ADVERTISEMENT

ആലപ്പുഴ∙ വാശിയേറിയ പോരാട്ടത്തിനൊടുവിൽ 77 പോയിന്റിന്റെ വ്യക്തമായ ലീഡുമായി ആലപ്പുഴ ഉപജില്ലയ്ക്ക് ജില്ലാ കായികമേളയിൽ ഓവറോൾ കിരീടം. 44 സ്വർണവും 29 വെള്ളിയും 22 വെങ്കലവുമടക്കം 375 പോയിന്റുമായാണ് ആലപ്പുഴ ഓവറോൾ കിരീടത്തിൽ മുത്തമിട്ടത്. ആദ്യ രണ്ടു ദിനവും ഓവറോൾ സാധ്യത നിലനിർത്തിയ ചേർത്തല ഉപജില്ലയ്ക്ക് 29 സ്വർണവും 33 വെള്ളിയും 24 വെങ്കലവുമടക്കം 298 പോയിന്റുമായി രണ്ടാം സ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.

ആലപ്പുഴ ഉപജില്ലയുടെ തുടർച്ചയായ രണ്ടാം ഓവറോൾ കിരീടനേട്ടമാണിത്. 6 സ്വർണവും 11 വെള്ളിയും 14 വെങ്കലവുമടക്കം 88 പോയിന്റ് നേടി തുറവൂർ മൂന്നാം സ്ഥാനത്തെത്തി. 11 സ്വർണവും മൂന്നു വെള്ളിയും 14 വെങ്കലവുമടക്കം 80 പോയിന്റോടെ മാവേലിക്കര നാലാം സ്ഥാനത്തുമെത്തി. കായംകുളം 52 പോയിന്റും , ഹരിപ്പാട് 16 പോയിന്റും മങ്കൊമ്പ്, ചെങ്ങന്നൂർ ഉപജില്ലകൾ 13 പോയിന്റ് വീതവും അമ്പലപ്പുഴ എട്ടും തലവടി 6 പോയിന്റും നേടി.

ഹാട്രിക് നേട്ടവുമായി ലിയോ തേർട്ടീന്ത്

സ്കൂളുകളുടെ പട്ടികയിൽ 13 സ്വർണവും 14 വെള്ളിയും 4 വെങ്കലവുമടക്കം 111 പോയിന്റുമായി ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതെത്തി. തുടർച്ചയായ മൂന്നാം വർഷമാണ് ലിയോ തേർട്ടീന്ത് ഈ നേട്ടം കൈവരിക്കുന്നത്.എട്ടു സ്വർണവും 9 വെള്ളിയും മൂന്നു വെങ്കലവുമടക്കം 70 പോയിന്റുമായി ചാരമംഗലം ഗവ. ഡിവി എച്ച്എസ്എസ് രണ്ടാം സ്ഥാനത്തെത്തി.

ജൂനിയർ വിഭാഗം നടത്ത മത്സരത്തിനിടെ മത്സരാർഥിയുടെ  തലയിലൂടെ വെള്ളമൊഴിക്കുന്നു.                                     ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ
ജൂനിയർ വിഭാഗം നടത്ത മത്സരത്തിനിടെ മത്സരാർഥിയുടെ തലയിലൂടെ വെള്ളമൊഴിക്കുന്നു. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി ∙ മനോരമ

8 സ്വർണവും 4 വെള്ളിയും 3 വെങ്കലവുമടക്കം 55 പോയിന്റ് നേടിയ ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച്എസ്എസ് മൂന്നാമതെത്തി. 43 പോയിന്റ് നേടി അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എച്ച്എസ്എസ് നാലാം സ്ഥാനത്തും 36 പോയിന്റുമായി സെന്റ് ജോൺസ് എച്ച്എസ്എസ് മറ്റം അഞ്ചാം സ്ഥാനത്തും എത്തി.വിജയികൾക്ക് ദലീമ ജോജോ എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അധ്യക്ഷനായി. 

ഹരിശ്രീ കുറിച്ച് ശ്രീഹരി

പ്രഫഷനലിസം കാണാൻ കൊതിച്ച മീറ്റിൽ ‘നാടൻ സ്റ്റൈലിൽ’ വന്ന് സ്വർണം നേടി ഞെട്ടിച്ച താരമാണ് തമ്പകടച്ചുവട് ജിയുപിഎസിലെ കെ.ആർ.ശ്രീഹരി. സ്പൈക്സോ ഷൂസോ ഇല്ലാതെ വെറും കാലിൽ ഓടി വ്യക്തമായ ലീഡോടുകൂടിയാണ് സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്റർ ഓട്ടമത്സരത്തിൽ ശ്രീഹരി സ്വർണം നേടിയത്. ശ്രീഹരിയുടെ സ്വാഭാവിക വേഗവും കായികമികവും സംഘാടകരെയും പരിശീലകരെയും അതിശയിപ്പിച്ചു.

കൃത്യമായ പരിശീലനവും മാർഗനിർദേശവും ലഭിച്ചാൽ ജില്ലയ്ക്ക് ഒരു ഭാവി കായികതാരത്തെക്കൂടി ശ്രീഹരിയിലൂടെ ലഭിച്ചേക്കും. സബ് ജൂനിയർ ആൺകുട്ടികളുടെ 4* 100 മീറ്റർ റിലേയിൽ ശ്രീഹരിയുടെ ടീമിന് രണ്ടാം സ്ഥാനമുണ്ട്. മണ്ണഞ്ചേരി കാഞ്ഞിരത്തറ വീട്ടിൽ രാജേഷ്, ഷൈനി ദമ്പതികളുടെ മകനാണ്.

അലീനയുടെ വെള്ളിക്ക് സ്വർണത്തിളക്കം

ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്റർ ഓട്ടത്തിൽ ഒരു ഇത്തിരിക്കുഞ്ഞൻ മത്സരാർഥിയെ കണ്ട കാണികൾക്ക് കൗതുകമായി. മത്സരിക്കുന്ന കാറ്റഗറി മാറിപ്പോയതാണോ എന്നായിരിന്നു എല്ലാവരുടെയും സംശയം. പക്ഷേ, മത്സരം തീർന്നപ്പോൾ ഓടി ജയിച്ച വെള്ളി മെഡലിലൂടെ അലീന എല്ലാവർക്കും ഉത്തരം നൽകി. ആലപ്പുഴ എസ്ഡിവി എച്ച്എസിലെ വിദ്യാർഥിയായ പന്ത്രണ്ടു വയസ്സുകാരി അലീന ബാബു, യഥാർഥത്തിൽ മത്സരിക്കേണ്ടിയിരുന്നത് സബ് ജൂനിയർ വിഭാഗത്തിലാണ്. പക്ഷേ, സബ് ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടം മാത്രമാണ് ഉണ്ടായിരുന്നത്.

ദീർഘദൂര ഓട്ടത്തിലാണ് അലീനയുടെ കഴിവെന്നു മനസ്സിലാക്കിയ സ്കൂളിലെ കായികാധ്യാപകൻ സുധി ഭാസ്കർ, അലീനയോട് ജൂനിയർ വിഭാഗത്തിൽ 3000 മീറ്റർ ഓട്ടത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ടു. ആദ്യമൊന്നു ശങ്കിച്ചെങ്കിലും ഒന്നു പരിശ്രമിച്ചു നോക്കാൻ അലീനയും തീരുമാനിച്ചു. അങ്ങനെയാണ് ജൂനിയർ ചേച്ചിമാർക്കൊപ്പം സബ് ജൂനിയറായ അലീന മത്സരിക്കാൻ ഇറങ്ങുന്നതും മെഡൽ നേടുന്നതും.തുമ്പോളി സ്വദേശികളായ ഇ.പി.ബാബുവിന്റെയും ആശ ബാബുവിന്റെയും മകളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com