിൽ ജില്ലാ സെക്രട്ടേറിയറ്റിനെതിരെ വിമർശനം. ക്രമക്കേട് അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് കമ്മിഷനെ നിയോഗിച്ചതിനെയാണ് ഒരു വിഭാഗം അംഗങ്ങൾ വിമർശിച്ചത്.സത്യപാലൻ നിരപരാധിത്വം വിശദീകരിക്കാനും ‘പാർട്ടിയിലെ ഒറ്റുകാർക്കെതിരെ’ നിലപാടെടുക്കാനും ഏരിയ കമ്മിറ്റി തീരുമാനിച്ചു.അതേസമയം, പാർട്ടി കമ്മിഷന്റെ അന്വേഷണം തുടങ്ങുന്നതിനു മുൻപേ ജീവനക്കാരെ സസ്പെൻഡ് ചെയ്തതിനെ ചിലർ ചോദ്യം ചെയ്തു.

ബാങ്ക് വിഷയത്തിൽ, പരാതി നൽകിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് സത്യപാലൻ യോഗത്തിൽ സൂചിപ്പിച്ചു. 13 ന് കുമാരപുരം സൗത്ത് ലോക്കൽ കമ്മിറ്റി ജനറൽ ബോഡി ചേരാൻ കത്തയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ ഘടകങ്ങളെയും മറ്റും വിളിച്ചു ചേർത്ത് കാര്യങ്ങൾ വിശദീകരിക്കാനാണ് തീരുമാനം. നേരത്തെ തന്നെ പാർട്ടിയിൽ വിഭാഗീയത നിലനിൽക്കുന്ന മേഖലയിൽ കുമാരപുരം ബാങ്കിലെ ക്രമക്കേട് പ്രശ്നം, സ്ഥിതി വഷളാക്കിയിട്ടുണ്ട്.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com