ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിന്റെ പുരാതന മുഖമായ ബോട്ട് ജെട്ടിയും സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് കെട്ടിടവും പൊളിച്ചു മാറ്റുന്നു. രാജഭരണത്തിന്റെ മുദ്രയും നിർമാണവും അടയാളപ്പെടുത്തിയ കെട്ടിടം പൊളിച്ചു മാറ്റുമ്പോൾ താൽക്കാലിക ജെട്ടിയും സ്റ്റേഷൻ ഓഫിസും 3 മാസത്തിനകം കെഎസ്ആർടിസി ബസ് സ്റ്റേഷന് കിഴക്ക് മാതാ ജെട്ടിയോട് ചേർന്നു നിർമിക്കും. നഗര നവീകരണ പാക്കേജിന്റെ ഭാഗമായി മൊബിലിറ്റി ഹബ് 400 കോടി രൂപ ചെലവിൽ നിർമിക്കുന്നതിന്റെ മുന്നോടിയായി ആണ് 50 ലക്ഷം രൂപ ചെലവിൽ താൽക്കാലിക നിർമാണം നടത്തുന്നത്.

താൽക്കാലിക ജെട്ടി, സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ്, സംരക്ഷണ ഭിത്തി, ബോട്ടുകൾ കെട്ടാനുള്ള തെങ്ങ് കുറ്റി, ജീവനക്കാർക്കും യാത്രക്കാർക്കും വിശ്രമ മുറികൾ തുടങ്ങിയ 3 മാസം കൊണ്ട് പൂർത്തിയാക്കാനാണ് പൊതുമരാമത്ത് വിഭാഗത്തിന്റെ തീരുമാനം. കോട്ടയം, കൃഷ്ണപുരം, ചങ്ങനാശേരി, നെടുമുടി, കൈനകരി ഭാഗങ്ങളിലേക്കും പാതിരാമണൽ, ആർ ബ്ലോക്ക്, കൈനകരി എന്നിവിടങ്ങളിലേക്ക് സീ കുട്ടനാട് ടൂറിസ്റ്റ് ബോട്ടും ഉൾപ്പെടെ ദിവസവും 110–120 സർവീസ് നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ ബോട്ട് ജെട്ടിയും സ്റ്റേഷനും നിർദിഷ്ട താൽക്കാലിക ജെട്ടിയിൽ പ്രവർത്തിക്കുമോ എന്ന ആശങ്ക യാത്രക്കാരും ജീവനക്കാരും പ്രകടിപ്പിക്കുന്നു. സ്റ്റേഷനിലെ നൂറോളം ജീവനക്കാരെ കൂടാതെ ഇതര സ്റ്റേഷനുകളിൽ നിന്നു വരുന്നവരും യാത്രക്കാരും പ്രാഥമിക ആവശ്യങ്ങളും വിശ്രമം, ഭക്ഷണം, ബോട്ടുകളുടെയും ഓഫിസിന്റെയും സുരക്ഷ എന്നിവ പരിമിതമായ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ ജെട്ടിയിൽ ലഭിക്കില്ല.

ഫിനിഷിങ് പോയിന്റിൽ ദേശീയ ജലപാത അതോറിറ്റിയുടെ ടെർമിനൽ നിർമിച്ചിട്ട് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നുണ്ട്. ഈ കെട്ടിടം താൽക്കാലികമായി വിട്ടുകൊടുത്താൽ ബോട്ട് ജെട്ടിക്കും സ്റ്റേഷൻ ഓഫിസിനും വിപുലമായ സൗകര്യം ലഭിക്കും. മൊബിലിറ്റി ഹബ്ബിന്റെ നിർമാണം തുടങ്ങുമ്പോൾ കോടതിപ്പാലം വഴിയുള്ള ബസ് ഗതാഗതം പുന്നമട വഴിയാണ് തിരിച്ചുവിടുന്നത്. അപ്പോൾ ബസ് യാത്രക്കാർക്ക് ടെർമിനലിൽ ഇറങ്ങി ബോട്ട് ജെട്ടിയിലേക്ക് പോകാനും എളുപ്പമാകും. താൽക്കാലിക ജെട്ടിക്കും മറ്റും 50 ലക്ഷം രൂപ ചെലവഴിക്കുന്നത് ഒഴിവാക്കുകയും ചെയ്യാം.

കോടതിപ്പാലം പൊളിച്ച് മൊബിലിറ്റി ഹബ് നിർമിക്കാൻ ബോട്ട് ജെട്ടിയും സ്റ്റേഷൻ ഓഫിസും മാതാ ജെട്ടിയിലേക്ക് മാറ്റാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഹബ്ബിന്റെ പണി തീർന്നു കഴിയുമ്പോൾ ജെട്ടിയും മറ്റും തിരികെ കൊണ്ടുവരും. ബോട്ടുകൾ തിരിക്കാനും കയറ്റി ഇടാനും യാത്രക്കാർക്ക് മഴയും വെയിലും കൊള്ളാതിരിക്കാനും താൽക്കാലിക ജെട്ടിയിൽ സൗകര്യം വേണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ ജെട്ടിയിൽ വ്യാപാരം നടത്തുന്നവർക്ക് നഷ്ടപരിഹാരം നൽകുന്നതും വകുപ്പും തമ്മിൽ ബന്ധമില്ല. നിലവിലുള്ള ബോട്ട് ജെട്ടിയുടെ മുകളിൽക്കൂടിയാകും പുതിയ ബോട്ട് ടെർമിനലും പാലവും പണിയുക

 ഷാജി വി.നായർ, ഡയറക്ടർ, സംസ്ഥാന ജല ഗതാഗത വകുപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com