ADVERTISEMENT

പ്രതിരോധ നടപടികളും വാക്സിനേഷനും സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുമ്പോഴും നാട്ടിൽ പലയിടത്തും മനുഷ്യർ നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നതു തുടരുന്നു. നടന്നുപോകുന്നവർ മാത്രമല്ല ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും നായ്ക്കളുടെ  ആക്രമണത്തിന് ഇരയാകുന്നുണ്ട്.  നായ കുറുകേ ചാടുമ്പോൾ ഇടിക്കാതിരിക്കാൻ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട് റോഡിൽ വീണു പരുക്കേൽക്കുന്നവരുടെ എണ്ണവും ഓരോദിവസവും  കൂടിവരികയാണ്.  

കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനെയും തെരുവുനായ കടിച്ചു

കാഴ്ചപരിമിതിയുള്ള ലോട്ടറി വിൽപനക്കാരനു നായയുടെ ആക്രമണത്തിൽ പരുക്ക്. കലവൂർ കുളമാക്കിയിൽ കോളനിയിൽ ചന്ദ്രനാണ് (63) നായയുടെ ആക്രമണത്തിന് ഇരയായത്. ഇരുകാലുകൾക്കും കടിയേറ്റു. സർവോദയപുരത്തിനു സമീപം പുന്നമൂടിനു വടക്കാണ് സംഭവം. ലോട്ടറി വിൽപന കഴിഞ്ഞു വരികയായിരുന്ന ചന്ദ്രനെ തിങ്കളാഴ്ച വൈകിട്ടാണ് നായ കടിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ചന്ദ്രനു ഇപ്പോൾ തൊഴിൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മറ്റു വരുമാന മാർഗവുമില്ല.

പത്ര വിതരണത്തിനിടെ ഏജന്റിന് തെരുവുനായയുടെ കടിയേറ്റു

പത്ര വിതരണത്തിനു പോയ ഏജന്റിന് നായയുടെ കടിയേറ്റു. തലവടി തോട്ടടി വിരുപ്പിൽ റെജി തോമസിന് (52) തിങ്കളാഴ്ച പുലർച്ചെ എടത്വ മാർത്തോമ്മാ പള്ളി പഴയ പാലത്തിനു തെക്കേക്കരയിൽ വച്ചാണ് കടിയേറ്റത്. നിരണം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. വീട്ടിൽ പത്രം കൊടുത്ത ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടയിൽ പിന്നിൽനിന്നു നായ ഓടിവന്നു വലതു കാലിൽ കടിക്കുകയായിരുന്നു. കാലിൽ ആഴത്തിലുള്ള മുറിവുണ്ട്. തോളെല്ലിനും സാരമായ പരുക്കുണ്ട്. പ്രദേശത്ത് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മാസം ആദ്യം കുന്തിരിക്കൽ ജംക്‌ഷനിൽ വച്ച് നായ്ക്കൾ ചാടി വീണതിനെത്തുടർന്ന് സ്കൂട്ടർ മറിഞ്ഞ് സ്കൂട്ടർ യാത്രികരായ രണ്ടു പേർക്ക് പരുക്കേറ്റിരുന്നു. ഒരു മാസം മുൻപാണ് കളങ്ങര അമ്പ്രയിൽ ജംക്‌ഷനിൽ വച്ച് പുതുക്കരി സ്വദേശി പത്താം ക്ലാസ് വിദ്യാർഥിക്ക് നായയുടെ കടിയേറ്റത്.

എഴുപുന്നയിൽ 3 പേരെ തെരുവുനായ കടിച്ചു

എഴുപുന്ന പഞ്ചായത്തിൽ ഇന്നലെ 3 പേരെ നായ കടിച്ചു. തുറവൂർ മേഖലയിൽ അടുത്തിദിവസങ്ങളിൽ ഒട്ടേറെപ്പേർ നായ്ക്കളുടെ ആക്രമണത്തിന് ഇരയായി. ഓരോ ദിവസവും മൂന്നോ അതിലധികമോ പേർക്ക് നായകളുടെ കടിയേൽക്കുന്നുണ്ട്. തിരുവോണ ദിവസം മാത്രം 9 പേർക്കാണ് നായയുടെ കടിയേറ്റത്.

നായ കുറുകെ ചാടി അപകടങ്ങൾ ഇരുചക്രവാഹനയാത്രികന് ഗുരുതര പരുക്ക്

പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിജിമോൾ.

തുറവൂർ ∙ തെരുവുനായ വട്ടം ചാടിയതിനെ തുടർന്നു അപകടത്തിൽപെട്ട് ഇരുചക്രവാഹന യാത്രികനു ഗുരുതര പരുക്ക്. ചേർത്തല തൈക്കൽ വട്ടക്കര പുതുകുന്നത്ത് മോഹനനാണ് (53) അപകടത്തിൽപെട്ടത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് 4.30നു ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ മാടയ്ക്കൽ ഭാഗത്ത് വച്ചായിരുന്നു തെരുവുനായ വട്ടം ചാടിയത്. ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്കു ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രാത്രി അബോധാവസ്ഥയിലായി. തുടർന്നു തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കേറ്റ ക്ഷതമുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നു രാത്രിയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞ് വിദ്യാർഥികൾക്കു പരുക്കേറ്റു

കുട്ടനാട് ∙ നായ കുറുകെ ചാടിയതിനെ തുടർന്നു നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞു വിദ്യാർഥികൾക്കു പരുക്ക്. മങ്കൊമ്പ് തെക്കേക്കര സ്വദേശി ടാനിയ തോമസ്, വൈശ്യംഭാഗം സ്വദേശി അനുശ്രീ അനിൽ എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ എസി റോഡിൽ പള്ളിക്കൂട്ടുമ്മ ജംക്‌ഷനു സമീപത്തുവച്ചായിരുന്നു അപകടം. എടത്വ കോളജിലെ ആദ്യ വർഷ ഡിഗ്രി വിദ്യാർഥികളാണ് ഇരുവരും.  പള്ളിക്കൂട്ടുമ്മയിലെത്തിയപ്പോൾ റോഡിനു കുറുകെ ചാടിയ നായയെ ഇടിക്കാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചപ്പോൾ നിയന്ത്രണം തെറ്റി റോഡിലേക്കു വീഴുകയായിരുന്നു. മുഖത്ത് സാരമായ പരുക്കേറ്റ ഇരുവരെയും പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവശത്തെ ഒരു പല്ലു തകർന്ന ടാനിയ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ ചികിത്സ തേടി.

ബൈക്ക് മറിഞ്ഞ് പരുക്കേറ്റ വീട്ടമ്മ ചികിത്സയിൽ തുടരുന്നു

തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ വീണു തലയ്ക്ക് പരുക്കേറ്റ വീട്ടമ്മ ചികിത്സയിൽ തുടരുന്നു. ആലപ്പുഴ പടി‍ഞ്ഞാറ് വില്ലേജ് ഓഫിസിലെ റിട്ട. സ്പെഷൽ വില്ലേജ് ഓഫിസർ വട്ടയാൽ തൈവേലിക്കകം ടി.വി. ജോയിയുടെ ഭാര്യ ജിജിമോൾ (53) ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. തിരുവോണത്തിന് വൈകിട്ട് 6.30നായിരുന്നു അപകടം.

രോഗിയായ പിതാവ് മാത്യുവിനെ കാണാൻ മണ്ണഞ്ചേരിയിലെ സഹോദരിയുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് നായ കുറുകെ ചാടിയത്. സഹോദരിയുടെ മകൻ എബിനാണ് ബൈക്ക് ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്തതിന്റെ ആഘാതത്തിൽ ജിജി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. ഉടൻ ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ജിജിയുടെ തലയുടെ പിന്നിലാണ് പരുക്കേറ്റത്. പൂർണമായി ബോധം തിരികെ കിട്ടിയിട്ടില്ല.

വാക്സിനേഷനും ലൈസൻസും എടുക്കാൻ ഉടമകൾക്ക് മടി

വളർത്തുനായ്ക്കൾക്ക് വാക്സിനേഷനും ലൈസൻസും നിർബന്ധമാണെങ്കിലും ജില്ലയിൽ നായ്ക്കളെ വളർത്തുന്നവർ വാക്സിനേഷനും ലൈസൻസും എടുക്കാൻ മടിക്കുന്നു. തദ്ദേശസ്ഥാപനങ്ങളുടെ കർശന നിർദേശങ്ങൾ ഉടമകൾ അവഗണിക്കുകയാണ്. കഴിഞ്ഞമാസം കർശന നിർദേശം നൽകിയെങ്കിലും വളർത്തു നായകളുടെ ഉടമകളിൽ ഭൂരിഭാഗം പേരും ലൈസൻസ് എടുത്തിട്ടില്ല. മൂന്നുവർഷം മുൻപുള്ള കണക്കനുസരിച്ച് ജില്ലയിൽ 65,143 വളർത്തുനായ്ക്കളാണുണ്ടായിരുന്നത്. മൂന്നുവർഷത്തിനുള്ളിൽ വളർത്തുനായ്ക്കളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധ‌ിച്ചെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറയുന്നു.

ജില്ലയിൽ ഇൗ വർഷം 12,214 വളർത്തു നായ്ക്കൾക്ക് മൃഗസംരക്ഷണ വകുപ്പിൽ നിന്ന് വാക്സിനേഷൻ എടുത്തെങ്കിലും 5400 പേർ മാത്രമാണ് ലൈസൻസ് എടുത്തത്. പഞ്ചായത്തുകളിൽ നിന്ന് തിങ്കളാഴ്ച വരെ ആകെ 4720 നായ്ക്കൾക്കു മാത്രമാണ് ലൈസൻസ് എടുത്തിരിക്കുന്നത്.  ഒരു വർഷത്തേക്കാണ് വാക്സിനേഷനും ലൈസൻസിനും കാലാവധി. ഓരോ വർഷവും പുതുക്കണമെന്നുണ്ടെങ്കിലും പകുതിയിലധികം പേരും വാക്സിനേഷൻ എടുക്കുകയോ, പുതുക്കുകയോ ചെയ്യാറില്ല. വളർത്തുനായയുടെ ആക്രമണത്തിന് ഉടമകൾ തന്നെയാണ് പൂർണ ഉത്തരവാദിയെന്നും അധികൃതർ വ്യക്തമാക്കുന്നു.

കർമപദ്ധതി 19 മുതൽ

വളർത്തുനായ്ക്കൾക്കു വാക്സിനേഷനും ലൈസൻസും എടുക്കാൻ ഇൗ മാസം 19 മുതൽ 29 വരെയുള്ള 10 ദിവസങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും സഹായത്തോടെ കർമ പദ്ധതി തയാറാക്കുന്നു. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ വാക്സിനേഷനും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈസൻസും നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് ജില്ലാ ചീഫ് വെറ്ററിനറി ഓഫിസർ ബി.സന്തോഷ് പറഞ്ഞു.

വളർത്തുനായ്ക്കളുടെ എണ്ണം (2019ലെ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് താലൂക്ക് അടിസ്ഥാനത്തിൽ)

ചേർത്തല താലൂക്ക്– 15,947
അമ്പലപ്പുഴ താലൂക്ക് – 10,823
കുട്ടനാട് താലൂക്ക് – 4,365
കാർത്തികപ്പള്ളി താലൂക്ക് – 13,102
മാവേലിക്കര താലൂക്ക് – 12,684
ചെങ്ങന്നൂർ താലൂക്ക് – 8,225
ആകെ 65,146

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com