ADVERTISEMENT

മാവേലിക്കര ∙ താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേടിൽ പണം നഷ്ടമായ നിക്ഷേപക കൂട്ടായ്മ പ്രതിനിധികൾ, ബാങ്ക് ഭരണസമിതി, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം 20ന് താലൂക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കഴിഞ്ഞ ദിവസം രാത്രി ബാങ്കിന്റെ മുഖ്യ ഓഫിസ് അടപ്പിക്കാതെ നടത്തിയ സമരത്തെ തുടർന്നു ഇന്നലെ രാവിലെ ചെങ്ങന്നൂർ ഡിവൈഎസ്പി ഡോ.ആർ.ജോസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു 20നു യോഗം വിളിക്കാൻ തീരുമാനിച്ചത്.

സിഐ സി.ശ്രീജിത്, ബാങ്ക് പ്രസിഡന്റ് കെ.ഗോപൻ, ബോർഡ് അംഗം മുരളി വൃന്ദാവനം, കൺവീനർ ബി.ജയകുമാർ, എം.വിനയൻ, വി.ജി.രവീന്ദ്രൻ, രമ രാജൻ, ഗോപൻ എന്നിവരാണു ചർച്ച നടത്തിയത്. ഭരണസമിതി അംഗങ്ങൾ, ബാങ്ക് ജീവനക്കാർ, 10 നിക്ഷേപക പ്രതിനിധികൾ, സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ 20നു നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. ബാങ്കിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ക്രിയാത്മക നിർദേശങ്ങളുമായി യോഗത്തിലെത്തി നിക്ഷേപകർക്കും ബാങ്കിനും ഗുണകരമായ തീരുമാനം എടുക്കണമെന്നു ഡിവൈഎസ്പി നിർദേശിച്ചു.

താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ സാമ്പത്തിക ക്രമക്കേടിൽ പണം നഷ്ടമായ നിക്ഷേപകർ  ബാങ്ക് ആസ്ഥാനത്ത്  കഴിഞ്ഞദിവസം വൈകിട്ടോടെയെത്തി ബാങ്ക് സമയം കഴിഞ്ഞും പുറത്തിറങ്ങാതെ കുത്തിയിരിപ്പ് സമരം ചെയ്തു. രാത്രി 11ന് സിഐ സി.ശ്രീജിത്, ബാങ്ക് പ്രസിഡന്റ് കെ.ഗോപൻ എന്നിവരുമായി ചർച്ച നടത്തി . പൊലീസ് സ്റ്റേഷനിൽ ചർച്ച നടത്താമെന്ന തീരുമാനത്തിലായിരുന്നു  അന്നത്തെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചത്.

ബാങ്ക് ക്രമക്കേടിന് ഉത്തരവാദികളായവരിൽ നിന്നു തുക ഈടാക്കാനുള്ള ആർബിട്രേഷൻ കേസുകൾ നടക്കുകയാണ്. കോവിഡ് കാലത്ത് അധികാരത്തിലെത്തിയ ഭരണസമിതിക്കു നിക്ഷേപകരുടെ പണം തിരികെ നൽകണമെന്നു തന്നെയാണു നിലപാട്. ഇതിനായി പ്രത്യേക പാക്കേജ് സർക്കാരിനു സമർപ്പിച്ചിട്ടുണ്ട്. നിക്ഷേപകരുടെ സഹകരണം ഉണ്ടായാൽ ബാങ്കിനു പ്രതിസന്ധിയിൽ നിന്നു കരകയറാൻ സാധിക്കും. – കെ.ഗോപൻ, ബാങ്ക് പ്രസിഡന്റ്

ബാങ്കിനെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും നിക്ഷേപകരുടെ പിന്തുണയുണ്ട്. ചിട്ടികൾ  തുടങ്ങി ബാങ്കിനെ രക്ഷപ്പെടുത്താൻ ഭരണസമിതിയും ജീവനക്കാരും ക്രിയാത്മകമായി രംഗത്തിറങ്ങിയാൽ  നിക്ഷേപകർ പിന്തുണയ്ക്കും. 20 നു നടക്കുന്ന യോഗത്തിൽ നിക്ഷേപകരുടെ നിർദേശങ്ങൾ അവതരിപ്പിക്കും.– ബി.ജയകുമാർ, കൺവീനർ, നിക്ഷേപക കൂട്ടായ്മ

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com