ADVERTISEMENT

ആലപ്പുഴ ∙ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് നടത്തിയ ശോഭായാത്രകളിൽ  നിറ‍ഞ്ഞത് മയിൽപ്പീലി ചൂടി ഓടക്കുഴലൂതി എത്തിയ ഉണ്ണിക്കണ്ണൻമാരും പട്ടുചേലയുടുത്ത രാധമാരും ഗോപികമാരും. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ ശോഭായാത്രകളിൽ ഒരു വയസ്സുള്ള ഉണ്ണിക്കണ്ണൻമാരും അണിനിരന്നു.  കിരീടം ധരിച്ച് ഓടക്കുഴലൂതി അച്ഛന്റെയോ ബന്ധുക്കളുടെയോ തോളിലേറിയാണ്  ഉണ്ണിക്കണ്ണൻമാർ എത്തിയത്.  ഉറിയടി, ഗോപൂജ, സാംസ്കാരിക പരിപാടികൾ എന്നിവയും ആഘോഷത്തിന്റെ ഭാഗമായി നടന്നു. ജില്ലാ കേന്ദ്രത്തിൽ  എഎൻ പുരം, ശ്രീരാമകൃഷ്ണാശ്രമം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്ര തോണ്ടൻകുളങ്ങര ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.

alappuzha-uriyadi
അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ നടന്ന ഉറിയടി.

ജില്ലാതല ഉദ്ഘാടനം എഎൻ പുരത്ത് സ്വാഗത സംഘം രക്ഷാധികാരി പ്രഫ. ആർ. രാമരാജ വർമ നിർവഹിച്ചു. തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഉറിയടി ഘോഷയാത്ര നടന്നു. അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ഗജവീരന്റെ അകമ്പടിയോടെയായിരുന്നു  ഉറിയടി ഘോഷയാത്ര. ഇരട്ടക്കുളങ്ങരയിൽ നിന്ന്  തുടങ്ങി കച്ചേരിമുക്ക് അടക്കം 13 സ്ഥലങ്ങളിൽ ഉറിയടിച്ച ശേഷം അമ്പലപ്പുഴ ക്ഷേത്രത്തിലും ഉറിയടി നടത്തി.  ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ ചെറു ശോഭായാത്രകൾ കച്ചേരിമുക്കിൽ സംഗമിച്ച് മഹാശോഭായാത്രയായി ക്ഷേത്രത്തിലേക്ക് നീങ്ങി.

തലവടി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ 12  ശോഭാ യാത്രകൾ പനയന്നൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ സംഗമിച്ച് മഹാ ശോഭായാത്രയായി ചക്കുളത്തു കാവ് ക്ഷേത്രത്തിൽ സമാപിച്ചു. എടത്വയിൽ 5 കേന്ദ്രങ്ങളിൽ നിന്നുള്ള ശോഭായാത്ര എടത്വ ടൗണിൽ സംഗമിച്ച് മഹാ ശോഭായാത്രയായി പാണ്ടങ്കരി കൊച്ചു ശാസ്താ ക്ഷേത്രത്തിൽ സമാപിച്ചു. ചെങ്ങന്നൂർ സംഘ ജില്ലയിൽ ചെങ്ങന്നൂർ, മാന്നാർ, മാവേലിക്കര, ചാരുംമൂട് ,കായംകുളം, ഹരിപ്പാട്, കാർത്തികപ്പള്ളി എന്നിവിടങ്ങളിലായി ആയിരക്കണക്കിനു കുരുന്നുകൾ ശോഭയാത്രകളിൽ അണിനിരന്നു. നദീ വന്ദനം, ഗോപൂജ, വൃക്ഷപൂജ എന്നിവ നടന്നു.

alappuzha-kannan
ആലപ്പുഴയിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് എഎൻപുരത്തു നിന്നാരംഭിച്ച ശോഭായാത്രയിൽ അണിനിരന്ന ഉണ്ണിക്കണ്ണന്മാർ.

ചേർത്തല താലൂക്കിന്റെ വെള്ളിയാകുളം, കാളികുളം, ചക്കരക്കുളം,ആഞ്ഞിലിപാലം തുടങ്ങിയ നഗരസഭാ പ്രദേശങ്ങളിൽ നിന്നുള്ള ശോഭയാത്രകൾ നഗരത്തിൽ സംഗമിച്ച് കാർത്യായനി ദേവീക്ഷേത്രത്തിൽ സമാപിച്ചു. കടക്കരപ്പള്ളി മേഖലയിലെ ശോഭായാത്രകൾ കണ്ടമംഗലം രാജരാജേശ്വരി ക്ഷേത്രത്തിൽ സംഗമിച്ചു. കുറുപ്പൻ കുളങ്ങരയിലേത് മാടക്കൽ കൊച്ചുകുളങ്ങര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും  അരീപ്പറമ്പിലേത് തിരുവിഴ മഹാദേവ ക്ഷേത്രത്തിലും സമാപിച്ചു. തണ്ണീർമുക്കത്ത് നിന്ന് ചാലി നാരായണപുരം ക്ഷേത്രത്തിലും പുത്തനങ്ങാടിയിൽ നിന്ന് ഇലത്താംകുളങ്ങര ദേവീക്ഷേത്രത്തിലും ശോഭായാത്ര എത്തി. കഞ്ഞിക്കുഴിയിൽ നിന്ന് കൂറ്റുവേലി ശ്രീരാമ ക്ഷേത്രത്തിലും മരുത്തോർവട്ടത്തിൽ നിന്ന് ധന്വന്തരീ ക്ഷേത്രത്തിലും സംഗമിച്ചു.

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ കായംകുളത്ത് 11 സ്ഥലങ്ങളിൽ ശോഭായാത്ര സംഘടിപ്പിച്ചു. പുതിയിടം ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ സംഗമിച്ച ശേഷം മഹാശോഭായാത്രയായി നഗരം ചുറ്റി തിരികെ ക്ഷേത്രത്തിൽ സമാപിച്ചു.ശോഭായാത്രകൾ പൂച്ചാക്കൽ ഇലക്ട്രിസിറ്റി കവലയിൽ സംഗമിച്ച് പാണാവള്ളി എടപ്പങ്ങഴി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് മഹാശോഭായാത്ര നടത്തി സമാപിച്ചു. മാന്നാറിൽ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ശോഭായാത്ര കുട്ടംപേരൂർ കൊറ്റാർകുളങ്ങര ക്ഷേത്ര ജംക്‌ഷനിൽ സംഗമിച്ചശേഷം മാന്നാർ മേമ്മഠം ക്ഷേത്രത്തിൽ സമാപിച്ചു. മാവേലിക്കരയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്ന ശോഭായാത്രയിൽ നൂറുകണക്കിനു ഉണ്ണിക്കണ്ണന്മാരും ഗോപികമാരും അണിനിരന്നു.

മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭഗവാൻ തിരുവാഭരണം ചാർത്തിയാണു ഭക്തർക്കു ദർശനമേകിയത്. പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണം ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എഴുന്നള്ളിച്ചു. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം മേൽശാന്തിമാരുടെ നേതൃത്വത്തിൽ തിരുവാഭരണം വിഗ്രഹത്തിൽ ചാർത്തി. വൈകിട്ട് ഗരുഡവാഹനത്തിൽ എഴുന്നളളത്തും രാത്രി  ഉറിയടി ഘോഷയാത്രകൾ ക്ഷേത്രത്തിലെത്തിയ ശേഷം  പ്രത്യേക പൂജകളും നടന്നു.വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലം ജില്ലാ അധ്യക്ഷൻ ടി.എസ്. മന്മഥകുമാർ, ഭഗിനീ സഹ പ്രമുഖ് കൃഷ്ണ പ്രിയ, കെ. ബിജു, കെ. മഹേഷ്, പ്രേംജി പൈ, പി.എൻ. ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com