ADVERTISEMENT

ചേർത്തല  ∙ ചേർത്തല കുറുപ്പംകുളങ്ങരയിൽ കെഎസ്ആർടിസി ബസ് ഡ്രൈവറെ ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. ചേർത്തല സൗത്ത് പഞ്ചായത്ത് 8–ാം വാർഡ് കുറുപ്പംകുളങ്ങര വെളിയിൽ വീട്ടിൽ ഉണ്ണിക്കുട്ടനാണ് (28) അറസ്റ്റിലായത്. കട്ടപ്പന– അർത്തുങ്കൽ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർ ഇടുക്കി കരിമ്പൻ ചീനിക്കൽ ഇബ്രാഹിമി(48)നാണ് ശനിയാഴ്ച മർദനമേറ്റത്. തലയ്ക്ക് സാരമായ പരുക്കേറ്റ ഇബ്രാഹിമിനെ ഇന്നലെ ഉച്ചയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ഇടുക്കിയിലെ ആശുപത്രിയിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രി 9.30ന് കുറുപ്പംകുളങ്ങര കവലയിൽ വച്ചാണ് ബൈക്കിനു പോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ച് പ്രതി ബസ് തടഞ്ഞുനിർത്തി ഇബ്രാഹിമിനെ ആക്രമിച്ചത്. ആദ്യം ഹെൽമറ്റ് കൊണ്ടും പിന്നീട് കോൺക്രീറ്റ് കല്ലുകൊണ്ടും ഇബ്രാഹിമിനെ ഇടിച്ചെന്നു പൊലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ അർത്തുങ്കൽ സിഐ പി.ജി.മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. എസ്ഐ ഡി.സജീവ് കുമാർ, എഎസ്ഐമാരായ പി.കെ.സുനിൽകുമാർ, കെ.പി.ഗിരീഷ്, പി.ആർ. പ്രവീഷ്, എ.അരുൺ കുമാർ, വി.എം. ശ്രീക്കുട്ടൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com