മധു കൈനകരി അന്തരിച്ചു; ഇനി ‘സ്വർഗത്തിലെ അതിഥി’

HIGHLIGHTS
  • വിടവാങ്ങിയത് സംവിധായകൻ പത്മരാജന്റെ പ്രിയപ്പെട്ട എഡിറ്റർ
madhu-kainakari
മധു കൈനകരി
SHARE

അമ്പലപ്പുഴ ∙ കുട്ടികൾക്ക് വേണ്ടിയുള്ള ‘സ്വർഗത്തിലെ അതിഥികൾ’ എന്ന ചലച്ചിത്രം വെള്ളിത്തിരയിൽ കാണാനുള്ള  മോഹം ബാക്കിയാക്കിയാണ് എഡിറ്ററും സംവിധായകനുമായ മധു കൈനകരി വിടവാങ്ങിയത്. ചിത്രത്തിന്റെ കഥയും തിരക്കഥയും അമ്പലപ്പുഴ ആമയിയ കന്നിയേൽ വീടിനുള്ളിലെ മുറിയിലിരിക്കുമ്പോൾ മധുവിന്റെ ചേതനയറ്റ ശരീരം മറ്റൊരു മുറിയിലും. ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം.സംവിധായകൻ പത്മരാജന്റെ പ്രിയപ്പെട്ട എഡിറ്ററായിരുന്നു മധു.

തോപ്പിൽ ഭാസിയുടെ മകൻ അജയനാണു പത്മരാജനു മധുവിനെ പരിചയപ്പെടുത്തിയത്. അക്കാലത്ത് ദൂരദർശനിൽ എ‍ഡിറ്ററായിരുന്നു മധു. പെരുവഴിയമ്പലത്തിന് ശേഷം പത്മരാജൻ സംവിധാനം ചെയ്ത  ‘ഒരിടത്തൊരു ഫയൽവാൻ’ എന്ന സിനിമയ്ക്കു മധുവാണ് എഡിറ്റിങ് നടത്തിയത്. തുടർന്ന് ‘കള്ളൻ പവിത്രൻ’ എന്ന സിനിമ എടുത്തപ്പോൾ മറ്റൊരു എഡിറ്ററെക്കുറിച്ച് പത്മരാജന് ആലോചിക്കേണ്ടിവന്നില്ല

‘നവംബറിന്റെ നഷ്ടവും’ ‘കൂടെവിടെയും’ ചെയ്തപ്പോഴും മധുവിൽ നിന്ന് മാറി ചിന്തിച്ചില്ല.കൈനകരി കണിയാന്തറ വീട്ടിൽ പി.മധുസൂദനൻപിള്ള, മധു കൈനകരിയായതു സിനിമയിലൂടെയാണ്. പ്രതിരോധ വകുപ്പിൽ നിന്ന് വിരമിച്ച പത്മനാഭപിള്ളയും ചെല്ലമ്മയുമാണ് മാതാപിതാക്കൾ.

ബാലജനസഖ്യം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പ്രീഡിഗ്രിക്ക് എസ്ഡി കോളജിൽ പഠിച്ചപ്പോൾ സീനിയറായിരുന്ന നെടുമുടി വേണുവും ഫാസിലും ബോബൻ കുഞ്ചാക്കോയുമൊക്കെയായുള്ള സൗഹൃദം പിന്നീടും തുടർന്നു.അഡയാറിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു എഡിറ്റിങ് പഠനം പൂർത്തിയാക്കി. കെ.എസ്. സേതുമാധവന്റെ ‘ചട്ടക്കാരി’ എന്ന സിനിമയ്ക്ക് എം.എസ്.മണിയാണു എഡിറ്റിങ് നടത്തിയത്.

മധുവിനെ മണിസ്വാമി കൂടെക്കൂട്ടി. ശ്രീകുമാരൻ തമ്പി ‘ചന്ദ്രകാന്തവും’ ‘ഭൂഗോളം തിരിയുന്നു’ എന്നിവ  എടുത്തപ്പോഴും എം.എസ്.മണിയുടെ ഒപ്പം മധു ഉണ്ടായിരുന്നു. നടൻ മധു സംവിധാനം ചെയ്ത മിനിയിലും ഒറിയയിൽ സംസ്കാര എന്ന സിനിമയിലും എഡിറ്ററായി. 2012ൽ എഡിറ്റ് സൂപ്പർവൈസറായി ദൂരദർശനിൽ നിന്ന് വിരമിച്ചു.

ദൂരദർശനു വേണ്ടി ചെമ്പകശ്ശേരി രാജവംശത്തിന്റെയും കുട്ടനാടൻ പ്രകൃതിഭംഗിയെക്കുറിച്ചും എൻ.എൻ.പിള്ളയുടെ ജീവിതം ആസ്പദമാക്കിയും മധു സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങൾ ശ്രദ്ധേയമായി. 1986ൽ ആദ്യമായി ശബരിമല മകരവിളക്ക് ദൂരദർശനു വേണ്ടി ചിത്രീകരിച്ചതും മധു കൈനകരിയായിരുന്നു.സിനിമാ എഡിറ്ററും ഡോക്യുമെന്ററി സംവിധായകനുമായ ആമയിട കന്നിയേൽ മധു കൈനകരി (71) അന്തരിച്ചു.സംസ്കാരം ഇന്ന് 9ന് ആമയിടയിലെ വീട്ടുവളപ്പിൽ.

അ‍ഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എഡിറ്റിങ് പഠനം പൂർത്തിയാക്കിയ മധു, സംവിധായകൻ പത്മരാജന്റെ പ്രിയപ്പെട്ട എഡിറ്റർമാരിൽ ഒരാളായിരുന്നു. ദൂരദർശനിൽ പ്രോഗ്രാം ഓഫിസറായും പ്രവർത്തിച്ചു. നവംബറിന്റെ നഷ്ടം, കൂടെവിടെ, ഒരിടത്തൊരു ഫയൽവാൻ, കള്ളൻ പവിത്രൻ, പറന്ന് പറന്ന് പറന്ന് എന്നീ ചലച്ചിത്രങ്ങളാണ് അദ്ദേഹം എഡിറ്റ് ചെയ്തത്.പിശുക്കൻ പത്രോസ്, പാവം ഗോവിന്ദൻകുട്ടി എന്നീ ടെലിഫിലിമുകളും മഞ്ജുള (മറാഠി), 7–70 വട്ടം തുടങ്ങിയ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.

‘സ്വർഗത്തിലെ അതിഥികൾ’ എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ കഥയും തിരക്കഥയും പൂർത്തിയാകുന്നതിനിടെയാണ് അന്ത്യം.മറാഠി ഡോക്യുമെന്ററി മഞ്ജുളയ്ക്ക് 2009ലെ ദേശീയ പുരസ്കാരവും ‘സ്കൂൾ ഡയറി’ സീരിയലിന്റെ എഡിറ്റിങ്ങിന് 2003ലെ സംസ്ഥാന സർക്കാർ   പുരസ്കാരവും ലഭിച്ചു.  ഭാര്യ: ഓമന. മക്കൾ: സിദ്ധിദേവി, റിദ്ധിദേവി. മരുമക്കൾ: ശ്രീഹരി, അരുൺ മോഹൻദാസ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS