ADVERTISEMENT

വള്ളികുന്നം ∙ വികസനത്തിന് കാതോർത്തിരിക്കുന്ന വള്ളികുന്നംചിറ ടൂറിസം പദ്ധതി ഉടൻ പ്രാവർത്തികമാക്കുമെന്നു എം.എസ്.അരുൺകുമാർ എംഎൽഎ അറിയിച്ചു. പദ്ധതിയുടെ വിശദ പദ്ധതിരേഖ തയാറായെന്നും അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു. വള്ളികുന്നം പുഞ്ചയോട് ചേർന്ന് കിടക്കുന്ന ചിറ 2 കോടി രൂപ ചെലവഴിച്ചാണ് ടൂറിസം കേന്ദ്രമാക്കി മാറ്റുന്നത്. എം.എസ്.അരുൺകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയുമാണ് പ്രവൃത്തികൾ നടത്തുന്നത്. 

2012 ൽ ആണ് പതിമൂന്ന് ഏക്കറുണ്ടായിരുന്ന ചിറ നബാർഡിന്റെ സഹായത്തോടെ 1.5 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്. ടൂറിസം പദ്ധതി ഇവിടെ ആരംഭിക്കുന്നതോടെ ജില്ലയുടെ തെക്കൻ മേഖലയിലെ ഏക വിനോദ സഞ്ചാരകേന്ദ്രം കൂടിയായി വള്ളികുന്നം മാറും. ചിറക്കു ചുറ്റും നടപ്പാതയും ചിറയോട് ചേർന്ന് കോഫിഷോപ്പും പാർക്കും ഇരിക്കാനുള്ള സൗകര്യങ്ങളും പെഡസ്റ്റൽ ബോട്ടിങ് സൗകര്യവും ഒരുക്കും. ഓച്ചിറ താമരക്കുളം റോഡിൽ പുത്തൻ ചന്തയിൽ നിന്ന് കിഴക്കോട്ട് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ ചിറയിലെത്താം. പ്രകൃതി രമണീയമായ ചിറയുടെ രണ്ടു വശങ്ങളിൽ വിശാലമായ പുഞ്ചയാണ്. 

ആഭ്യന്തര ടൂറിസം സാധ്യതയുള്ള ചിറയുടെ കരയിൽ ഓഡിറ്റോറിയത്തിനും സൗകര്യമുണ്ട്. ചിറയോട് ചേർന്ന് ചാലുകളുമുണ്ട്. കൃഷിക്കും ഉൾനാടൻ മത്സ്യ ബന്ധനത്തിനും പേരുകേട്ട ഇവിടം ദേശാടന പക്ഷികളുടെ ഇഷ്ട സങ്കേതം കൂടിയാണ്. പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ എംഎൽഎയുടെ നിർദേശപ്രകാരം കലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേർന്നു. എം.എസ്.അരുൺകുമാർ എംഎൽഎ, കലക്ടർ കൃഷ്ണതേജ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണൻ, പി.കോമളൻ, ലിജോ, പ്രദീപ്, സുനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com