ADVERTISEMENT

ആലപ്പുഴ ∙ രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായി പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ജില്ലാ കമ്മിറ്റി ഓഫിസുകളിൽ ഉൾപ്പെടെ ജില്ലയിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നു.  ആലപ്പുഴ ഇരുമ്പുപാലത്തിനു സമീപമുള്ള എസ്ഡിപിഐയുടെ ജില്ലാ കമ്മിറ്റി ഓഫിസിലും വെള്ളക്കിണർ ഇർഷാദ് പള്ളിക്ക് സമീപമുള്ള പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മിറ്റി ഓഫിസിലും ഇന്നലെ രാത്രി 8 മുതൽ 9.30 വരെ സൗത്ത് പൊലീസ് പരിശോധന നടത്തി.

ലഘുലേഖകളും മറ്റും പിടിച്ചെടുത്തു. പൂട്ടിയിട്ട ഓഫിസുകളിൽ പ്രവേശിക്കാൻ താക്കോലുമായി എത്താൻ ഭാരവാഹികളോട് ആവശ്യപ്പെട്ടെങ്കിലും എത്താത്തതിനെ തുടർന്ന് പൂട്ട് പൊളിച്ച് പൊലീസ് അകത്ത് പ്രവേശിക്കുകയായിരുന്നു. സൗത്ത് സിഐ എസ്.മനോജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും മണ്ണഞ്ചേരിയിലെ ഓഫിസുകളിലും പരിശോധന നടത്തിയെങ്കിലും രേഖകളൊന്നും കണ്ടെത്താനായില്ലെന്നു പൊലീസ് പറഞ്ഞു. മണ്ണഞ്ചേരി ജംക്‌ഷന് സമീപം ഇരുനിലകളിലായാണ് ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫിസ് തുറന്നു കിടക്കുകയായിരുന്നു. എസ്ഡിപിഐ ഓഫിസ് പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് ഭാരവാഹികൾ തുറന്നു നൽകി. മണ്ണഞ്ചേരി സിഐ പി.കെ.മോഹിത്, എസ് ഐ കെ.ആർ.ബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചേർത്തല ഡിവൈഎസ്പി ടി.ബി. വിജയന്റെ നേതൃത്വത്തിൽ പൂച്ചാക്കൽ, ചേർത്തല, അരൂർ, കുത്തിയതോട് പൊലീസ് സ്റ്റേഷന് പരിധിയിലെ 12 വീടുകളിൽ പരിശോധന നടത്തി. പൂച്ചാക്കൽ, കുത്തിയതോട് പരിധിയിൽ നാലിടത്തും അരൂരിൽ മൂന്നിടത്തും ചേർത്തലയിൽ ഒരിടത്തുമായിരുന്നു പരിശോധന. ഹർത്താലുമായി ബന്ധപ്പെട്ട് അരൂരിൽ നടന്ന പ്രകടനത്തിനെതിരെ അരൂർ പൊലീസ് കേസെടുത്തിരുന്നു. ഇതിലെ പ്രതികൾ, ആഹ്വാനം ചെയ്ത നേതാക്കൾ എന്നിവരെ തിരക്കിയായിരുന്നു പരിശോധന. ആരും വീടുകളിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

3 പേർ അറസ്റ്റിൽ

ഹരിപ്പാട് ∙ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിനോടനുബന്ധിച്ച് കരുവാറ്റയിൽ ദേശീയപാത ഉപരോധിച്ച കേസിലെ 3 പ്രതികളെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി പുതുക്കുണ്ടം ഇളംകുന്നത്ത് തെക്കതിൽ ഷുക്കൂർ(48), മണ്ണാറശാല കൂറത്തിൽ വീട്ടിൽ സാലിൻ(30), ഹരിപ്പാട് തുലാംപറമ്പ് പുതിക്കാട്ടിൽ നജുമുദീൻ(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 4 പ്രവർത്തകരുടെ വീടുകളിൽ പരിശോധന നടത്തിയതായും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സിഐ വി.എസ്. ശ്യാംകുമാർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com