ഹരിപ്പാട് ∙ ഹരിപ്പാട് ആർ കെ ജംക്‌ഷന് സമീപമുള്ള എഫ്സിഐ ഗോഡൗണിൽ പ്രവർത്തിക്കുന്ന ബവ്റിജസ് ഔട്‌ലെറ്റിൽ മോഷണം നടത്തിയ പ്രതിയെ അറസ്റ്റു ചെയ്തു. ചാലക്കുടി പരിയാരം പത്രക്കടവ് വീട്ടിൽ രാജു(73) ആണ് അറസ്റ്റിലായത്. ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന് 9430 രൂപ വില വരുന്ന 12 കുപ്പി മദ്യമാണ് മോഷ്ടിച്ചത്. മോഷ്ടാവ് മേശയും അലമാരയും കുത്തി തുറന്നു പരിശോധിച്ചിരുന്നു.
ബാങ്ക് അവധി ദിവസമായ രണ്ടാം ശനിയാഴ്ചയിലെ കലക്‌ഷൻ തുക ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്നതിനാൽ നഷ്ടപ്പെട്ടിട്ടില്ല. സിസിടിവി പരിശോധനയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങളിൽ ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്നു പോകുമ്പോൾ നങ്ങ്യാർകുളങ്ങര ഭാഗത്തു വച്ച് പിടികൂടുകയായിരുന്നു. രാജുവിനെതിരെ എറണാകുളം ജില്ലയിൽ മോഷണ കേസുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു.