ADVERTISEMENT

ആലപ്പുഴ ∙ ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന് പൊലീസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ ഡ്രസ് റിഹേഴ്സലും നടന്നു. റിക്രിയേഷൻ ഗ്രൗണ്ടിലാണ് ചടങ്ങുകൾ. രാവിലെ 9ന് മന്ത്രി പി. പ്രസാദ് ദേശീയപതാക ഉയർത്തും.ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ, ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്, എഎസ്പി ആർ.ഡി.അജിത്, ഡപ്യൂട്ടി കമൻഡാന്റ് വി. സുരേഷ് ബാബു, ഡിവൈഎസ്പിമാർ തുടങ്ങിയവർ പങ്കെടുക്കും. പരേഡ് ചടങ്ങുകൾക്കായി സേനാംഗങ്ങളും മറ്റും 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.48ന് പരേഡ് കമാൻഡർ ചുമതലയേൽക്കും. 8.52ന് ജില്ലാ പൊലീസ് മേധാവിയും 8.55ന് കലക്ടറും 8.59ന് മന്ത്രിയും പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. 9നു മന്ത്രി ദേശീയപതാക ഉയർത്തിയ ശേഷം സന്ദേശം നൽകും.

ജില്ലാ ആംഡ് റിസർവ് പൊലീസ്, ലോക്കൽ പൊലീസ്, വനിതാ പൊലീസ്, എക്സൈസ്, എസ്പിസി, എൻസിസി, സ്കൗട്ട്, റെഡ് ക്രോസ് തുടങ്ങി 18 പ്ലാറ്റൂണുകളും 2 ബാൻഡും ഉൾപ്പെടെ 20 പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുന്നത്.  ലജ്നത്ത് സ്കൂളിലെ കുട്ടികളും എംആർഎസ് സ്കൂളിലെ എസ്പിസി കുട്ടികളും ബാൻഡ് സംഘത്തെ നയിക്കും. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് കുമാറാണ് പരേഡ് കമാൻഡർ. മികച്ച പ്ലാറ്റൂണിനും ബാൻഡിനുമുള്ള സമ്മാനങ്ങൾ ചടങ്ങിൽ നൽകും. ഡപ്യൂട്ടി കമൻഡാന്റ് വി.സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ പരേഡ് റിഹേഴ്സൽ നടത്തി.

ഹൗസ്ബോട്ടുകളിലും ശിക്കാരകളിലും ദേശീയപതാക

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷമാക്കി ജില്ല. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും വീടുകളിലും ഇന്നലെ രാവിലെ ദേശീയപതാക ഉയർത്തി. ജില്ലയിലെ ഹൗസ്ബോട്ടുകളും ശിക്കാര വള്ളങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. പുന്നമട ഫിനിഷിങ് പോയിന്റിൽ ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജയും ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവും ചേർന്ന് ഹൗസ്ബോട്ടിലും പൊലീസ് സ്പീഡ് ബോട്ടിലും പതാക ഉയർത്തി.

ജില്ലാ ഭരണകൂടവും ഡിടിപിസിയും ഹൗസ്ബോട്ടുകളുടെയും ശിക്കാര വള്ളങ്ങളുടെയും ഉടമകളുടെ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ അറുനൂറോളം ഹൗസ്ബോട്ടുകളിലും ശിക്കാര വള്ളങ്ങളിലും ദേശീയപതാക ഉയർത്തി. ഡിടിപിസി സെക്രട്ടറി ലിജോ ഏബ്രഹാം, ഹൗസ്ബോട്ട്, ശിക്കാര ഓണേഴ്സ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com