തടങ്കലിൽ ഉള്ളവരെ കിലോമീറ്ററുകൾ ഓടിച്ച് ഗുണ്ടാസംഘം; ശരീരം പൊള്ളിച്ചു, ഭക്ഷണമോ, വെള്ളമോ നൽകാതെ പൂട്ടിയിട്ടു

HIGHLIGHTS
  • വിവിധ തൊഴിൽ തട്ടിപ്പുകേസുകളിൽ ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
  • കൊണ്ടുപോകുന്നത് ടൂറിസ്റ്റ് വീസയിൽ
alp-visa-job-fraud
SHARE

തൊഴിൽ വീസ ഉടൻ തരാമെന്ന ഏജന്റിന്റെ വാഗ്ദാനം വിശ്വസിച്ച് ടൂറിസ്റ്റ് വീസയിൽ മലേഷ്യയിലെത്തുവന്നവർ നേരിടേണ്ടിവരുന്നത് ഭീഷണിയും തടവും. എയർപോർട്ടിലെ ഉദ്യോഗസ്ഥരോട് ടൂറിസ്റ്റുകളാണെന്നു മാത്രമേ പറയാവൂ എന്ന നിബന്ധനയിലാണ് ഏജന്റുമാർ ഇരകളെ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്തെ ഏജന്റ് ഉദ്യോഗസ്ഥരെ വിശ്വസിപ്പിക്കാനായി കുറച്ചു മലേഷ്യൻ കറൻസിയും ഇവർക്കു കൈമാറിയിരുന്നു. ഈ തുകയും ഇരകളിൽ നിന്നു തന്നെയാണു വാങ്ങുന്നത്.

മലേഷ്യയിലേത്തിയപ്പോഴത്തെ അനുഭവം തിരിച്ചെത്തിയവരിൽ ഒരാൾ പറയുന്നത് ഇങ്ങനെ – ‘അവിടെ ചെന്നപ്പോൾ തന്നെ തട്ടിപ്പാണെന്നുറപ്പായി. ഓഫർ ചെയ്ത ജോലികളൊന്നുമല്ല അവിടെ തരാമെന്നു പറഞ്ഞത്. ആ ജോലി തന്നെ വേണമെന്നു പറഞ്ഞപ്പോൾ ‍ഞങ്ങളോടു കയർത്തു സംസാരിച്ചു. പിന്നീടു രാവിലെ വരെ കാക്കാൻ പറഞ്ഞു. ഇതിനിടയിൽ പാസ്പോർട്ടും കയ്യിലുള്ള തുകയും അവർക്കു നൽകാൻ പറഞ്ഞെങ്കിലും ഞങ്ങൾ സമ്മതിച്ചില്ല. രാവിലെ മുറി തുറക്കാൻ നോക്കിയപ്പോഴാണ് ഞങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്നു മനസ്സിലായത്.

jail

ഭക്ഷണം കഴിക്കണം, കയ്യിലുള്ള പണം നാട്ടിലേക്ക് അയയ്ക്കണം എന്നു പറഞ്ഞപ്പോൾ പുറത്തേക്കിറങ്ങാൻ അനുവദിച്ചു. അധികം കഴിയുന്നതിനു മുൻപേ, തിരിച്ചു വന്നാൽ എയർപോർട്ടിൽ ജോലി ശരിയാക്കിത്തരാമെന്നറിയിച്ച് ഫോൺ വന്നു. വീസപോലുമില്ലാത്ത ഞങ്ങൾക്ക് എയർപോർട്ടിൽ എങ്ങനെ ജോലി ലഭിക്കാൻ? ഉടൻ തന്നെ എയർപോർട്ടിലേക്കു തിരിച്ചതുകൊണ്ട് നാട്ടിലെത്താനായി. അവിടെ കുറേപ്പേർ കുടുങ്ങിയിട്ടുണ്ട്. അവർക്ക് ഇനി നാട്ടിലേക്ക് മടങ്ങാനാകുമോ എന്നു പോലും സംശയമാണ്’,

ഇന്നും ഭയം മാറാതെ ഹരിദാസ്

2016ൽ ജോലിത്തട്ടിപ്പിനിരയായി മലേഷ്യയിൽ എത്തിപ്പെട്ട പള്ളിപ്പാട് സ്വദേശി ഹരിദാസിന് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. അടുത്ത ബന്ധു വഴിയാണ് ചെന്നൈയിലെ ഏജന്റിനെ ഹരിദാസ് പരിചയപ്പെടുന്നത്. 30000 രൂപ ശമ്പളം ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, അവിടെയെത്തിയപ്പോഴാണ് പറഞ്ഞതിന്റെ പകുതി പോലും കിട്ടില്ലെന്നറിഞ്ഞത്. എങ്കിലും ഹരിദാസ് അവിടെ ജോലി തുടർന്നു. ഒന്നര വർഷത്തോളം ശമ്പളം കിട്ടി. പിന്നെ, അതും മുടങ്ങി. നാലു വർഷത്തോളം അവിടെ കഷ്ടപ്പെട്ടു.‘ചോദ്യം ചെയ്തപ്പോൾ കുറച്ചു തുക വീതം കൈമാറിയെന്നല്ലാതെ ശമ്പളം മുഴുവനായും കിട്ടിയില്ല. കമ്പനിയുടമ ക്രൂരനായിരുന്നു. 

ഒരു ദിവസം കടയിലേക്കു വന്ന് കലക്‌ഷൻ കുറവാണെന്നു പറഞ്ഞ് എന്നെയും കൂടെയുണ്ടായിരുന്ന ഒരു നോർത്ത് ഇന്ത്യക്കാരനെയും തടി കൊണ്ട് തല്ലി വശംകെടുത്തി. പിന്നീട് ഞങ്ങളെ ഏതോ ഗ്രാമത്തിനുള്ളിലേക്കു കൊണ്ടുപോയി. ഒരു വീടിനുള്ളിൽ പൂട്ടിയിട്ടു ദേഹം മുഴുവൻ പൊള്ളിച്ചു. 25 ദിവസം ഭക്ഷണമോ, വെള്ളമോ നൽകാതെ, ഇരിക്കാൻ പോലും സമ്മതിക്കാതെ ഒരേ നിൽപു നിർത്തി. 

സ്വർണപ്പണി നടക്കുന്ന സ്ഥലമായിരുന്നു അത്. അവിടെയുള്ള രണ്ടു ചെറുപ്പക്കാർ ഞങ്ങളുടെ ഫോട്ടോ എടുത്തുകൊണ്ടു പോയി അവിടത്തെ മാധ്യമങ്ങൾക്കു കൈമാറി. അവിടെ വന്ന വാർത്തകളാണ് ഞങ്ങളെ രക്ഷപ്പെടുത്തിയത്. ജീവൻ തിരിച്ചു കിട്ടിയതു പോലും ഭാഗ്യമാണ്. നാട്ടിൽ വന്ന് കേസ് കൊടുത്തെങ്കിലും ഏജന്റിനെ ഇതുവരെ പിടിച്ചിട്ടില്ലെന്നാണ് അറിഞ്ഞത്. അന്വേഷണം നടക്കുന്നുണ്ടോയെന്നു പോലും അറിയില്ല’, ഹരിദാസ് പറഞ്ഞു.

തട്ടിപ്പ് നടത്തുന്ന ഏജൻസിക്ക് ഉന്നതബന്ധമെന്ന് പരാതിക്കാർ

ജോലി വാഗ്ദാനം ചെയ്ത് മലേഷ്യയിലേക്ക് ആളുകളെ കടത്തുന്ന എറണാകുളത്തെ ഏജൻ‍സി പ്രവർത്തകർക്ക് ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്ന് പരാതിക്കാർ. ടൂറിസ്റ്റ് വീസയിൽ പോകുന്നവർ നിർബന്ധമായും കയ്യിൽ കരുതേണ്ട പണം (ഷോ മണി) പോലുമില്ലാതെയാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചത്. ഷോ മണിയില്ലെന്നു പറഞ്ഞതോടെ ഏജൻസിയിൽ പ്രവർത്തിക്കുന്ന ‘മാഡം’ അവിടത്തെ ഉദ്യോഗസ്ഥരെ വിളിച്ചു. പിന്നീട് ചോദ്യമൊന്നും ഉണ്ടായില്ല. യാത്രയ്ക്ക് അനുമതി നൽകി. മലേഷ്യയിൽ ചെന്നപ്പോഴും ഇതു തന്നെയാണു സംഭവിച്ചത്– പരാതിക്കാരിൽ ഒരാൾ പറഞ്ഞു.

‘വാഗ്ദാനം ചെയ്ത ജോലികളൊന്നുമല്ല ഞങ്ങൾക്കു തന്നത്. ഭക്ഷണത്തിനു വേണ്ട പണം പോലും നാട്ടിൽ നിന്ന് ചോദിക്കേണ്ടി വന്നു. ആഴ്ചയിൽ കുറഞ്ഞത് 3 തവണയെങ്കിലും ഏജൻസി വഴി ആളുകൾ മലേഷ്യയിൽ എത്തുന്നുണ്ട്. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്നവർ ഒട്ടേറെപ്പേരാണ്. ചിലർ ജോലി ശരിയായെന്നു പറയുന്നുണ്ട്.

പക്ഷേ, അങ്ങനെ ജോലി കിട്ടിയവർക്കു പോലും പെർമിറ്റ് കിട്ടിയിട്ടില്ല. അവിടെ പെർമിറ്റ് കിട്ടാനും ബുദ്ധിമുട്ടാണെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്’, എറണാകുളം സ്വദേശിയായ യുവാവ് പറഞ്ഞു. ഇന്നലെയും ഏജൻസി വഴി 12 പേർ മലേഷ്യയിൽ എത്തിയിട്ടുണ്ടെന്നാണു വിവരം.

തടങ്കലിൽ ഉള്ളവരെ കിലോമീറ്ററുകൾ ഓടിച്ച് ഗുണ്ടാസംഘം 

ചെന്നൈ ∙ മ്യാൻമറിൽ ഇന്ത്യക്കാരെ തടങ്കലിലാക്കിയ സായുധസംഘം, വിവരം ചോർന്നതിന്റെ പേരിൽ അവരെ ശിക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മലയാളികളടക്കമുള്ളവരെ കിലോമീറ്ററുകൾ നിർത്താതെ ഓടിക്കുന്നത് ഇതിൽ കാണാം. സംഘം ഭീഷണിപ്പെടുത്തിയും മർദിച്ചും സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്നത് വാർത്തയാകുകയും കേന്ദ്രം ഇടപെടുകയും ചെയ്തതോടെയാണു പ്രതികാര നടപടികൾ. 

അതേ സമയം, രക്ഷാശ്രമങ്ങൾ ഇഴയുകയാണ്. വിവരം പുറത്തായി ഒരാഴ്ച പിന്നിടുമ്പോഴും പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയല്ലാതെ ഒന്നും ചെയ്യാൻ വിദേശകാര്യമന്ത്രാലയത്തിനായിട്ടില്ല. എംബസിയെ ബന്ധപ്പെടുമ്പോൾ ഒരു മറുപടിയും ലഭിക്കുന്നില്ലെന്നു പരാതിയുണ്ട്. തായ്‌ലൻഡിലേക്കു ഡേറ്റ എൻട്രി ജോലിക്കായി പോയ 30 മലയാളികൾ അടക്കം അഞ്ഞൂറോളം ഇന്ത്യക്കാരെയാണു സായുധ സംഘം മ്യാൻമറിലേക്കു തട്ടിക്കൊണ്ടുപോയത്. 

ഇന്ത്യക്കാരെ അടുത്ത രഹസ്യസങ്കേതത്തിലേക്കു മാറ്റുന്നതിന്റെ ഭാഗമായി നിലവിലെ  താമസ സ്ഥലത്തെ വീട്ടുപകരണങ്ങളെല്ലാം ഗുണ്ടാസംഘം നീക്കി. എംബസി മുഖേന ഇടപെടൽ വരുന്നതിനു മുൻപ് സ്ഥലം മാറുകയാണു ലക്ഷ്യം. ഇന്ന് അവസാന ബാച്ച് ആളുകളെയും മാറ്റുമെന്നാണു വിവരം ലഭിച്ചതെന്ന് തടങ്കലിലുള്ളവർ പറയുന്നു.

മ്യാൻമറിൽ കുടുങ്ങിയവരെ ക്യാംപ് മാറ്റാൻ തൊഴിലുടമകളുടെ ശ്രമം

ആലപ്പുഴ∙ മ്യാൻമറിൽ കുടുങ്ങിയ മലയാളികളടക്കമുള്ളവരെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി ശ്രമം തുടരുന്നതിനിടെ ഇവരെ മറ്റൊരു കേന്ദ്രത്തിലേക്കു മാറ്റാൻ തൊഴിലുടമകളുടെ നീക്കം. ഒക്ടോബർ ഒന്നിന് മാറ്റുമെന്നു സൂചന നൽകിയതായി തടവിൽ കഴിയുന്നവർ പറഞ്ഞു. 

കഴിഞ്ഞദിവസം മറ്റൊരു ക്യാംപിലേക്കു മാറ്റുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഇത് ഒക്ടോബറിലായിരിക്കും എന്ന് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നിനു തന്നെ മാറ്റുമെന്ന് അറിയിപ്പു വന്നത്. ഗ്രൂപ്പ് ലീഡറാണ് തീയതി അറിയിച്ചതെന്നും എവിടേക്കാണ് മാറ്റുന്നതെന്ന വിവരം പറഞ്ഞിട്ടില്ലെന്നും തടവിൽ കഴിയുന്നവർ പറഞ്ഞു.

നിലവിൽ ഇവരുടെ വാട്സാപ് സന്ദേശങ്ങൾ അടക്കം കമ്പനി പരിശോധിക്കുന്നുണ്ട്. ഫോൺ ഉപയോഗിക്കുന്നതിനും നിയന്ത്രണം വന്നിട്ടുണ്ട്. അഞ്ഞൂറോളം ഇന്ത്യക്കാർ ഇവിടെ കുടുങ്ങിയിട്ടുണ്ടെന്നാണു സൂചന.

പേടിച്ചാണ് ജീവിതം 

‘ജോലിക്കു പോകാതിരുന്നാൽ ക്യാംപ് മാറ്റുമെന്നാണ് അറിയുന്നത്. 15 മലയാളികൾ ഈ കമ്പനിയിൽ തന്നെയുണ്ട്. ഇപ്പോഴും ഇന്ത്യക്കാര്‍ ഇവിടെ എത്തുന്നുമുണ്ട്. കഴിഞ്ഞ ദിവസവും 3 പേർ എത്തി. മിലിറ്ററി ഉദ്യോഗസ്ഥരും ഇവിടെ പട്രോളിങ്ങിന് എത്തുന്നുണ്ട്. പക്ഷേ, രക്ഷപ്പെടാൻ അതൊന്നും പോരാ. അവരോടു പറഞ്ഞിട്ടു കാര്യവുമില്ല. അടുത്ത മുറിയിലുള്ളവരോടു സംസാരിക്കാൻ പോലും ഇപ്പോൾ അനുവാദമില്ല. ഓരോ മാസവും ടാർഗറ്റ് ഉണ്ട്. അത് പൂർത്തിയാക്കിയില്ലെങ്കിൽ ഭക്ഷണം ലഭിക്കുന്നതിനുള്ള കാർഡ് പോലും പിടിച്ചുവയ്ക്കും. ഒപ്പമുണ്ടായിരുന്ന ചൈനയിൽനിന്നുള്ള ഒരാളെ കുറച്ചു ദിവസമായി കാണാനില്ല. ചോദിച്ചപ്പോൾ മിസ്സിങ് കേസാണെന്നു മാത്രമാണു പറഞ്ഞത്. അയാൾക്ക് എന്തു സംഭവിച്ചെന്നു പോലും അറിയില്ല. പേടിച്ചാണ് ഓരോ ദിവസവും കഴിയുന്നത്’,  - തടവിൽക്കഴിയുന്ന ആലപ്പുഴ സ്വദേശി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA