ADVERTISEMENT

ചെങ്ങന്നൂർ ∙ നഗരസഭ വക സ്ഥലം ഏറ്റെടുക്കാൻ കഴിയാതെ വന്നതോടെ അവസാനഘട്ടത്തിൽ നന്ദാവനം– എൻജിനീയറിങ് കോളജ് റോഡ് നിർമാണം വഴിമുട്ടി. വീതി കുറഞ്ഞ റോഡിന്റെ വശങ്ങളിൽ സ്വകാര്യവ്യക്തികളുടെ ഭൂമി കൂടി ഏറ്റെടുത്ത് വീതി കൂട്ടുകയും ട്രാൻസ്ഫോമറും വൈദ്യുതി തൂണുകളും മാറ്റി സ്ഥാപിക്കുകയും ചെയ്തിരുന്നു. പൈപ് ലൈൻ മാറ്റുന്ന ജോലികളും നടത്തി.

ആദ്യഘട്ട നിർമാണം പൂർത്തിയായെങ്കിലും ഫയർസ്റ്റേഷൻ പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടത്തോടു ചേർന്ന നഗരസഭ വക ഭൂമി കൂടി ലഭിച്ചെങ്കിലേ റോഡ് നിർമാണം പൂർത്തിയാക്കാനാകൂ. ബാക്കി ഭാഗത്തു മെറ്റലിങ്, ടാറിങ്, വശങ്ങളുടെ കോൺക്രീറ്റ് എന്നിവ മാത്രമാണു പൂർത്തിയാക്കാനുള്ളത്. 2.5 കോടി രൂപയോളം മതിപ്പുള്ള 9 സെന്റ് ഭൂമിയാണ് സ്വകാര്യവ്യക്തികൾ റോഡിനായി വിട്ടുനൽകിയത്. സ്ഥലം വിട്ടുനൽകിയവരുടെ ഭൂമിയിലെ പൊളിച്ച ചുറ്റുമതിൽ പൊതുമരാമത്ത് വകുപ്പ് പുനർനിർമിച്ചു നൽകിയിരുന്നു.

വേണ്ടത് 1.9 സെന്റ് സ്ഥലം

പഴയ നഗരസഭ ഓഫിസ് കെട്ടിടത്തിലാണ് 2004 മുതൽ അഗ്നിരക്ഷാനിലയം പ്രവർത്തിക്കുന്നത്. സജി ചെറിയാൻ എംഎൽഎയുടെ ശ്രമഫലമായി അഗ്നിരക്ഷാസേനയ്ക്കും പൊലീസ് ട്രാഫിക് യൂണിറ്റിനുമായി പുതിയ കെട്ടിടം നിർമിച്ചു. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും മഴക്കെടുതി രൂക്ഷമായപ്പോൾ, എംഎൽഎയുടെ നിർദേശപ്രകാരം അഗ്നിരക്ഷാസേന പുതിയ കെട്ടിടത്തിലേക്കു മാറി പ്രവർത്തിച്ചു വരികയാണ്. ജീർണിച്ച പഴയ ഓഫിസ് വെറുതേ കിടക്കുന്നു. അഗ്നിരക്ഷാനിലയം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയായ ചെങ്ങന്നൂർ നഗരസഭ 1.9 സെന്റ് സ്ഥലം വിട്ടുനൽകാത്തതാണു റോഡ് നവീകരണം നിലയ്ക്കാൻ കാരണമാകുന്നത്.

27 ലക്ഷം രൂപയുടെ പണികൾ പൂർത്തിയാക്കി

എംസി റോഡിൽനിന്ന് മിനി സിവിൽ സ്റ്റേഷൻ, അഗ്നിരക്ഷാസേന, ട്രാഫിക് പൊലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, താലൂക്ക് ഓഫിസ്, എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിലേക്കെത്താനുള്ള പ്രധാന പാതയാണിത്. എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് റോഡു നവീകരണത്തിനായി 55 ലക്ഷം രൂപ അനുവദിച്ചത്. റോഡ് നവീകരണത്തിന്റെ ഭാഗമായി 27 ലക്ഷം രൂപയോളം ഇതുവരെ ചെലവിട്ടു. പണികൾ ഇനിയും വൈകിയാൽ ഏറ്റെടുത്ത കരാറുകാരനും സാമ്പത്തികനഷ്ടം ആരോപിച്ചു കരാറിൽ നിന്ന്‌ ഒഴിവാകാൻ ശ്രമിച്ചേക്കുമെന്നാണ് ആശങ്ക.

നഗരസഭ പറയുന്നത്:

സ്ഥലം വിട്ടു നൽകുന്നതിൽ യാതൊരു എതിർപ്പും നഗരസഭയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്നു നഗരസഭാധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ് പറയുന്നു. എല്ലാ കൗൺസിലർമാരും സ്ഥലം വിട്ടു നൽകണമെന്ന അഭിപ്രായത്തിലാണ്. നഗരമധ്യത്തിലെ സ്ഥലം വിട്ടു നൽകിയാൽ നഗരസഭയുടെ ബാക്കി സ്ഥലം ഉപയോഗശൂന്യമാകും. ഒരു ചെറിയ കെട്ടിടം പോലും അവിടെ നിർമിക്കാനാകില്ല. വിട്ടു നൽകുന്നതിന് ആനുപാതികമായ സ്ഥലം സമീപത്തെ വില്ലേജ് ഓഫിസിന് സമീപത്തായി റവന്യു വകുപ്പോ റജിസ്ട്രേഷൻ വകുപ്പോ വിട്ടു നൽകിയാൽ പ്രസ്തുത സ്ഥലത്ത് നഗരസഭയ്ക്ക് കെട്ടിടം നിർമിക്കാനാകും.

ഇതു സംബന്ധിച്ച് സർക്കാരിനും എംഎൽഎക്കും നൽകിയ കത്തിന് നാളിതു വരെ മറുപടിയും ലഭിച്ചിട്ടില്ലെന്നു മറിയാമ്മ പറഞ്ഞു. നഗരസഭയുടെ ആസ്തി, കൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കൈമാറുന്നതിലും നിയമപ്രശ്നം ഉണ്ട്. മറുപടി ലഭിക്കാത്തതിനാൽ നഗരസഭയുടെ അനുമതി പോലും വാങ്ങാതെയാണ് നഗരസഭാ സ്ഥലം കയ്യേറി പൊതുമരാമത്ത് വകുപ്പ് കല്ലിട്ടത്. നിസ്സാരമായി പരിഹരിക്കാവുന്ന വിഷയം രാഷ്ട്രീയ നേട്ടത്തിനായി വിനിയോഗിച്ച് റോഡ് വികസനത്തിൽ മനഃപൂർവമായ കാലതാമസം വരുത്തുകയാണെന്നും അവർ ആരോപിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com