ADVERTISEMENT

ആലപ്പുഴ ∙ ആര്യാട് പഞ്ചായത്തിലും നഗരത്തിന്റെ വടക്കൻ മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷം. മൂന്നാഴ്ചയായി ഇതാണു സ്ഥിതി. വീടുകൾക്കു പുറമേ സ്കൂൾ, അങ്കണവാടി, ആശുപത്രി, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ദുരിതമാണ്. ഈ പ്രദേശങ്ങളിലുള്ളവർ കരുമാടിയിൽ നിന്നുള്ള ആലപ്പുഴ ശുദ്ധജലപദ്ധതിയെ മാത്രമാണ് ആശ്രയിക്കുന്നത്.

അതതു സ്ഥലത്തെ ജലസംഭരണികൾ നിറഞ്ഞ ശേഷം പൈപ്‌ലൈനുകളിലേക്കു വിതരണം ചെയ്യുന്നതാണു രീതി. എന്നാൽ, സംഭരണികൾ നിറയാതായിട്ടു മാസങ്ങളായി. ഭാഗികമായി നിറഞ്ഞാൽ സംഭരണിയുടെ സമീപസ്ഥലങ്ങളിലെ ലൈനുകളിൽ കുറെ നേരത്തേക്കു വെള്ളം കിട്ടും. ദിവസം മുഴുവൻ കിട്ടാറില്ല. ദൂരെ സ്ഥലങ്ങളിലേക്കു പോകും മുൻപ് വെള്ളം തീരുകയും ചെയ്യും.

നഗരത്തിൽ പൂന്തോപ്പ്, കൊമ്മാടി, കൊറ്റംകുളങ്ങര, പുന്നമട, നെഹ്റു ട്രോഫി, കറുകയിൽ, അവലൂക്കുന്ന്, ആശ്രമം, മന്നത്ത്, കിടങ്ങാംപറമ്പ്, തത്തംപള്ളി, ജില്ലാ കോടതി വാർഡുകളിൽ ഒരാഴ്ചയായി ജലവിതരണം പൂർണമായി നിലച്ചിരിക്കുന്നു. വീട്ടിൽ വെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞെന്ന് കൗൺസിലർ ബി.മെഹബൂബ് പറഞ്ഞു.

12 പമ്പിങ് കേന്ദ്രങ്ങളെ ആശ്രയിച്ചാണു ജലവിതരണമെന്നും എന്നാൽ, സംഭരണികൾ നിറയാത്തതിനാൽ വീടുകളിൽ വെള്ളം എത്തുന്നില്ലെന്നും കൗൺസിലർ ഡി.പി.മധു പറഞ്ഞു. കരുമാടിയിൽ നിന്നു വെള്ളം വരുന്നതിന്റെ ശക്തി കുറ‍ഞ്ഞതിനാൽ ആര്യാട് പഞ്ചായത്തിലെ സംഭരണികൾ നിറയുന്നില്ലെന്നു പഞ്ചായത്ത് പ്രസിഡന്റ് ജി.ബിജുമോൻ പറഞ്ഞു. പഞ്ചായത്തിൽ ‌4 കുഴൽക്കിണറുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിനെ ആശ്രയിച്ചിട്ടും പഞ്ചായത്തിലെ 18 വാർഡിലും മതിയായ ജലം ലഭിക്കുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

ജലഅതോറിറ്റി ഉദ്യോഗസ്ഥർ

കരുമാടിയിൽ ആലപ്പുഴ ശുദ്ധജലപദ്ധതിയിൽ ദിവസം 8 മണിക്കൂർ മാത്രമാണ് ഇപ്പോൾ പമ്പിങ്. നഗരത്തിനും 7 പഞ്ചായത്തുകൾക്കും കൂടി ഒരു ദിവസം വേണ്ടത് 35 ദശലക്ഷം (എംഎൽഡി) ലീറ്റർ വെള്ളമാണ്. ഇത് 20 എംഎൽഡി ആയി കുറഞ്ഞിരിക്കുമ്പോഴാണ് വീണ്ടും പൈപ്പ് പൊട്ടിയതും ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് പൈപ്പുകൾ തകർന്നതും. അതോടെ ജലലഭ്യത 10 എംഎൽഡിയിൽ താഴെയായി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com