ADVERTISEMENT

ആലപ്പുഴ ∙ തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ആലപ്പുഴ, കൊച്ചി മേഖലയിലെ തീരജനതയുടെ നേർക്കുള്ള അവഗണനയിൽ പ്രതിഷേധിച്ചും ആലപ്പുഴ രൂപത അൽമായ കമ്മിഷന്റെ നേതൃത്വത്തിൽ നടത്തിയ കലക്ടറേറ്റ് മാർച്ച് സർക്കാരിനെതിരായ പ്രതിഷേധക്കടലായി. വൈദികരും കന്യാസ്ത്രീകളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനു രൂപതാംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു. തുടർന്നു നടന്ന ധർണയിൽ പങ്കെടുത്തവർ റോഡിൽ ഉപരോധം തീർത്തതിനാൽ 2 മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

മൗണ്ട് കാർമൽ കത്തീഡ്രലിൽ നിന്നാരംഭിച്ച മാർച്ച് ബിഷപ് ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ ഫ്ലാഗ്ഓഫ് ചെയ്തു. ‘‘സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ തീരദേശ ജനത അഭയം നഷ്ടപ്പെട്ടവരായാണു ജീവിക്കുന്നത്. ആരുമില്ലാത്ത അവസ്ഥയിൽ ജീവന്റെ നിലനിൽപിനും ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ സംരക്ഷണത്തിനും വേണ്ടി പോരാട്ടത്തിന്റെ പാതയിലാണ്. ഇനിയും അവഗണിച്ചാൽ സൂനാമി സമരത്തെക്കാളും വലിയ സമരമുന്നേറ്റത്തിനു നിർബന്ധിതരാകും’’– ബിഷപ് പറഞ്ഞു.

കലക്ടറേറ്റ് പടിക്കൽ രൂപതാ വികാരി ജനറൽ മോൺ.ജോയി പുത്തൻവീട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. അൽമായ കമ്മിഷൻ ഡയറക്ടർ ഫാ.ജോൺസൺ പുത്തൻവീട്ടിൽ അധ്യക്ഷത വഹിച്ചു. രൂപത പിആർഒ ഫാ.സേവ്യർ കുടിയാംശേരിൽ, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ, ഫാ.സ്റ്റീഫൻ എം.പുന്നയ്ക്കൽ, ഫാ. വി.പി.ജോസഫ് വലിയവീട്ടിൽ, ഫാ.ആന്റണി ടോ പോൾ, ഫാ.തോമസ് മാണിയാപൊഴിയിൽ, പി.ജി.ജോൺ ബ്രിട്ടോ, സന്തോഷ് കൊടിയനാട്, സാബു വി.തോമസ്, ജയൻ കുന്നേൽ, പീറ്റർ തയ്യിൽ, തങ്കച്ചൻ ഈരേശേരിൽ, വർഗീസ് മാപ്പിള തുടങ്ങിയവർ പ്രസംഗിച്ചു.

ഫാ. പോൾ ജെ.അറയ്ക്കൽ, ഫാ.എഡ്വേഡ് പുത്തൻപുരയ്ക്കൽ, ഫാ.അലക്സാണ്ടർ കൊച്ചീക്കാരൻവീട്ടിൽ, സിസ്റ്റർ ലീല ജോസ്, ജോസ് ആന്റണി, ബിജു ജോസി, ബൈജു അരശർകടവിൽ, ടി.ജെ.സേവ്യർ, ജസ്റ്റീന ഇമ്മാനുവൽ, സോഫി രാജു, ബീന പോൾ തുടങ്ങിയവർ നേതൃത്വം നൽകി. തിരുവനന്തപുരത്തെ സമരത്തിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുക, തോട്ടപ്പള്ളി മുതൽ കൊച്ചിവരെയുള്ള ഭാഗത്തെ തീരശോഷണം ശാശ്വതമായി പരിഹരിക്കുക, മത്സ്യമേഖലയ്ക്കു മാത്രമായി മന്ത്രിയെ നിയോഗിക്കുക, പുനർഗേഹം പദ്ധതിക്കു പകരം പുനരധിവാസ പാക്കേജ് നടപ്പാക്കുക, മീനിനു താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കലക്ടർക്കു നിവേദനവും നൽകി.

നൂറിലധികം പേർക്കെതിരെ കേസ്

ധർണയിൽ പങ്കെടുക്കാൻ വന്നവർ ഗതാഗതം തടസ്സപ്പെടുത്തി റോഡ് ഉപരോധിച്ചതിന് നൂറിലധികം പേരെ പ്രതികളാക്കി സൗത്ത് പൊലീസ് കേസെടുത്തു. പത്തരയോടെ തുടങ്ങിയ ധർണ ഉദ്ഘാടനം കഴിയുമ്പോൾ റോഡിൽനിന്നു മാറിക്കൊടുക്കാമെന്നായിരുന്നു സംഘാടകർ സമ്മതിച്ചത്. എന്നാൽ, സമരം 12.30നു സമാപിച്ചപ്പോൾ മാത്രമാണ് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞതെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com