ADVERTISEMENT

ചേർത്തല ∙ രണ്ടുജില്ലക്കാരാണെങ്കിലും കഞ്ഞിക്കുഴി മുട്ടത്തിപ്പറമ്പ് സ്വദേശിയായ ചെത്തുതൊഴിലാളി രാജ് നിവാസിൽ രാജേന്ദ്രനും കോട്ടയം ജില്ലയിലെ സ്വകാര്യ കെട്ടിടനിർമാണ കമ്പനിയിലെ സൈറ്റ് സൂപ്പർവൈസർ വെച്ചൂർ പുതുത്തറ അഭിലാഷും ഒരേ ദുരിതം അനുഭവിക്കുന്നവരാണ്. തണ്ണീർമുക്കം ബണ്ടിലൂടെയാണ് ഇരുവരുടെയും ദിവസേനയുള്ള യാത്ര. കുഴിയിൽ വീഴാതെ കടന്നുപോകുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ് ഇരുവരും പറയുന്നത്.

ജനപ്രതിനിധികളോടും പൊതുമരാമത്ത് വകുപ്പ് ജീവനക്കാരോടും ഇവർക്ക് പറയാനുള്ളത്, ബണ്ടിലൂടെ സുരക്ഷിതമായി യാത്രചെയ്യാനുള്ള അവസരമുണ്ടാക്കണമെന്നാണ്. തണ്ണീർമുക്കം ബണ്ടുവഴി മാസങ്ങളായി യാത്രചെയ്യുന്ന ആയിരക്കണക്കിന് യാത്രക്കാരുടെ ആവശ്യവും ഇതുതന്നെ. തണ്ണീർമുക്കം ബണ്ടിൽ ചെറുതും വലുതുമായ മൂന്നൂറോളം കുഴികളുണ്ട്. മുഹമ്മ മുതൽ തണ്ണീർമുക്കം ബണ്ടിന്റെ കിഴക്കുഭാഗം വരെയുള്ള 10.68  കിലോമീറ്റർ 8.5 കോടി മുടക്കി കഴിഞ്ഞ ഡിസംബറിലാണു പുനർനിർമിച്ചത്.

റോഡ് പുനർനിർമിച്ചപ്പോൾ മഴവെള്ളം ഒഴുകിപ്പോകാനുള്ള കാന നിർമിക്കാത്തതാണു പ്രധാനമായും തണ്ണീർമുക്കം ബണ്ടിൽ കുഴികളുണ്ടാകാനുള്ള കാരണമെന്നാണു വിലയിരുത്തൽ. പുളിച്ചുവട്, സ്കൂൾ കവലയ്ക്ക് സമീപം, ശങ്കർ ജംക്‌ഷൻ തുടങ്ങിയ സ്ഥലങ്ങളിലും അപകടകരമായ കുഴികളുണ്ട്. മഴ‌വെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടസാധ്യതയേറെയാണ്. 

കുഴികൾ ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കും: മന്ത്രി പ്രസാദ്

തണ്ണീർമുക്കം ബണ്ടിലെ കുഴികൾ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിച്ചിരുന്നു. കുഴിയടയ്ക്കൽ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ബണ്ടിലെയും മറ്റു റോഡുകളിലെയും കുഴികൾ പൂർണമായും അടയ്ക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും മണ്ഡലത്തിലെ എംഎൽഎ കൂടിയായ മന്ത്രി പി.പ്രസാദ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com