ADVERTISEMENT

ആലപ്പുഴ ∙ സൗദിയിൽനിന്ന് കൊണ്ടുവരുന്നതിനിടെ മൃതദേഹങ്ങൾ തമ്മിൽ മാറിയതിനെ തുടർന്ന് വാരാണസിയിൽ എത്തിച്ച വള്ളികുന്നം സ്വദേശി ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് സംസ്കരിക്കും. ആദ്യമെത്തിച്ച മൃതദേഹം സംസ്കരിച്ചതിന്റെ സഞ്ചയനം നടത്താനിരുന്ന ദിവസത്തിലാണ് യഥാർഥ മൃതദേഹം  കൊണ്ടുവരുന്നത്. സൗദിയിൽ നിന്ന് മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ വാരാണസിയിൽ നിന്ന് 14 കിലോമീറ്റർ അകലെ ദീൻ ദയാൽ ഉപാധ്യായ നഗർ സ്വദേശി ജാവിദിന്റെ മൃതദേഹമായിരുന്നു വള്ളികുന്നത്ത് ഷാജി രാജന്റേതായി തെറ്റിദ്ധരിക്കപ്പെട്ട് എത്തിയതും സംസ്കരിച്ചതും.

വാരാണസിയിൽ സംസ്കരിക്കുന്നതിനു മുൻപായി ജാവിദിന്റെ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ജാവിദിന്റെ മൃതദേഹം കൊണ്ടുവന്ന വിമാനത്തിൽ മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നെന്നു കണ്ടെത്തുകയായിരുന്നു. വാരാണസിയിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ജാവിദിന്റെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. ഷാജിയുടേതായി വള്ളികുന്നം കാരാഴ്മയിൽ സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വാരാണസിയിലേക്കു കൊണ്ടുപോയി മതാചാരപ്രകാരം അടക്കം ചെയ്യാൻ ജാവിദിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്.

5 ദിവസം മുൻപാണ് ജാവിദ് മരിച്ചത്. സൗദിയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു നൽകാൻ കരാറെടുത്തവരിൽ നിന്നുണ്ടായ അശ്രദ്ധ കാരണമാണ് മൃതദേഹങ്ങൾ മാറിപ്പോയതെന്നാണ് എംബസിയിൽ നിന്ന് അറിഞ്ഞത്. മൃതദേഹങ്ങൾ മാറ്റി നൽകിയതിന് ജാവിദിന്റെ വീട്ടുകാർ എംബസി വഴി പരാതി നൽകി. നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഷാജിയുടെ കുടുംബവും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന. ഇരുവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി പിന്നിലാണ്. ജൂലൈ 18ന് ഹൃദയാഘാതം കാരണമാണ് ഷാജി മരിച്ചത്.

ഷാജിയുടെ മൃതദേഹത്തിന്  രണ്ടര മാസത്തോളം പഴക്കമുണ്ട് .അതിനാൽ തുറക്കരുതെന്നും വേഗം സംസ്കരിക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചവർ പറഞ്ഞിരുന്നതായി ഷാജിയുടെ ബന്ധുക്കൾ പറ‍‍ഞ്ഞു. 30നു രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഷാജിയുടെ ബന്ധു രതീഷ് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ സംസ്കരിച്ചു. അടുത്ത ദിവസം രാവിലെ മാത്രമാണ് മൃതദേഹം മാറിപ്പോയെന്ന് വീട്ടുകാരെ അറിയിച്ചത്.

നാട്ടിൽ വന്നിട്ട് 5 വർഷം; അവസാന വിളി മേയ് 3ന്

ഷാജി രാജൻ വിദേശത്ത് ജോലിക്ക് പോയിത്തുടങ്ങിയിട്ട് 15 വർഷത്തോളമായി. അവസാനമായി നാട്ടിൽ വന്നിട്ട് 5 വർഷമായി. സ്ഥിരമായി വിളിക്കുകയോ  പണമയയ്ക്കുകയോ ചെയ്യുന്ന പതിവില്ലായിരുന്നു. അതിനാലാണ് ഷാജി മരിച്ചു ദിവസങ്ങളായിട്ടും പുറത്തറിയാഞ്ഞത്. ജൂലൈ 18നു ഷാജി മരിച്ച വിവരം 22നു മാത്രമാണ് വീട്ടിൽ അറിഞ്ഞത്.

എസി നിർത്താതെ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപെട്ട അയൽവാസി മുറി തുറന്നപ്പോഴാണ് ഷാജി മരിച്ച വിവരം അറിയുന്നത്. ഷാജി  ഭാര്യ രാഗിണിയോടും മക്കളോടും അവസാനമായി സംസാരിച്ചത് മേയ് 3നാണ്.  ദിവസങ്ങളോ  ആഴ്ചകളോ കൂടുമ്പോൾ മാത്രമായിരുന്നു ഷാജി വിളിക്കുക.  രണ്ടു മാസത്തിനു ശേഷം വിദേശത്തു നിന്നെത്തിയത്  ഷാജിയുടെ മരണവാർത്തയായിരുന്നെന്നു രാഗിണി പറഞ്ഞു.

പഞ്ചായത്ത് നൽകിയ സ്ഥലവും വീടും

രാഗിണിയുടെ അമ്മയ്ക്ക് പഞ്ചായത്ത് നൽകിയ 3 സെന്റ് സ്ഥലത്ത് പഞ്ചായത്ത് അനുവദിച്ച വീട്ടിലാണ് ഷാജിയുടെ കുടുംബം കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വെള്ളം കയറുന്ന ഇവിടം ഒഴിവാക്കി സമീപത്തെ ബന്ധുവിന്റെ സ്ഥലത്താണ് ഷാജിയുടേതെന്ന പേരിൽ ആദ്യം ലഭിച്ച മൃതദേഹം സംസ്കരിച്ചത്. ഇപ്പോഴെത്തുന്ന മൃതദേഹം സ്വന്തം സ്ഥലത്തു തന്നെ സംസ്കരിക്കാനാണ് തീരുമാനം. രാഗിണി വീട്ടുജോലിക്കു പോയിക്കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. മകൾ അനഘ ഷാജി ബിരുദ വിദ്യാർഥിയാണ്. അപർണയും അനുഷയും 10, 9 ക്ലാസ് വിദ്യാർഥികളും.

ചികിത്സ ലഭിച്ചിരുന്നെങ്കിൽ

ഷാജി രാജന് പ്രമേഹം കൂടി നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നു കുടുംബാംഗങ്ങൾ പറയുന്നു. കൊളസ്ട്രോളും ഉണ്ടായിരുന്നു. എക്സിറ്റ് വീസ എടുത്ത് അനധികൃതമായാണ് സൗദിയിൽ തുടർന്നത് എന്നതിനാൽ ചികിത്സ തേടാൻ കഴിയുമായിരുന്നില്ല. 2019ലാണ് എക്സിറ്റ് വീസ എടുത്തത്. മൂത്ത മകളുടെ വിവാഹത്തിനുള്ള പണം കണ്ടെത്തിയാൽ നാട്ടിലേക്കു മടങ്ങുമെന്നാണ് ബന്ധുക്കളോടും വീട്ടുകാരോടും ഷാജി പറഞ്ഞിരുന്നത്.

കാത്തിരുന്നത് രണ്ടര മാസം

ഷാജി ഹൃദയാഘാതം കാരണം മരിച്ചത് ജൂലൈ 18നാണ്. മരണവിവരം പുറത്തറിയുന്നത് 22ന്. എന്നാൽ സെപ്റ്റംബർ 30നു മാത്രമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. 2019ൽ നാട്ടിലേക്കു മടങ്ങാൻ ഷാജി എക്സിറ്റ് വീസ എടുത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സമായത്. പാസ്പോർട്ട് കാണാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം അറിഞ്ഞത്. തുടർന്ന് എംബസിയും കൊടിക്കുന്നിൽ സുരേഷ് എംപിയും  ഇടപെട്ടു നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഷാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. രണ്ടര മാസം കാത്തിരുന്നിട്ടും അവസാനമായി ഷാജിയെ കാണാൻ ബന്ധുക്കൾക്കു കഴിഞ്ഞില്ല. എംബാം ചെയ്തതിനാലും പഴക്കമുള്ളതിനാലും  മൃതദേഹം പുറത്തെടുത്തിരുന്നില്ല. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com