ADVERTISEMENT

ദേവസ്വം ബോർഡിൽ ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിലെ പ്രതികളും തട്ടിപ്പിലെ അവരുടെ പങ്കും

വി.വിനീഷ് രാജൻ
ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി.വിനീഷ് രാജൻ (32): മുഖ്യപ്രതി. രാജേഷ്, അരുൺ എന്നീ പ്രതികളുമായി ചേർന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചു. വെറ്ററിനറി ഡോക്ടറെന്ന വ്യാജേന പലയിടത്തും ചികിത്സ നടത്തി.

പി.രാജേഷ്
ചെട്ടികുളങ്ങര കടവൂർ പത്മാലയം പി.രാജേഷ് (34): ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്നു പണം വാങ്ങി. വിനീഷ് പണം വാങ്ങിയ പല സ്ഥലങ്ങളിലും ഒപ്പമുണ്ടായിരുന്നു. തട്ടിപ്പിന്റെ ആസൂത്രണത്തിൽ പങ്കാളി.

ബിന്ദു, വൈശാഖ്, സി.ആർ.അഖിൽ , ഫെബിൻ ചാൾസ്, അനന്തകൃഷ്ണൻ ,കെ.ജെ.സിനി , രുദ്രാക്ഷ്

വി.അരുൺ
ചെട്ടികുളങ്ങര പേള പള്ളിയമ്പിൽ വി.അരുൺ (24): ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽനിന്നു പണം വാങ്ങി. വിനീഷ് പണം വാങ്ങിയ പല സ്ഥലങ്ങളിലും ഒപ്പമുണ്ടായിരുന്നു. തട്ടിപ്പിന്റെ ആസൂത്രണത്തിൽ പങ്കാളി.

എസ്.ആദിത്യൻ
ഓലകെട്ടിയമ്പലം ശ്രേഷ്ഠം ഹൗസിൽ എസ്.ആദിത്യൻ (ആദി–22): ദേവസ്വം ബോർഡിന്റെ ഉള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ വാച്ചർ ജോലി നൽകാമെന്നു വിശ്വസിപ്പിച്ച് 4.5 ലക്ഷം രൂപ കബളിപ്പിച്ചെന്നു പരാതിയുണ്ട്.

അനീഷ്
മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മാങ്കോണത്ത് അനീഷ് (24): വിനീഷ് ജോലി വാഗ്ദാനം ചെയ്തു പണം കൈപ്പറ്റിയപ്പോഴെല്ലാം ഒപ്പമുണ്ടായിരുന്നു. പരാതി നൽകിയ ചിലരുടെ മൊഴിയിൽ അനീഷിന്റെ പേരുണ്ട്.

സന്തോഷ് കുമാർ
മാവേലിക്കര പല്ലാരിമംഗലം മങ്ങാട്ടുവീട്ടിൽ നിന്ന് കൊയ്പ്പള്ളികാരാണ്മ സന്തോഷ് നിവാസിൽ താമസിക്കുന്ന സന്തോഷ് കുമാർ (52): ജോലി വാഗ്ദാനം ചെയ്തു മൂന്നുപേരുടെ പക്കൽനിന്നു പണം വാങ്ങി. തുക വിനീഷിനു കൈമാറി കമ്മിഷൻ വാങ്ങി.

ബിന്ദു
ചെട്ടികുളങ്ങര പേള വടക്കേത്തുണ്ടത്ത് കംപ്യൂട്ടർ സെന്റർ നടത്തുന്ന കണ്ണമംഗലം വടക്ക് ഉത്രാടം വീട്ടിൽ ബിന്ദു (43): തട്ടിപ്പിനിരയായവർക്കു തപാലിലൂടെ ലഭിച്ച വ്യാജ കത്തുകൾ തയാറാക്കിയത് ഇവരുടെ കംപ്യൂട്ടർ സെന്ററിലെന്നു പൊലീസ് കണ്ടെത്തി. ഇവിടത്തെ കംപ്യൂട്ടർ ഹാർഡ് ഡിസ്കുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളിലൊരാൾ മക്കളെ ട്യൂഷൻ പഠിപ്പിച്ചതിന്റെ പരിചയത്തിൽ സെന്ററിലെത്തി കംപ്യൂട്ടർ ഉപയോഗിക്കുകയായിരുന്നെന്നും വ്യാജരേഖകൾ തയാറാക്കുകയാണെന്ന് അറിയില്ലായിരുന്നെന്നും ബിന്ദുവിന്റെ മൊഴി.

വൈശാഖ്
തൃക്കുന്നപ്പുഴ വലിയപറമ്പ് കിഴക്കേക്കര വടക്ക് തെറ്റിക്കാട്ടിൽ വൈശാഖ് (24): മുഖ്യപ്രതി വിനീഷിനു വേണ്ടി സ്വന്തം അക്കൗണ്ടിലൂടെ 2 ലക്ഷം രൂപ തിരുവനന്തപുരം സ്വദേശിയിൽനിന്നു കൈപ്പറ്റി.

സി.ആർ.അഖിൽ
വള്ളികുന്നം കടുവിനാൽ താളീരാടി ചെങ്ങാലിക്കുന്നിൽ സി.ആർ.അഖിൽ (കണ്ണൻ–24): സ്വകാര്യ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന അഖിൽ, ദേവസ്വം ബോർഡിൽ ജോലിക്കായി ആദ്യം 4.5 ലക്ഷം രൂപ മുഖ്യപ്രതി വിനീഷിനു നൽകി. കബളിപ്പിക്കപ്പെട്ടെന്നു മനസ്സിലായപ്പോൾ ക്ഷേത്രത്തിലെത്തിയ മറ്റു പലരെയും ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വിനീഷിനു നൽകി. ഇതിൽ‌നിന്നു കമ്മിഷൻ കൈപ്പറ്റി.

ഫെബിൻ ചാൾസ്
കൊല്ലം ബിഎസ്എൻഎൽ സ്റ്റാഫ് ക്വാർട്ടേഴ്സ് ബി–10 ഫെബിൻ ചാൾസ് (23): ഖത്തറിൽ ജോലി ചെയ്യവേ ഒപ്പമുണ്ടായിരുന്ന ദീപു ത്യാഗരാജൻ വഴി ഹിന്ദുമത വിശ്വാസിയായ ഭാര്യയ്ക്ക് ദേവസ്വം ബോർഡിൽ ജോലിക്കായി 6.5 ലക്ഷം രൂപ വിനീഷിനു നൽകി. നിയമന ശുപാർശ ലഭിച്ചപ്പോൾ വ്യാജമാണെന്നു മനസ്സിലായതോടെ പണം തിരികെ വാങ്ങി. നാട്ടിലെത്തിയ ശേഷം വിനീഷുമായി സൗഹൃദം തുടർന്നു. കൊല്ലം, കരുനാഗപ്പള്ളി, തിരുവനന്തപുരം മേഖലകളിലെ 27 പേരിൽ നിന്നായി ഒരു കോടി രൂപ വാങ്ങി വിനീഷിനു നൽകി.

കെ.ജെ.സിനി , അനന്തകൃഷ്ണൻ
ചെട്ടികുളങ്ങര ഈരേഴ തെക്ക് അയ്യപ്പഭവനം കെ.ജെ.സിനി (സിനി എസ്.പിള്ള–47), മകൻ അനന്തകൃഷ്ണൻ (അനന്തു–23): അനന്തകൃഷ്ണനു ജോലിക്കു വേണ്ടി സിനി പലപ്പോഴായി 3.5 ലക്ഷം മുഖ്യപ്രതി വിനീഷിനു നൽകി. വിനീഷ് നൽകിയ വ്യാജ നിയമന ഉത്തരവ് യഥാർഥമാണെന്നു വിശ്വസിച്ച് സിനി മറ്റു പലരെയും ജോലി ലഭിക്കുമെന്നു വിശ്വസിപ്പിച്ചു. 20 പേരിൽ നിന്നായി ലക്ഷക്കണക്കിനു രൂപ സിനിയും അനന്തകൃഷ്ണനും വാങ്ങി വിനീഷിനു കൊടുത്ത് കമ്മിഷൻ കൈപ്പറ്റി.

രുദ്രാക്ഷ്
കരുനാഗപ്പള്ളി കൊല്ലക വടക്കുംതല മൂന്ന് സെന്റ് കോളനി രുദ്രാക്ഷ് (കുക്കു–27): ആറുപേരിൽനിന്ന് 75 ലക്ഷം രൂപ വാങ്ങി. കൊല്ലം സ്വദേശി വിഷ്ണു നൽകിയ പരാതിയിൽ പേര് പരാമർശിക്കപ്പെട്ടു. തട്ടിപ്പിലെ മുഖ്യ ഏജന്റ് ഫെബിൻ ചാൾസ്, മുഖ്യപ്രതി വിനീഷ്‌ എന്നിവരെ പരിചയപ്പെടുത്തിയത് രുദ്രാക്ഷ് ആണെന്നു വിഷ്ണുവിന്റെ മൊഴി.

ആകെ റജിസ്റ്റർ ചെയ്ത കേസുകൾ54
ആകെ നഷ്ടമായ തുക (കോടി ) 3.5
മുഖ്യപ്രതി വിനീഷിന് എതിരെയുള്ള ആകെ കേസുകൾ 55
ദേവസ്വം ബോർഡ് തട്ടിപ്പ് കേസ്: 53
താമസസ്ഥലത്ത്
മദ്യം സൂക്ഷിച്ചതിന് അബ്കാരി കേസ്: 1
 മൃഗസംരക്ഷണ വകുപ്പിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചതിന്: 1

അവസാന കണ്ണിയും കുടുങ്ങണം

തട്ടിപ്പുസംഘത്തിലെ അവസാനത്തെ കണ്ണിയെ വരെ പിടികൂടണം. തട്ടിപ്പുകൾ ആവർത്തിക്കാത്ത വിധം ശിക്ഷിക്കണം. വലിയ തട്ടിപ്പാണു നടന്നത്. പൊലീസ് നടപടി തുടരുകയാണ്. ഇത്തരം സംഭവങ്ങൾ ഒട്ടേറെ ഉണ്ടായിട്ടും ആളുകൾ തിരിച്ചറിയുന്നില്ല. പുതിയ പരാതികൾ വന്നുകൊണ്ടിരിക്കുന്നു. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പൊലീസിനോടു നേരത്തേ ആവശ്യപ്പെട്ടിരുന്നു. വിശദമായ അന്വേഷണം ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ചിനെ ഏൽപിക്കണം. ആർ.നാസർ (സിപിഎം ജില്ലാ സെക്രട്ടറി)

സിബിഐ വരട്ടെ

സിബിഐ പോലുള്ള ഏജൻസി അന്വേഷിക്കണം. ഞെട്ടിക്കുന്ന തട്ടിപ്പാണു നടന്നത്. സംസ്ഥാനത്തെ തൊഴിലില്ലായ്മയും ചെറുപ്പക്കാരുടെ ആശങ്കകളും ചൂഷണം ചെയ്യുന്ന മാഫിയയാണ് ഇതിനു പിന്നിൽ. ‘തൊഴിലില്ല’ എന്ന യുവജനങ്ങളുടെ ബലഹീനത അവർ മുതലെടുത്തു. ഇതിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ബി.ബാബുപ്രസാദ് (ഡിസിസി പ്രസിഡന്റ്)

ക്രൈംബ്രാഞ്ചിനു വിടണം

തട്ടിപ്പിനെപ്പറ്റി ഉന്നതതല അന്വേഷണം വേണം. വ്യാപക തട്ടിപ്പാണു നടന്നതെന്ന് അന്വേഷണത്തിലൂടെ വ്യക്തമാകുന്നുണ്ട്. കൂടുതൽ പ്രതികളുണ്ടെന്ന് ജനങ്ങൾ സംശയിക്കുന്നു. പുതിയ പരാതികളിലും അതിന്റെ സൂചനയുണ്ട്. വലിയ തുക ഉൾപ്പെട്ട കേസായതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്ന് പൊലീസിനും അഭിപ്രായമുണ്ട്. അത് അധികൃതർ ഗൗരവത്തിലെടുക്കണം.  എം.വി.ഗോപകുമാർ (ബിജെപി ജില്ലാ പ്രസിഡന്റ്)

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com