ADVERTISEMENT

എടത്വ ∙ വെള്ളപ്പൊക്കം ദുരിതം വിതച്ച ക്ഷീരകർഷകർക്ക് ഇരുട്ടടിയായി കാലിത്തീറ്റയുടെ വിലവർധന. മഴയിലും വെള്ളത്തിലും വൈക്കോൽ നഷ്ടമായതിനൊപ്പം തീറ്റപ്പുല്ലിന് ക്ഷാമവും നേരിടുന്നതോടെ കർഷകർ പ്രതിസന്ധിയിലായി. വെള്ളപ്പൊക്കം കൂടുതലായി ബാധിച്ചത് തെന്നടി, നടുവിലേമുറി, തായങ്കരി, കണ്ടങ്കരി, ചമ്പക്കുളം, പടഹാരം, പാണ്ടങ്കരി, ചക്കുളം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ക്ഷീരസംഘങ്ങളെയാണ്.

 കാലിത്തീറ്റയ്ക്ക് വിലകൂടി

50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് ഒരുമാസം മുൻപ് 1250 രൂപയായിരുന്നത് ഇപ്പോൾ 1370 രൂപയായി ഉയർന്നു. പൊതുവിപണിയിൽ കാലിത്തീറ്റയ്ക്ക് 1370 രൂപ വാങ്ങുമ്പോൾ സർക്കാർ നൽകുന്ന മിൽമ തീറ്റയ്ക്കും 1370 രൂപ തന്നെയാണ്. മുൻപ് സബ്സിഡി നൽകിയാണ് കാലിത്തീറ്റ വിതരണം ചെയ്തിരുന്നത്.

ഇപ്പോൾ മറ്റു മിൽമ ഉൽപന്നങ്ങൾ വാങ്ങാനുള്ള കൂപ്പൺ ആണു നൽകുന്നത്. കർഷകൻ 1370 രൂപ നൽകി ഒരു ചാക്ക് മിൽമ കാലിത്തീറ്റ വാങ്ങുമ്പോൾ 100 രൂപയുടെ ഒരു കൂപ്പൺ ലഭിക്കും. പിന്നീട് അതുപയോഗിച്ച് മിൽമയുടെ ഉൽപന്നങ്ങൾ വാങ്ങാം. മാസത്തിൽ അഞ്ചും എട്ടും ചാക്ക് വാങ്ങുന്ന സാധാരണക്കാരായ കർഷകർക്ക് കൂപ്പൺ നൽകുന്നത് ഗുണം ചെയ്യുന്നില്ലെന്നും വില കുറച്ച് കാലിത്തീറ്റ നൽകുകയുമാണ് വേണ്ടതെന്നും കർഷകർ പറയുന്നു.

 കൂടുതൽ നഷ്ടം, കണക്കെടുത്തിട്ടില്ല

ക്ഷീര സംഘത്തിൽ പാൽ അളക്കുന്ന കർഷകരെ കൂടാതെ ഉപജീവനത്തിനായി കന്നുകാലികളെ വളർത്തുന്ന ഒട്ടേറെപ്പേരുണ്ട്. ഇവരുടെ നഷ്ടം കണക്കാക്കിയിട്ടില്ല. ഇത്തരം ആളുകൾ പരാതി നൽകാത്തതാണ് കാരണം.

 തീറ്റപ്പുൽ നശിച്ചു

ദിവസങ്ങളോളം വെള്ളം ഇറങ്ങാതെ കിടന്നതിനാൽ തീറ്റപ്പുൽ നശിച്ചു. ആകെയുള്ള ആശ്വാസം തരിശുനിലങ്ങളിൽ നിന്നു ലഭിക്കുന്ന കടകലും പുല്ലും ആണ്. ഇത് ഒരു ദിവസം ചെത്തി എടുക്കാൻ 1000 രൂപ കൂലി നൽകണം. കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വൈക്കോൽ, പുല്ല് എന്നിവ നഷ്ടമായപ്പോൾ സർക്കാർ വൈക്കോലും തീറ്റപ്പുല്ലും എത്തിച്ചു നൽകിയിരുന്നു. സൗജന്യമായി കാലിത്തീറ്റയും നൽകി.

 ഇൻഷുറൻസിനായി നെട്ടോട്ടം

2018ലെ പ്രളയത്തിൽ കന്നുകാലികൾ, വൈക്കോൽ, കാലിത്തൊഴുത്ത് എന്നിവ നഷ്ടമായ ക്ഷീരകർഷകരിൽ പലർക്കും ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചിട്ടില്ല. ഓരോ തവണ വെള്ളപ്പൊക്കം കഴിയുമ്പോഴും ഇൻഷുറൻസ് പരിരക്ഷയ്ക്കായി കർഷകർ നെട്ടോട്ടമോടുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com