ചെങ്ങന്നൂർ ∙ ‘കഴിഞ്ഞ കൊല്ലം പല തവണയാണു ക്യാംപിൽ അഭയം തേടേണ്ടി വന്നത്. ഇക്കുറിയും മാറ്റമൊന്നുമുണ്ടായില്ല. മഴ കനത്തു തുടങ്ങിയപ്പോഴേ വീട്ടിൽ വെള്ളം കയറി. 10 ദിവസമായി ക്യാംപിലായിരുന്നു. ഇന്നലെയാണു വീട്ടിലെത്തിയത്. എല്ലാ മഴക്കാലവും ഞങ്ങൾക്ക് ഇങ്ങനെ തന്നെ’. വെള്ളപ്പൊക്കത്തിൽ താറുമാറായ വീടും പരിസരവും വൃത്തിയാക്കുന്ന തിരക്കിലായിരുന്നു തിരുവൻവണ്ടൂർ നന്നാട് അമ്മേത്ത് പള്ളത്ത് എ.കെ.സുനിതാകുമാരിയും ഭർത്താവ് എസ്.സുമേഷ്കുമാറും. വരട്ടാർ കരകവിയുമ്പോഴെല്ലാം പ്രദേശത്തെ വീടുകളിൽ വെള്ളം കയറും. എട്ടോളം വീട്ടുകാരുടെ സ്ഥിതി ഇതുതന്നെയാണ്. കിണർ മുങ്ങിയതോടെ കുടിവെള്ളത്തിനു കുപ്പിവെള്ളമാണ് ഇവരുടെ ആശ്രയം.

തിരുവൻവണ്ടൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശത്താണു സുനിതയുടെ വീട്. ആലപ്പുഴയിൽ ഹൗസ്ബോട്ട് ഡ്രൈവറാണു സുമേഷ്. 3 മക്കളുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നൽകിയ 6 സെന്റ് സ്ഥലത്തെ ഷെഡിലാണു താമസം. സ്വകാര്യ ധനകാര്യ സ്ഥാപനം ഇവർക്കായി വീടു നിർമിച്ചു നൽകുന്നുണ്ട്. പണി പൂർത്തിയായിട്ടില്ല. ചെങ്ങന്നൂർ മേഖലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ മിക്കവരുടെയും സ്ഥിതി ഇങ്ങനെയൊക്കെ തന്നെയാണ്. ദിവസവേതനക്കാരാണ് ഏറെയും. വീടുകളിലേക്കു മടങ്ങിയെത്തുമ്പോൾ ഇവരെ കാത്തിരിക്കുന്നതു ദുരിതമാണ്. നിലവിൽ 7 ക്യാംപുകൾ മാത്രമേ താലൂക്കിൽ പ്രവർത്തിക്കുന്നുള്ളൂ.
പമ്പാതീരം ഇടിയുന്നതു ഭീഷണി
പാണ്ടനാട്ടുകാരെ ഭീതിയിലാഴ്ത്തി പമ്പാതീരം ഇടിയുന്നതു തുടരുന്നു. പാണ്ടനാട് നോർത്ത് പോസ്റ്റ് ഓഫിസിനു സമീപം പള്ളത്ത് റോഡ് അപകടാവസ്ഥയിലായി. പമ്പയാറിനോടു ചേർന്നുള്ള റോഡിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു താഴ്ന്നു. 7 കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തേക്കുള്ള ഏകവഴിയാണിത്. സംരക്ഷണഭിത്തി നിർമിക്കാൻ ഇറിഗേഷൻ വകുപ്പ് മുൻപ് എസ്റ്റിമേറ്റ് എടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല.