ADVERTISEMENT

കുട്ടനാട് ∙ പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളി ഇന്നു പുളിങ്കുന്നാറ്റിൽ നടക്കും. സിബിഎല്ലിലെ മൂന്നാം മത്സരമാണിത്. 2.30നു പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് പതാക ഉയർത്തും. തുടർന്നു ചീഫ് വിപ്പ് എൻ.ജയരാജ് എംഎൽഎ ജലമേള ഉദ്ഘാടനം ചെയ്യും. 

തോമസ് കെ.തോമസ് എംഎൽഎ അധ്യക്ഷത വഹിക്കും. സിബിഎല്ലിൽ പങ്കെടുക്കുന്ന കുമരകം ടൗൺ ബോട്ട് ക്ലബ്ബിന്റെ മങ്കൊമ്പ് സെന്റ് പയസ് ടെൻത്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ കാട്ടിൽ തെക്കതിൽ, കുമരകം വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ പായിപ്പാടൻ, കുമരകം എൻസിഡിസിയുടെ നടുഭാഗം, എടത്വ വില്ലേജ് ബോട്ട് ക്ലബിന്റെ ദേവസ്, കൈനകരി യുബിസിയുടെ കാരിച്ചാൽ, പുന്നമട ബോട്ട് ക്ലബ്ബിന്റെ വീയപുരം, കേരള പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം, കുമരകം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി എന്നീ ചുണ്ടൻ വള്ളങ്ങൾ മാറ്റുരയ്ക്കും.

മത്സരത്തിന്റെ ഇടവേളയിൽ ചെറുവള്ളങ്ങളുടെ മത്സരം നടക്കും. വെപ്പ് ബി ഗ്രേഡ് വിഭാഗത്തിലെ പുന്നത്ര പുരയ്ക്കൽ, പി.ജി.കരിപ്പുഴ, ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗങ്ങളിലെ തുരുത്തിത്തറ, മൂന്നുതൈക്കൽ, ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിലെ ദാനിയേൽ, കുറുപ്പുപറമ്പൻ എന്നീ വള്ളങ്ങൾ ചെറുവള്ളം കളി മത്സരത്തിൽ പങ്കെടുക്കും. വിജയികൾക്കു ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.വി.പ്രിയ സമ്മാനദാനം നിർവഹിക്കും. സിബിഎൽ മത്സത്തിൽ പങ്കെടുക്കുന്ന 9 ചുണ്ടൻ വള്ളങ്ങളുടെ ട്രാക്ക് ആൻഡ് ഹീറ്റ്സ് ഇന്നു രാവിലെ രാജീവ് ഗാന്ധി പവലിയനിൽ നടക്കും.

സാംസ്കാരിക സമ്മേളനം

പുളിങ്കുന്ന് രാജീവ് ഗാന്ധി ട്രോഫി ചാംപ്യൻസ് ബോട്ട് ലീഗ് മത്സര വള്ളംകളിക്കു മുന്നോടിയായുള്ള സാംസ്‌കാരിക ഘോഷയാത്രയും വഞ്ചിപ്പാട്ട് മത്സരവും സാംസ്കാരിക സമ്മേളനവും നടത്തി. വഞ്ചിപ്പാട്ട് മത്സരത്തിൽ പുരുഷ, വനിതാ വിഭാഗങ്ങളിലെ 11 ടീമുകൾ മത്സരത്തിൽ‍ പങ്കെടുത്തു.പുരുഷൻമാരുടെ വിഭാഗത്തിൽ രമേശൻ ക്യാപ്റ്റനായിട്ടുള്ള നീർക്കുന്നം വഞ്ചിപ്പാട്ട് സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്ത്രയോസ് ക്യാപ്റ്റനായിട്ടുള്ള കിടങ്ങറ വഞ്ചിപ്പാട്ട് സംഘം രണ്ടാം സ്ഥാനവും ഷാജിമോൻ ക്യാപ്റ്റനായിട്ടുള്ള നടുഭാഗം വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വനിതാ വിഭാഗത്തിൽ മെർലിൻ ക്യാപ്റ്റനായിട്ടുള്ള കരുമാടി നവിതം വഞ്ചിപ്പാട്ടു സംഘം ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൃഷ്ണകുമാരി ക്യാപ്റ്റനായിട്ടുള്ള ചമ്പക്കുളം കാവ്യാജ്‍ഞലി വഞ്ചിപ്പാട്ടു സംഘം രണ്ടാം സ്ഥാനവും പ്രീതാ ബാബു ക്യാപ്റ്റനായിട്ടുള്ള ചതുർഥ്യാകരി വിനോഭാനഗർ വഞ്ചിപ്പാട്ടു സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പുളിങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് വഞ്ചിപ്പാട്ടു മത്സരം ഉദ്ഘാടനം ചെയ്തു. കൾച്ചറൽ കമ്മിറ്റി ചെയർമാൻ ‌പത്മകുമാർ മനോജ് രാമമന്ദിരം അധ്യക്ഷത വഹിച്ചു. കൺവീനർ രജനി ഉത്തമൻ, വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പി.കെ.വിജയൻ പനച്ചിപറമ്പ്, എസ്.ജത‌‌ീന്ദ്രൻ, ചന്ദ്രൻ മുറിപ്പുരയ്ക്കൽ, സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു. പുളിങ്കുന്ന് പൊലീസ് സബ് ഇൻസ്പെക്ടർ ജി.വിജയകുമാർ സമ്മാനദാനം നിർവഹിച്ചു.

ഘോഷയാത്ര വിജയികൾ

പുളിങ്കുന്ന് ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ നടത്തിയ ഘോഷയാത്രയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിന് പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് 15–ാം വാർഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 7–ാം വാർഡ് രണ്ടാം സ്ഥാനവും 10–ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുളിങ്കുന്ന് റോഡ് മുക്കിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. 

ഘോഷയാത്ര പുളിങ്കുന്ന് സെന്റ്.ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിച്ചു. തുടർന്നു നടത്തിയ സാംസ്‌കാരിക സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ റോജി മണല, പ്രീതി സജി, പഞ്ചായത്തംഗങ്ങളായ മനോജ് കാനാച്ചേരി, നീനു ജോസഫ്, ലീലാമ്മ ജോസഫ്, അന്നമ്മ ജോസഫ്, ജോഷി കൊല്ലാറ, പത്മകുമാർ‍ മനോജ് രാമമന്ദിരം, പുഷ്പാ ബിജു, രജനി ഉത്തമൻ, ഷൈലജ അജികുമാർ, ജോസഫ് ജോസഫ് മാമ്പൂത്തറ, ലീനാ ജോഷി, വിധു പ്രസാദ്, ശോഭന സനഹാസനൻ, പത്മജ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com