അമ്പലപ്പുഴ ∙ കച്ചേരിമുക്കിലെ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്ററിന്റെ വികസനത്തിന് 20 കോടി രൂപ അനുവദിച്ചതായി എച്ച്. സലാം എംഎൽഎ പറഞ്ഞു. ആശുപത്രിയിൽ ആരംഭിച്ച സായാഹ്ന ഒപിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.പകൽ 2 മുതൽ രാത്രി 8 വരെയാകും സായാഹ്ന ഒപി പ്രവർത്തനം. ഒരു ഡോക്ടർ, ഒരു ഫാർമസിസ്റ്റ്, ഒരു സ്റ്റാഫ് നഴ്സ്, ഒരു ഗ്രേഡ്-2 അറ്റൻഡർ എന്നിവരുടെ സേവനം ഈ സമയത്തുണ്ടാകും.
സാധാരണ ദിവസങ്ങളിൽ രാവിലെ 8 മുതൽ 1 വരെ 4 ഡോക്ടർമാർ, 10 ഹൗസ് സർജന്മാർ, ഒരു സ്റ്റാഫ് നഴ്സ്, ഒരു പിജി വിദ്യാർഥി, ഒരു ഗ്രേഡ്-2 അറ്റൻഡർ, ശുചീകരണ ജീവനക്കാർ എന്നിവരുടെ സേവനത്തിനു പുറമെയാണ് ഇപ്പോൾ സായാഹ്ന ഒപി യും ആരംഭിച്ചത്. ദിവസവും 300 നു മേൽ രോഗികൾ ഒപിയിലെത്തുന്ന ആശുപത്രിയിൽ പ്രവർത്തനം നിലച്ച കിടത്തി ചികിത്സയും ഉടൻ പുനരാരംഭിക്കുമെന്ന് എച്ച്. സലാം പറഞ്ഞു.
വ്യാഴാഴ്ച ജീവിതശൈലീ രോഗ ക്ലിനിക്, ബ്ലോക്കിലും അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലുമായി 2 പാലിയേറ്റീവ് കെയർ സെന്റർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്കു ശേഷം ഫിസിയോതെറപ്പി ഒപി, ആശുപത്രിക്കു കീഴിലെ 4 സബ് സെന്ററുകളിൽ ചൊവ്വാഴ്ചകളിൽ ഗർഭിണികൾക്കുള്ള ക്ലിനിക് എന്ന വിധമാണ് പ്രവർത്തനം.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് അധ്യക്ഷയായി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കവിത, അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ. വി. ജി. അനുപമ, ശ്രീജ രതീഷ്, ജി. വേണു ലാൽ, ശ്രീജ സുഭാഷ്, പ്രദീപ്തി സജിത്ത്, ആർ. ഉണ്ണി, കെ. മനോജ് കുമാർ, മെഡിക്കൽ ഓഫിസർ ഡോ. ലക്ഷ്മി മോഹൻ, ഡോ.സുധിരാജ് എന്നിവർ പ്രസംഗിച്ചു.