ADVERTISEMENT

ആലപ്പുഴ ∙ എസി റോഡിന്റെ നിർമാണ കാലാവധി അടുത്തവർഷം നവംബറോടെ അവസാനിക്കുമെന്നിരിക്കെ പള്ളാത്തുരുത്തി പാലം നിർമാണത്തിന് സാമ്പത്തികാനുമതി വൈകുന്നു. കിടങ്ങറ വലിയ പാലത്തിൽ നിന്ന് മുട്ടാറിനുള്ള പാലത്തിന്റെ നിർമാണവും സമയത്ത് തീരാൻ ഇടയില്ല. ‌നസ്രത്ത്, ജ്യോതി ജംക്‌ഷൻ പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടും സുരക്ഷാ പരിശോധന നടത്തി തുറന്നു നൽകാനായിട്ടില്ല. ഭാരപരിശോധന നടത്താൻ നിലവാരമുള്ള ഏജൻസികൾ സംസ്ഥാനത്ത് ഇല്ലാത്തതാണ് പ്രശ്നം.

പള്ളാത്തുരുത്തിയിൽ നിർമിക്കാൻ ഉദ്ദേശിച്ച പാലത്തിന്റെ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിറ്റി അനുമതി നൽകിയിരുന്നില്ല. ഇവിടെ പാലത്തിനു താഴെ പമ്പാനദിയിലൂടെ ദേശീയജലപാത കടന്നു പോകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിച്ചുള്ള പുതിയ പാലത്തിന്റെ രൂപരേഖയ്ക്ക് ദേശീയ ജലപാത അതോറിറ്റിയുടെ അനുമതി ലഭിച്ചിരുന്നു.

പാലത്തിന്റെ രൂപരേഖയിലെ മാറ്റത്തിനനുസരിച്ച് നിർമാണച്ചെലവിലെ വർധന സംബന്ധിച്ച വിവരങ്ങൾ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്. ദേശീയ ജലപാതയ്ക്കു മുകളിലൂടെ പോകുന്ന പാലങ്ങളുടെ മധ്യഭാഗത്തെ തൂണുകൾ തമ്മിൽ 40 മീറ്റർ അകലം ഉണ്ടാകണമെന്നാണ് മാനദണ്ഡം. പുതുക്കിയ രൂപരേഖ പ്രകാരം പുതിയ പള്ളാത്തുരുത്തി പാലത്തിന്റെ മധ്യഭാഗത്തെ തൂണുകൾ തമ്മിൽ 72 മീറ്റർ അകലം ഉണ്ടാകും. ഏകദേശം 600 മീറ്ററാകും പാലത്തിന്റെ നീളം.

എസി  റോഡിൽ ഗതാഗത നിരോധനം

കുട്ടനാട് ∙ ആലപ്പുഴ–ചങ്ങനാശേരി റോഡിൽ പണ്ടാരക്കളം മേൽപാലത്തിന്റെ ഗർഡർ കോൺക്രീറ്റിങ് നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ 12 വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പൂപ്പള്ളി-ചമ്പക്കുളം-എസ്എൻ കവലവഴിയോ, പൂപ്പള്ളി-കൈനകരി-കൈനകരി ജംക്‌ഷൻ വഴിയോ തിരിഞ്ഞു പോകണം.

ഭാരപരിശോധന വൈകുന്നു

bridge-construction-image
എസി റോഡിലെ നസ്രത്ത് മേൽപാലം.

നസ്രത്ത്, ജ്യോതി ജംക്‌ഷൻ പാലങ്ങളുടെ പണി പൂർത്തിയായെങ്കിലും വാഹനങ്ങൾ ഇപ്പോഴും കുണ്ടും കുഴിയുമായ റോഡിലൂടെയാണ് കടത്തിവിടുന്നത്. പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന എല്ലാവിധ പരിശോധനകൾക്കും ശേഷമാകും വാഹനങ്ങൾ കടത്തിവിട്ടു തുടങ്ങുകയെന്നാണ് വിവരം. തെരുവുവിളക്കുകൾ ഉൾപ്പെടെ സജ്ജീകരിച്ചെങ്കിൽ മാത്രമേ വാഹനങ്ങൾ കടത്തിവിടാൻ അനുമതി ലഭിക്കൂ. വിളക്കുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് എസി റോഡിന്റെ നിർമാണച്ചുമതല.

നിർമിക്കുന്നത് 14 ചെറുപാലങ്ങൾ

എസി റോഡിൽ 14 ചെറുപാലങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. ഇവയിൽ 11 എണ്ണത്തിന്റെ നിർമാണപ്രവൃത്തികൾ പൂർത്തിയായി. രാമങ്കരി പാലം കഴിഞ്ഞ ദിവസം ഗതാഗതത്തിന് തുറന്നുകൊടുത്തു. എന്നാൽ കിടങ്ങറ പാലത്തിൽ നിന്ന് എസി റോഡിന് കുറുകെയുള്ള പാലത്തിലേക്ക് വാഹനങ്ങൾക്ക് കയറാൻ ബുദ്ധിമുട്ടുള്ളത് കാരണം കൂടുതൽ സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടണം.

ഇതിന്റെ പാരിസ്ഥിതികാഘാത പഠനം ഉൾപ്പെടെ നടക്കാനുണ്ട്.എസി കനാലിനും എസി റോഡിനും ഇടയിൽ നിൽക്കുന്ന മരങ്ങൾ മുറിക്കുന്ന കാര്യത്തിലും അവ്യക്തത തുടരുന്നു. ഇവിടെ നൂറിലധികം മരങ്ങളാണ് മുറിച്ചു മാറ്റാനുള്ളത്. മരങ്ങൾ മുറിക്കാൻ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com