മാന്നാർ ∙ മാന്നാർ ടൗണിലെ ജലഅതോറിറ്റി പൈപ്പുകളിൽ മൂന്നു ദിവസമായി വെള്ളമില്ല. പമ്പ്ഹൗസിലെ മോട്ടർ കേടായതാണു ജലവിതരണം മുടങ്ങാൻ കാരണം. പമ്പിങ്ങിനു പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചിട്ടും ഒന്നും നടന്നില്ല. പമ്പാനദിയുടെ തീരത്തോടു ചേർന്ന വീടുകൾ ഉൾപ്പെടെ, നൂറുകണക്കിനു വീടുകളിലാണു വെള്ളം മുടങ്ങിയത്.
ഇപ്പോൾ ദൂരെ സ്ഥലങ്ങളിൽനിന്നു വലിയ ടാങ്കുകളിൽ കൊണ്ടുവരുന്ന വെള്ളം വിലയ്ക്കു വാങ്ങി ഉപയോഗിക്കുകയാണെന്ന് തറയിൽ പള്ളത്ത് ടി.കെ.ഷാജഹാൻ പറഞ്ഞു. ഉപഭോക്താക്കൾ ജലഅതോറിറ്റി അധികൃതരോടു പരാതിപ്പെട്ടിട്ടും പരിഹാരമില്ല. കാലിക്കുടങ്ങളുമായി സമരത്തിനു തെരുവിലിറങ്ങാൻ തയാറെടുക്കുകയാണ് നാട്ടുകാർ.