ADVERTISEMENT

ആലപ്പുഴ ∙ 65 വർഷം മുൻപ്, നാട് സ്വാതന്ത്ര്യദിനം ആഘോഷിച്ച് രണ്ടു ദിവസം കഴിഞ്ഞ് ആലപ്പുഴ ജില്ലയുടെ പിറവിയുടെ ഓർമയായി അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് ജില്ലാ കോടതിവളപ്പിലൊരു തെങ്ങിൻതൈ നട്ടു. അതിന്നു വളർന്ന്, കായ്ച്ച് നാലുപാടും ഓലകൾ വിരിച്ചു നിൽക്കുന്നുണ്ട്. ജില്ലയും വളർന്നു, ഇടയ്ക്കു കാറ്റുവീഴ്ചകളുണ്ടായെങ്കിലും. ഇന്ന് ജില്ലയുടെ 65–ാം പിറന്നാളാണ്. അന്നത്തെ ഓഗസ്റ്റ് പതിനേഴും ചിങ്ങം ഒന്നായിരുന്നു. അക്കൊല്ലത്തെ പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി വള്ളംകളി (ഇപ്പോഴത്തെ നെഹ്റു ട്രോഫി ജലോത്സവം) ഓഗസ്റ്റ് 11ന് ആയിരുന്നു. ആലപ്പുഴയ്ക്ക് ആഘോഷങ്ങളുടെ ഓണക്കാലമായിരുന്നു അത്.

സമരങ്ങളിലൂടെയും സമ്മർദങ്ങളിലൂടെയുമായിരുന്നു ജില്ലയുടെ രൂപീകരണം. മന്ത്രിയായിരുന്ന കെ.ആർ.ഗൗരിയമ്മ ജില്ല രൂപീകരിച്ച് ഉത്തരവിൽ ഒപ്പിട്ട് 3 മാസത്തോളം കഴിഞ്ഞായിരുന്നു ഔദ്യോഗിക പ്രഖ്യാപനവും ആഘോഷവും.കെ.പി.രാമചന്ദ്രൻ നായർ ചെയർമാനും എസ്.വീരയ്യ റെഡ്യാർ കൺവീനറും കെ.വേലപ്പൻപിള്ള ജോയിന്റ് കൺവീനറുമായ ആലപ്പുഴ ജില്ലാ ഉദ്ധാരണസമിതിയാണ് ജില്ലാ രൂപീകരണത്തിനായി ശ്രമിച്ചത്. ആദ്യ മന്ത്രിസഭയിൽ അംഗങ്ങളായിരുന്ന ടി.വി.തോമസും കെ.ആർ.ഗൗരിയമ്മയും ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വം ഭരണതലത്തിൽ നടപടികൾ നീക്കി.

തിരുവല്ല താലൂക്കിനെയും ആലപ്പുഴ ജില്ലയോടു ചേർക്കാൻ ഗൗരിയമ്മ ഏറെ ശ്രമിച്ചു. എന്നാൽ, തിരുവല്ലയെ കോട്ടയം ജില്ലയിൽ ചേർക്കണമെന്ന ആവശ്യം തിരുവല്ലയിലും കുട്ടനാടിന്റെ കിഴക്കൻ മേഖലയിലും ശക്തമായിരുന്നു. എങ്കിലും ഗൗരിയമ്മയുടെ നിലപാട് ആ പ്രദേശങ്ങളെ ആലപ്പുഴയിൽ ചേർക്കുന്നതിൽ വിജയം കണ്ടു. പിന്നീട് പത്തനംതിട്ട ജില്ല രൂപീകരിച്ചപ്പോൾ തിരുവല്ലയെ അവിടെ ചേർക്കുകയായിരുന്നു. സാഹിത്യകാരനായിരുന്ന എൻ.പി.ചെല്ലപ്പൻ നായരായിരുന്നു ജില്ലാ രൂപീകരണത്തിന്റെ സ്പെഷൽ ഓഫിസർ. ഇന്നത്തെ ജില്ലാ കോടതിയുടെ ഒരു ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഓഫിസ്. സിവിൽ സ്റ്റേഷൻ രൂപീകരിക്കാൻ സമയം വേണ്ടിവരുമെന്നതിനാൽ അന്നു കലക്ടറുടെ താൽക്കാലിക ഓഫിസ് പ്രവർത്തിച്ചത് വൈഎംസിഎക്കു കിഴക്കുഭാഗത്തെ കെട്ടിടത്തിലാണ്.

കെ.ബി.വാരിയർ ആദ്യ കലക്‌ടറായി. ജില്ല രൂപീകരിച്ച് ഉത്തരവിറങ്ങിയപ്പോൾ തന്നെ ആലപ്പുഴക്കാർ ആഘോഷത്തിന്റെ ആവേശത്തിലായിരുന്നെന്ന് പഴമക്കാർ. മുഖ്യമന്ത്രി ഭദ്രദീപം തെളിച്ച ചടങ്ങിൽ ടി.വി.തോമസ്, കെ.ആർ.ഗൗരിയമ്മ, ഡോ. എ.ആർ.മേനോൻ, പി.കെ.ചാത്തൻ, കെ.പി.ഗോപാലൻ തുടങ്ങിയവർ അതിഥികളായിരുന്നു. ഡപ്യൂട്ടി സ്‌പീക്കർ ഐഷാ ഭായിയും ചീഫ് സെക്രട്ടറി രാഘവൻ ആചാരിയും പുഞ്ച സ്‌പെഷൽ ഓഫിസറായിരുന്ന എൻ.പി. ചെല്ലപ്പൻ നായരുമൊക്കെ ഉദ്‌ഘാടനത്തിന്റെ പ്രധാന സംഘാടകരായി. ഡോ. ചാലയിൽ കെ.പി.പണിക്കർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചരിത്ര നിമിഷത്തിൽ പള്ളികളിലും ക്ഷേത്രങ്ങളിലും കൂട്ടമണിനാദമുയർന്നു. ആഘോഷത്തിന്റെ ഭാഗമായി കതിനകൾ മുഴങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com