ADVERTISEMENT

ആലപ്പുഴ∙ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ നേരിട്ടുള്ള ടിക്കറ്റ് വിൽപനയും വള്ളങ്ങളുടെ റജിസ്ട്രേഷനും ഇന്ന് തുടങ്ങും. രാവിലെ മുതൽ ആലപ്പുഴ ആർഡിഒ ഓഫിസിൽ ടിക്കറ്റുകൾ ലഭിക്കും. മറ്റ് സ്ഥലങ്ങളിലേക്ക് ഉച്ചയ്ക്കു ശേഷമാകും ടിക്കറ്റുകൾ എത്തിക്കുക. ടിക്കറ്റ് വിൽപന ഉച്ചയ്ക്ക് 12ന് ആലപ്പുഴ ആർഡിഒ ഓഫിസിൽ എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ആർഡിഒ ഓഫിസിനു സമീപം സജ്ജീകരിക്കുന്ന ജലമേള ഓഫിസ് വൈകിട്ട് 4നു പി.പി.ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

റവന്യു, എക്സൈസ്, ജലഗതാഗതം, ലോട്ടറി തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകൾ വഴിയാണ് ജലോത്സവത്തിന്റെ ടിക്കറ്റുകൾ വിൽക്കുന്നത്. ടിക്കറ്റുകളിൽ ഹോളോഗ്രാം പതിപ്പിക്കൽ പൂർത്തിയായി. ഇന്ന് ഉച്ച കഴിഞ്ഞ് എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ സർക്കാർ ഓഫിസുകളിലേക്കും ടിക്കറ്റുകൾ എത്തിക്കും. ഓൺലൈൻ ടിക്കറ്റ് വിൽപന നേരത്തേ തന്നെ തുടങ്ങിയിരുന്നു. നെഹ്റു ട്രോഫി ജലോത്സവത്തിന്റെ പരസ്യങ്ങൾ പതിച്ച കെഎസ്ആർടിസി ബസുകൾ നാളെ  ഓടിത്തുടങ്ങും. വരുമാനം കൂട്ടാനായി പുറത്തിറക്കുന്ന കരകൗശല വസ്തുക്കൾ അടുത്തയാഴ്ചയോടെ വിൽപനയ്ക്കെത്തും.

 ഭാഗ്യചിഹ്നം

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നം മന്ത്രി പി.പ്രസാദ്  കലക്ടർ വി.ആർ.കൃഷ്ണ തേജയ്ക്ക് നൽകി പ്രകാശനം ചെയ്തു. ആലപ്പുഴ വി.പി.റോഡ് സക്കറിയ വാർഡ് തോട്ടുങ്കൽ പുരയിടം ബാബു ഹസൻ ജലച്ചായത്തിൽ വരച്ച , വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയാണ് ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടത്. ബാബു ഹസന്റെ രചന 2018ലും ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 

എംഎൽഎമാരായ എച്ച്.സലാം, പി.പി.ചിത്തരഞ്ജൻ, തോമസ് കെ.തോമസ്, ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, സബ് കലക്ടർ സൂരജ് ഷാജി,  ജില്ലാ ഇൻഫർമേഷൻ ഓഫിസർ ജസ്റ്റിൻ ജോസഫ്, കമ്മിറ്റി അംഗങ്ങളായ   സിമി ഷാഫി ഖാൻ, കെ.നാസർ, റോയ് പാലത്ര, എ.കബീർ, എബി തോമസ്, നസീർ പുന്നയ്ക്കൽ, ഗുരു ദയാൽ, അബ്ദുൽ സലാം ലബ്ബ എന്നിവർ പ്രസംഗിച്ചു.

 പേരിടാം

നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്നമായി തിരഞ്ഞെടുക്കപ്പെട്ട, വാഴപ്പിണ്ടിയിൽ തുഴഞ്ഞു നീങ്ങുന്ന തത്തയ്ക്ക് പേരിടാൻ അവസരം. വാട്സാപ്പിലൂടെയോ  ഫെയ്സ്ബുക്കിലൂടെയോ പേരുകൾ നിർദേശിക്കാം. വാട്സാപ്പിൽ 89438 70931 എന്ന നമ്പറിൽ ഭാഗ്യചിഹ്നത്തിന്റെ പേര്, നിർദേശിക്കുന്നയാളുടെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഒറ്റ മെസേജ് ആയാണ് അയയ്ക്കേണ്ടത്. ഫെയ്സ്ബുക്കിൽ ഡിസ്ട്രിക്ട് ഇൻഫർമേഷൻ ഓഫിസ് ആലപ്പുഴ എന്ന പേജിൽ മുൻപ് പറഞ്ഞ അതേ ഫോർമാറ്റിൽ ഒറ്റ പഴ്സനൽ മെസേജായി അയയ്ക്കണം. അവസാന തീയതി 19 വൈകിട്ട് 5. വിജയിക്ക് സ്വർണനാണയം സമ്മാനം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com