ADVERTISEMENT

കുട്ടനാട് ∙ എസി റോഡ് നവീകരണത്തിന്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ സർവീസ് റോഡായി ഉപയോഗിക്കുന്ന ചമ്പക്കുളം–തായങ്കരി റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാർ റോഡ് ഉപരോധിച്ചു.  ഇന്നലെ ഒന്നാങ്കര മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടന്നതിനാൽ വാഹനങ്ങൾ ചമ്പക്കുളം–തായങ്കരി റോഡിലൂടെയും വഴി തിരിച്ചു വിട്ടിരുന്നു. കഴിഞ്ഞ ആഴ്ചയിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ ചെമ്പടി ചക്കങ്കരി പാടശേഖരത്തിൽ മട വീണതോടെയാണു റോഡ് വെള്ളക്കെട്ടിലായത്.

ഭാര വാഹനങ്ങൾ അടക്കം വെള്ളക്കെട്ടുള്ള റോഡിലൂടെ കടത്തി വിട്ടതോടെയാണു നാട്ടുകാരും പാടശേഖര സമിതി ഭാരവാഹികളും ചേർന്നു റോഡ് ഉപരോധിച്ചത്. ഉപരോധ സമയത്ത് അതുവഴി കടന്നുപോയ തോമസ് കെ.തോമസ് എംഎൽഎയോടു നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ എസി റോഡിലെ നിർമാണ കരാർ കമ്പനി അധികൃതരുമായി ബന്ധപ്പെട്ടു വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചതോടെയാണു നാട്ടുകാർ സമരം അവസാനിപ്പിച്ചത്. എസി റോഡ് നിർമാണത്തിലൂടെ ലഭിക്കുന്ന ടാറിങ് അവശിഷ്ടങ്ങൾ അടക്കം നിരത്തി വെള്ളക്കെട്ട് ഒഴിവാക്കാനാണു ലക്ഷ്യമിടുന്നത്.

നിലവിലെ വെള്ളക്കെട്ടിൽ മണ്ണ് ഇറക്കിയാൽ പ്രയോജനം ലഭിക്കുകയില്ലെന്നും ജലനിരപ്പ് താഴ്ന്നശേഷം കൂടുതൽ വെള്ളക്കെട്ടുള്ള ഭാഗത്തു മണ്ണിട്ട് ഉയർത്തുമെന്നും നിർമാണ കമ്പനി അധികൃതർ പറഞ്ഞു. അതേ സമയം ഇന്നു എസി റോഡിൽ മങ്കൊമ്പ് മേൽപാലത്തിന്റെ സ്ലാബ് കോൺക്രീറ്റിങ് നടക്കുന്ന സമയത്തു വെള്ളക്കെട്ടുള്ള ചമ്പക്കുളം–തായങ്കരി റോഡിലൂടെ ഗതാഗതം തിരിച്ചു വിടുന്നത് ഒഴിവാക്കിയിരിക്കുകയാണ്. ഇതോടെ ജനങ്ങൾക്കു കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി തിരുവല്ല–അമ്പലപ്പുഴ റോഡിലൂടെ കടന്നു പോകേണ്ട ഗതികേടിലാണ്.

എടത്വ–ചമ്പക്കുളം റോഡ് സംരക്ഷണ സമിതിയുടെയും ചെമ്പടി ചക്കങ്കരി, ചക്കങ്കരി അറുനൂറ് എന്നീ പാടശേഖര സമിതികളുടെയും നേതൃത്വത്തിലാണു വാഹനങ്ങൾ തടഞ്ഞു റോഡ് ഉപരോധിച്ചത്. റോഡ് സംരക്ഷണ സമിതി പ്രസിഡന്റ് സന്തോഷ് കുമാർ താഴത്തുരുത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിച്ചൻ മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഉഷാ സുഭാഷ്, ജോണിച്ചൻ മണ്ണുപ്പറമ്പിൽ, വിൽസൺ പടൂർ, ജെറിൻ വണ്ടകം, സണ്ണിച്ചൻ പള്ളത്തുശേരി, സലിം കുമാർ എന്നിവർ പ്രസംഗിച്ചു. താൽക്കാലിക പരിഹാരം അടിയന്തരമായി പ്രാവർത്തികമായില്ലങ്കിൽ റോഡ് പൂർണമായും തടഞ്ഞു ശക്തമായ സമരപരിപാടികൾ നടത്തുന്നതാണെന്നു സമര സമിതി പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com