ആലപ്പുഴ ∙ ബിജെപി നേതാവായിരുന്ന രൺജീത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര കോടതിയിൽ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുക കനത്ത പൊലീസ് സുരക്ഷയിൽ. വിചാരണ തുടങ്ങുമ്പോൾ സാക്ഷികൾക്കും സുരക്ഷയൊരുക്കും. ഡിസംബർ 5ന് മാവേലിക്കര അഡിഷനൽ ജില്ലാ സെഷൻസ് (ഒന്ന്) കോടതിയിലാണ് നടപടി.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ പ്രതികൾ, തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനാൽ സുരക്ഷയൊരുക്കുമെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം കോടതിയിൽ അറിയിച്ചിരുന്നു. തങ്ങൾക്ക് ആലപ്പുഴ ജില്ലയിൽനിന്ന് അഭിഭാഷകരെ ലഭിക്കുന്നില്ലെന്നും വിചാരണ ജില്ലയ്ക്കു പുറത്തു നടത്തണമെന്നും പ്രതികൾ നേരത്തേ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ, ജില്ലയ്ക്കു പുറത്തു വിചാരണയെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതിയുടെ നിർദേശപ്രകാരം വിചാരണ മാവേലിക്കര കോടതിയിലേക്കു മാറ്റുകയും ചെയ്തു. എറണാകുളം ജില്ലയിലെ ജയിലുകളിൽ കഴിയുന്ന പ്രതികളെ കഴിഞ്ഞ ദിവസം വിഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയെങ്കിലും കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഡിസംബർ 5ന് നേരിട്ടു ഹാജരാക്കണമെന്നു കോടതി നിർദേശിച്ചു. അറസ്റ്റിലായ 15 പ്രതികളിൽ 12 പേർക്ക് കൊലപാതകത്തിൽ നേരിട്ടും 3 പേർക്ക് ഗൂഢാലോചനയിലും പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്.
ഇവർക്കെതിരെ ആദ്യ ഘട്ട കുറ്റപത്രമാണ് ഡിസംബർ 5നു വായിച്ചു കേൾപ്പിക്കുന്നത്. 4 പ്രതികളെക്കൂടി പിടികൂടാനുണ്ട്. അവർക്കെതിരെ മറ്റൊരു കുറ്റപത്രം തയാറാക്കുന്നുണ്ട്. എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ കഴിഞ്ഞ ഡിസംബർ 18നു മണ്ണഞ്ചേരിയിൽ കൊല്ലപ്പെട്ടതിന്റെ പിറ്റേന്നാണ് രൺജീത് ആലപ്പുഴയിലെ വീട്ടിൽ കൊല്ലപ്പെട്ടത്.
ഷാൻ വധക്കേസിലും വിചാരണ നടപടികൾ തുടങ്ങാനുള്ള തയാറെടുപ്പിലാണ്. കേസിൽ 22 പ്രതികൾ പിടിയിലായി. ആർഎസ്എസ് ഭാരവാഹിയായ കൊല്ലം സ്വദേശി ശ്രീനാഥിനെയാണ് പിടികൂടാനുള്ളത്. ഇയാൾ ഒളിവിലാണെന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിനു പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. നേരത്തേ ഒരാളെ നിയമിച്ച് ഉത്തരവായെങ്കിലും അദ്ദേഹം പിന്മാറിയിരുന്നു.