ADVERTISEMENT

ആലപ്പുഴ∙ പുറക്കാട്ട് താറാവുകൾ ചത്തതു പക്ഷിപ്പനി കാരണമാണെന്ന് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിൽ സ്ഥിരീകരിച്ചു. പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കൽ (കള്ളിങ്) നാളെ നടത്തും.ഇന്നലെ വൈകിട്ടാണ് ഭോപാലിൽ നിന്ന് ഫലം ലഭിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചാൽ കള്ളിങ് നടപടികൾ ആലോചിക്കാൻ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരാൻ നേരത്തെ തീരുമാനിച്ചിരുന്നു

നേരത്തെ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിൽ പരിശോധിച്ച സാംപിളുകളിൽ പക്ഷിപ്പനി സാധ്യത കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥിരീകരണത്തിനായാണ് ഭോപാലിലേക്ക് അയച്ചത്.നാലുചിറ പാടശേഖരത്തിലുണ്ടായിരുന്ന താറാവുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ ചത്തത്. കരുവാറ്റ കൊച്ചുപറമ്പിൽ ദേവരാജന്റേതാണ് ഇവ. ഒരാഴ്ചയ്ക്കിടയിൽ 200 താറാവുകൾ ചത്തു. ഇവയെ മറവു ചെയ്തിട്ടില്ല 65 – 70 ദിവസം പ്രായമായ 9,300 താറാവുകൾ ദേവരാജനുണ്ട്. താറാവുകളു‌ടെ കണ്ണുകൾക്ക് നീലനിറം ബാധിച്ചിരുന്നു. പിന്നാലെ ചത്തു തുടങ്ങി.

തുടർന്ന് ചത്ത താറാവുകളുടെ സാംപിൾ തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ ലബോറട്ടറിയിലേക്ക് അയച്ചിരുന്നു. കഴി‍ഞ്ഞ വർഷം ദേവരാജന്റെ 11,000 താറാവുകൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു.പക്ഷിപ്പനി സ്ഥിരീകരിച്ച് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനം വന്നാലേ കള്ളിങ് നടത്താൻ സാധിക്കൂ. ഇല്ലെങ്കിൽ നശിപ്പിക്കുന്ന താറാവുകൾക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഇതു കാരണമാണ് പ്രദേശത്തെ വളർത്തുപക്ഷികളെ നശിപ്പിക്കാതിരുന്നതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.

റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം

ജില്ലയിൽ എല്ലാ വർഷവും പക്ഷിപ്പനി ബാധയുണ്ടാകുന്നതിന്റെ കാരണം കണ്ടെത്തണമെന്ന കലക്ടറുടെ നിർദേശ പ്രകാരം നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് 2 ആഴ്ചയ്ക്കകം നൽകുമെന്നു മൃഗസംരക്ഷണ അധികൃതർ പറഞ്ഞു. ഇനിയും വിവരങ്ങൾ ശേഖരിക്കാനുണ്ട്. നേരത്തെ എത്തിയ കേന്ദ്ര സംഘം വിശദമായ പഠനം നടത്തിയിരുന്നു. അതിന്റെ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നും അധികൃതർ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com