ADVERTISEMENT

ആലപ്പുഴ ∙  നാടിനെയാകെ നടുക്കി കോമളപുരം കിഴക്കേത്തയ്യിൽ ബിന്ദുമോന്റെ (43) ദുരൂഹ മരണം. നാട്ടിൽ ഏറെ സുഹൃത്തുക്കളുള്ള ബിന്ദുമോൻ ബിജെപി പ്രവർത്തകനാണ്. നാട്ടിൽ പൊതുവേ മതിപ്പുള്ളയാളാണ്. കയർ തടുക്ക് നിർമാണ കമ്പനികളിൽ മാറിമാറി ജോലി ചെയ്യുകയായിരുന്നു ബിന്ദുമോൻ. സ്ഥിരം വരുമാനം ഇല്ലാത്തതിനാൽ ബിന്ദുമോൻ തന്നെ വിവാഹം നീട്ടിക്കൊണ്ടുപോകുകയായിരുന്നെന്ന് ജ്യേഷ്ഠൻ സജി പറഞ്ഞു.

ചങ്ങനാശേരിയിൽ കൊല്ലപ്പെട്ട ബിന്ദുമോന്റെ മാതാപിതാക്കളായ ആലപ്പുഴ ആര്യാട് കോമളപുരം കിഴക്കേത്തയിൽ വീട്ടിൽ പുരുഷനും കമലയും .

ചമ്പക്കുളത്തേക്കെന്നു പറഞ്ഞാണ് 26നു ബിന്ദുമോൻ പോയത്. പിറ്റേന്നും കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീടിനടുത്ത് തമ്പകച്ചുവട്ടിൽ ഒരു സംസ്കാര ചടങ്ങിന് ബിന്ദുമോൻ എത്തിയിരുന്നു. വൈകിട്ട് കുട്ടനാട്ടിലെ ബന്ധുവീട്ടിൽ പോകുമെന്ന് ചില സുഹൃത്തുക്കളോടു പറയുകയും ചെയ്തു. രാത്രി സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ ബിന്ദുമോനെ കിട്ടിയില്ല.

പറഞ്ഞ സമയത്തു വീട്ടിലെത്താറുള്ള ബിന്ദുമോനെ രാത്രി വൈകിയും കാണാതായപ്പോൾ സഹോദരൻമാർ നാട്ടിലും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിലും അന്വേഷിച്ചിരുന്നു. ഫലമില്ലാതായപ്പോഴാണ് സജി ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ 27 ന് പരാതി നൽകിയത്. പൊലീസ് അന്നു തന്നെ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

സിഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐ എസ്.മനോജ്, സിപിഒമാരായ എം.എം. റോബിൻസൺ, എസ്.ഗിരീഷ്, ഉല്ലാസ്, എബി എന്നിവരുടെ അന്വേഷണത്തിലാണ് ബിന്ദുമോൻ കൊല്ലപ്പെട്ടെന്ന് ഇന്നലെ വ്യക്തമായത്. ഫോൺ വിളികൾ പിന്തുടർന്ന് പൊലീസ് കൃത്യം നടന്ന സ്ഥലം കണ്ടെത്തുകയും ചെയ്തു.

വീട്ടിൽനിന്ന് ഇറങ്ങിയത്, നേരത്തെ വരാമെന്നു പറഞ്ഞ്

‘‘നേരത്തെ വരാമെന്നു പറഞ്ഞാണ് പോയത്. അങ്ങനെ പറഞ്ഞ് പോകുമ്പോഴെല്ലാം നേരത്തെ വരികയും ചെയ്യും. അന്നു കാണാതായപ്പോൾ നെ‍ഞ്ചിൽ തീയായി. ഇങ്ങനെ വരുമെന്ന് കരുതിയില്ല’’ – ബിന്ദുമോൻ കൊല്ലപ്പെട്ടെന്നറിഞ്ഞ് പിതാവ് പുരുഷൻ വിലപിച്ചു. മാതാവ് കമല തൊട്ടടുത്ത് മൂകയായി ഇരുന്നു. ആരുമായും വാക്കുതർക്കത്തിനു പോലും ബിന്ദുമോൻ ഇതുവരെ പോയിട്ടില്ലെന്ന് പുരുഷൻ പറയുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചത് ബന്ധുക്കൾക്കും നാട്ടുകാർക്കും വിശ്വസിക്കാൻ കഴിയുന്നില്ല.

വയോധികരായ പുരുഷനെയും കമലയെയും ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് മകന്റെ മരണവിവരം അറിയിച്ചത്. കാഴ്ചത്തകരാറുള്ള കമലയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നത് ബിന്ദുമോനാണ്. അമ്മയോട് ബിന്ദുമോന് വലിയ സ്നേഹമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. മാതാപിതാക്കളെ നോക്കാൻ ബിന്ദുമോന് ആകെ ഉണ്ടായിരുന്നത് കയർ ഫാക്ടറി ജോലിയിൽനിന്നുള്ള ചെറിയ വരുമാനമാണ്. വർഷങ്ങൾക്ക് മുൻപ് ചെറിയൊരു വീട് പണിതെങ്കിലും പൂർത്തിയായിട്ടില്ല.

യുവാവിനെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ടു; പ്രതി മുത്തുകുമാർ പിടിയിൽ, 2 പേർ ഒളിവിൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com