ആലപ്പുഴ ∙ ടിപ്പർ ലോറിയുടെ പിൻഭാഗത്തെ വാതിലിനിടയിൽ തല അകപ്പെട്ട് ലോറി ഉടമ പൊന്നാട് വാഴയിൽ താജുദീൻ (50) മരിച്ചു.ആലപ്പുഴ വിജയ് ബീച്ച് പാർക്കിന് വടക്ക് ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. ബൈപാസ് വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് കുഴിച്ചെടുത്ത മണ്ണ് നീക്കം ചെയ്യാൻ എത്തിയപ്പോഴായിരുന്നു അപകടം.
ടിപ്പറിൽ നിന്ന് നേരത്തെ ഇറക്കിയ ഗ്രാവലിന്റെ ബാക്കി മണ്ണുമാന്തി ഉപയോഗിച്ച് നീക്കുന്നതിനിടെ ഗ്രാവൽ പൂർണമായി നീങ്ങിയോ എന്നറിയാൻ താജുദീൻ തല അകത്തേക്കിട്ടുനോക്കി. ഇതിനിടെ തല വാതിലിനിടയിൽ പെടുകയായിരുന്നു. തലയ്ക്കു ഗുരുതര പരുക്കേറ്റ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. നോർത്ത് പൊലീസ് കേസെടുത്തു. ഭാര്യ: ഷെമി. മക്കൾ: ആഷിക്ക്, ഹുസൈൻ, ഇഹ്സാൻ.