ADVERTISEMENT

മുഹമ്മ ∙ കേരളത്തിലെ ആദ്യ പോസ്റ്റ്‌ വുമൺ തോട്ടുമുഖപ്പിൽ ആനന്ദവല്ലി (90) അന്തരിച്ചു.  ഒരുമാസമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് മണ്ണഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1964 ൽ പോസ്റ്റ് വുമണായി സർവീസിൽ പ്രവേശിച്ച ആനന്ദവല്ലി സൈക്കിളിൽ തപാൽ വിതരണം നടത്തിയ ആദ്യ വനിത കൂടിയാണ്.

ആലപ്പുഴ എസ്‌ഡിവി ഹൈസ്കൂളിലും എസ്‌ഡി കോളജിലുമായിരുന്നു പഠനം. 1991 ൽ മുഹമ്മ പോസ്റ്റ് ഓഫിസിൽനിന്നാണ് വിരമിച്ചത്. സംസ്കാരം നടത്തി. ഭർത്താവ്:പരേതനായ വി.കെ.രാജൻ (റിട്ട.സംസ്‌കൃതാധ്യാപകൻ). മക്കൾ : ആർ.ധനരാജ്.( ഫൊട്ടോഗ്രഫർ ), ഉഷാകുമാരി. മരുമക്കൾ : ശ്രീവള്ളി ധനരാജ്,  ബൈജു.

പഴമക്കാരുടെ മനസ്സിലിന്നും സൈക്കിളിൽ കത്തുമായി വരുന്ന ആനന്ദവല്ലി 

മുഹമ്മ ∙ കേരളത്തിലെ ആദ്യത്തെ പോസ്റ്റ് വുമൺ തോട്ടുമുഖപ്പിൽ കെ.ആർ.ആനന്ദവല്ലിക്ക് മുഹമ്മ ഗ്രാമം കണ്ണീരോടെ വിട നൽകി.  സ്ത്രീകൾ അപൂർവമായി മാത്രം സൈക്കിൾ സവാരി നടത്തിയിരുന്ന പഴയകാലത്ത്  സൈക്കിളിൽ  കത്തുകളുമായി നാടുചുറ്റിയ ആനന്ദവല്ലി പഴമക്കാരുടെ മനസ്സിലിന്നും ഒളിമങ്ങാത്ത ഓർമയാണ്. ആലപ്പുഴ തത്തംപള്ളി കുന്നേപ്പറമ്പിൽ ആയുർവേദ വൈദ്യനായിരുന്ന കെ.ആർ.രാഘവൻ വൈദ്യരുടെ മൂത്തമകളാണ്.

ആലപ്പുഴ എസ്‌ഡിവി ഹൈസ്കൂളിലും   എസ്‌ഡി കോളജിലുമായിരുന്നു പഠനം.  പോസ്റ്റ് വുമൺ ആയിരുന്നപ്പോൾ ലഭിച്ച ആദ്യശമ്പളം 97 രൂപ 50 പൈസയായിരുന്നു. ആനന്ദവല്ലിയുടെ സൈക്കിൾ ഇന്നും തോട്ടുമുഖപ്പിൽ വീട്ടിൽ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. മുഹമ്മ തോട്ടുമുഖപ്പിൽ പരേതനായ സംസ്‌കൃത അധ്യാപകൻ വി.കെ.രാജനാണ് ആനന്ദവല്ലിയുടെ ഭർത്താവ്.

ആലപ്പുഴയിലെ വിവിധ  തപാൽ ഓഫിസുകളിൽ ക്ലാർക്കായും പോസ്റ്റ് മിസ്ട്രസായും സേവനം അനുഷ്ഠിച്ചിട്ടുള്ള ആനന്ദവല്ലി 1991 ൽ മുഹമ്മ പോസ്റ്റ് ഓഫിസിൽനിന്നാണ് വിരമിച്ചത്. തപാൽ ദിനത്തിൽ മുൻമന്ത്രി തോമസ് ഐസക് ആനന്ദവല്ലിയെ വീട്ടിലെത്തി ആദരിച്ചിരുന്നു.  ഒട്ടേറെപ്പേർ ഇന്നലെ തോട്ടുമുഖപ്പിൽ  വീട്ടിലെത്തി  ആനന്ദവല്ലിക്ക്  അന്തിമോപചാരം അർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com