ADVERTISEMENT

ആലപ്പുഴ ∙ എസി റോഡിൽ ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ സംഘർഷമുണ്ടായ കേസിൽ യാത്രക്കാരനെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയിലെ 6 ജീവനക്കാരെയും അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചൊവ്വാഴ്ച രാത്രി 9നു നടന്ന സംഭവത്തിൽ മർദനമേറ്റ യാത്രക്കാരൻ ഗിരീഷ്കുമാർ പിള്ളയുടെ ഭാര്യ നൽകിയ പരാതിയിലും ഊരാളുങ്കൽ ജീവനക്കാർ നൽകിയ പരാതിയിലുമാണ് നെടുമുടി പൊലീസിന്റെ നടപടി. 

സംഘം ചേർന്ന് ആക്രമിക്കൽ, വാഹനം തല്ലിത്തകർക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണു കരാർ കമ്പനി ജീവനക്കാർക്കെതിരെ കേസെടുത്തത്. ജോലി തടസ്സപ്പെടുത്തൽ, അസഭ്യം പറയൽ എന്നിവയ്ക്കാണ് യാത്രക്കാരനെതിരായ കേസ്.ഗിരീഷ്കുമാർ പിള്ളയെ സ്ഥലത്തെത്തിച്ച് തെളിവെടുക്കുകയും സാക്ഷിമൊഴികൾ രേഖപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ചങ്ങനാശേരി സ്വദേശിയായ ഗിരീഷ്കുമാർ പിള്ള, ചൊവ്വാഴ്ച ഗതാഗതനിയന്ത്രണം ഉണ്ടായിരുന്ന സമയത്ത് ബന്ധുവീട്ടിൽനിന്ന് എസി റോഡ് വഴി മടങ്ങുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം. മർദനത്തിൽ പരുക്കേറ്റ ഗിരീഷ്കുമാർ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. തകരാർ സംഭവിച്ച കാർ കഴിഞ്ഞദിവസം പരിശോധനയ്ക്ക് നെടുമുടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഇതു മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷം ചൊവ്വാഴ്ച ഉടമയ്ക്കു വിട്ടുനൽകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com