യെമനിൽ നിന്ന് ജീവൻമാത്രം സമ്പാദ്യമാക്കി മടങ്ങി; പിന്നാലെ കാടക്കൃഷിയിലേക്ക്, ഇപ്പോൾ ആറായിരം കാടകൾ

HIGHLIGHTS
  • ഇന്ന് കർഷകദിനം
  • കൃഷിക്ക് വേണ്ടി ജീവിതം സമർപ്പിച്ച ചിലരെ അടുത്തറിയാം
alappuzha-farmers
പ്രതീക്ഷയുടെ ചിങ്ങവെയിൽ: കാലം തെറ്റിയും മഴ വരും, വെള്ളപ്പൊക്കം വരും. പക്ഷേ, കൃഷിയിൽ മാത്രം വേരുപിടിക്കുന്ന ജീവിതങ്ങൾ വിശ്രമമില്ലാതെ അധ്വാനിച്ചുകൊണ്ടിരിക്കും. ഓർക്കാപ്പുറത്ത് വെള്ളം പൊങ്ങി കൃഷി മുങ്ങിയാലും വെയിലിൽ കരിഞ്ഞാലും കർഷകർക്കും തൊഴിലാളികൾക്കും കലണ്ടർ തെറ്റിക്കാനാവില്ല. ഇന്ന് കർഷകദിനം. കുട്ടനാട്ടിൽനിന്നുള്ള കാഴ്ച. ചിത്രം: അരുൺ ശ്രീധർ ∙ മനോരമ
SHARE

കടൽ കടന്നെത്തി, കാടക്കൃഷിയിലേക്ക് 

ആലപ്പുഴ∙ യെമനിൽ നഴ്സായിരുന്ന ബീനമോളും ഭർത്താവ് പുത്തൻവീട്ടിൽ ഔസേപ്പച്ചനും നാട്ടിലേക്കു മടങ്ങിയത് അവിടത്തെ ആഭ്യന്തരയുദ്ധം മൂലമാണ്. അന്നാട്ടുകാർ പോലും തലസ്ഥാനമായ സനായിൽ നിന്ന് ഗ്രാമങ്ങളിലേക്കു പലായനം തുടങ്ങിയപ്പോൾ ബീനയ്ക്കു വേറെ നിവൃത്തിയില്ലാതായി . വർഷം പത്തു കഴിയുമ്പോഴും അവിടെ നിന്ന് ബീനയ്ക്ക് ജോലി വാഗ്ദാനം ചെയ്ത് ഫോൺ കോളുകൾ എത്തുന്നുണ്ട്. പക്ഷേ, പോകേണ്ടെന്നാണു തീരുമാനം. കാരണം, ബീനയ്ക്ക് ഇപ്പോൾ കൃഷിയാണ് മറ്റേതു ജോലിയെക്കാളും പ്രിയപ്പെട്ടത്.

alappuzha-beenamol
ബീനമോൾ കാട ഫാമിൽ.

‘‘യെമനിൽ നിന്നു തിരികെ പോരുമ്പോൾ ജോലി മാത്രമല്ല, അതുവരെ സമ്പാദിച്ചതെല്ലാം ഉപേക്ഷിക്കേണ്ട അവസ്ഥയായിരുന്നു. ജീവൻ കിട്ടിയതു തന്നെ ഭാഗ്യം. യുദ്ധം കഴിഞ്ഞു പോകാമെന്നാണു കരുതിയത്. പല കാരണങ്ങൾ കൊണ്ട് അതു മുടങ്ങി. അങ്ങനെയാണു കൃഷിയിലേക്കു തിരിഞ്ഞത്. ആദ്യം മുയൽ വളർത്തലായിരുന്നു. പിന്നീട് കാട വളർത്തലിലേക്കു തിരിഞ്ഞു. ഇപ്പോൾ ആറായിരം കാടകളുണ്ട് ഫാമിൽ’’–ബീന പറഞ്ഞു. ആലപ്പുഴ ചേർത്തല തൈക്കൽ കടപ്പുറത്ത് സ്വന്തം പുരയിടത്തിലാണ് ബീന ആദ്യമായി കാട വളർത്തൽ‍ തുടങ്ങിയത്. 100 കാടകളായിരുന്നു തുടക്കത്തിൽ. ഇപ്പോൾ പള്ളിപ്പുറത്ത് രണ്ടേക്കർ പാട്ടഭൂമിയിൽ പച്ചക്കറിക്കൃഷി ഉൾപ്പെടെയുണ്ട്. ഹാച്ചറിയും തുടങ്ങി. ഭർത്താവ് ഔസേപ്പച്ചനുമുണ്ട് സഹായത്തിന്. 

‘‘കാട വളർത്തലിനൊപ്പം ഫാമിൽ പച്ചക്കറിക്കൃഷി തുടങ്ങിയത് അടുത്തകാലത്താണ്. അതിൽ വിളവെടുക്കാറായ പപ്പായ മുഴുവൻ വെള്ളം കയറി നശിച്ചു. ലാഭവും വരുമാനവുമെല്ലാം കോവിഡ്  തട്ടിയെടുത്തു. 30,000 രൂപ വരെ മാസം വരുമാനം കിട്ടിയിരുന്നിടത്ത് ഇപ്പോൾ പകുതി പോലുമില്ല. എങ്കിലും കൃഷി ഉപേക്ഷിക്കാൻ തോന്നുന്നില്ല. ഒന്നുമില്ലാതിരുന്ന കാലത്ത്, രണ്ടു മക്കൾ കൂടി ഉൾപ്പെടുന്ന കുടുംബത്തിന് തുണയായത് കൃഷിയല്ലേ. മൂത്ത മകൻ അലൻ ഇപ്പോൾ എൻജിനീയറിങ്ങിനു ചേർന്നു. ഇളയമകൻ ആൽവിൻ പത്താം ക്ലാസിലാണ്.  ഈ മോശം സമയവും കടന്നുപോകും. കൃഷി ഇനിയും ലാഭകരമാകും എന്നാണു പ്രതീക്ഷ’’. ബീന പറയുന്നു.

alappuzha-raghunath
രഘുനാഥ്.

രഘുനാഥിന്റെ കൃഷിപാഠങ്ങൾ

വള്ളികുന്നം ∙ അധ്യാപകവൃത്തിക്കൊപ്പം കാർഷികവൃത്തിയിലും നേട്ടം കൊയ്ത് മാതൃകയായിരിക്കുകയാണ് വള്ളികുന്നം അമൃത ഹൈസ്കൂളിലെ അധ്യാപകനായ രഘുനാഥ്. 20 വർഷമായി കൃഷിയിൽ സജീവമായ വള്ളികുന്നം നെടുംപുറത്ത് വീട്ടിൽ രഘുനാഥ് വ്യത്യസ്ത ഇനം നെല്ലുകൾ കൃഷി ചെയ്താണ് ശ്രദ്ധേയനാകുന്നത്. ആഘോനി ബോറ എന്ന വിത്തിനമാണ്   കൃഷി ചെയ്യുന്നത്.  വെള്ളത്തിലിട്ടു തിളപ്പിക്കാതെ പച്ച വെള്ളത്തിലിട്ടാൽ ചോറാകുന്ന ഇനം നെല്ലാണ് ആഘോനി ബോറ. അസമിലെ ഈ നെല്ല്  അവിടുത്തെ ആദിവാസി വിഭാഗത്തിന്റെ ആഹാരമാണ്.

150 ദിവസത്തെ മൂപ്പാണ് ഇതിനു വേണ്ടത്.  പച്ചരിച്ചോറിന്റെ രുചിയാണ് ഇതിന്.   മത്സ്യം, പച്ചക്കറി, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നു. 2017ൽ വള്ളികുന്നം പഞ്ചായത്തിലെ മികച്ച നെൽക്കർഷകനുള്ള അവാർഡും 2019ൽ ജില്ലയിലെ മികച്ച അധ്യാപക കർഷകനുള്ള അവാർഡും നേടിയ രഘുനാഥ് ഇത്തവണ പഞ്ചായത്തിലെ മികച്ച കേര കർഷകനുള്ള അവാർഡിനും അർഹനായിട്ടുണ്ട്. കായംകുളം നടക്കാവ് എൽപി സ്കൂളിലെ അധ്യാപികയായ ലേഖയും മക്കളായ ആകാശ്, അഭിനവ് എന്നിവരും  പിന്തുണയുമായി രഘുനാഥിനൊപ്പമുണ്ട്.

alappuzha-kalesh-kamal
കലേഷ് കമൽ കൃഷിയിടത്തിൽ.

കലേഷ് എന്ന കൃഷികലാകാരൻ 

കുട്ടനാട്∙ കാവാലം ചെറുകരയിൽ ജൈവകൃഷി ചെയ്ത് നൂറുമേനി വിളയിക്കുകയാണ് യുവ കർഷകൻ കലേഷ് കമൽ. 25 സെന്റ് സ്ഥലത്താണു കൃഷി.  പച്ചക്കറികളും ഒരേക്കർ നിലത്തിൽ നെല്ലുമാണ് ജൈവമിശ്രിതമുപയോഗിച്ച് വിളയിക്കുന്നത്. മുയൽ കാഷ്ഠമാണു പ്രധാന വളം. ഇതിനായി 38 ബ്രോയിലർ മുയലുകളെ  വളർത്തുന്നുണ്ട്. വളർച്ചയെത്തുന്ന മുയലുകളെ വിൽക്കുന്നതിലൂടെ മികച്ച വരുമാനവും ലഭിക്കുമെന്നു കലേഷ് പറയുന്നു. 

അഞ്ച് സെന്റിൽ മത്സ്യക്കൃഷിയുമുണ്ട്. ലക്ഷക്കണക്കിനു വിത്ത് ഉൽപാദിപ്പിക്കാനുള്ള ശ്രമമാണ് കലേഷ് നടത്തുന്നത്. പ്ലാസ്റ്റിക് വിമുക്തമാക്കാൻ ഓടുകൊണ്ടാണു ചട്ടിയുണ്ടാക്കി പച്ചക്കറിക്കൃഷി ചെയ്യുന്നത്. കാപ്സിക്കം, കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങി ഒട്ടേറെ പച്ചക്കറികളാണ് ഇവിടെ കൃഷി ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA