ADVERTISEMENT

മാവേലിക്കര ∙ എബിവിപി പ്രവർത്തകൻ ചെങ്ങന്നൂർ വിശാൽ വധക്കേസിലെ എട്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകന്റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കി. ഹരിപ്പാട് ചെറുതന കോടമ്പള്ളി തറയിൽ സനോജിന്റെ ജാമ്യമാണു മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി എസ്.എസ്.സീന റദ്ദാക്കിയത്.ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി പരിഗണിച്ചാണു നടപടി.

പ്രതിയെ മാവേലിക്കര സ്പെഷൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. മൊത്തം 20 പ്രതികളുള്ള കേസിലെ 19 പ്രതികളെ ഇന്നലെ രാവിലെ ഹാജരാക്കിയപ്പോഴാണു കോടതി ജാമ്യം റദ്ദാക്കിയത്. ഒരു പ്രതിക്ക് സംഭവസമയത്തു പ്രായപൂർത്തി ആകാത്തതിനെ തുടർന്നു ജുവനൈൽ കോടതിയിലാണു വിചാരണ നടക്കുന്നത്.

2012 ജൂലൈ 16ന് എബിവിപി പ്രവർത്തകനായ ചെങ്ങന്നൂർ കോട്ട ശ്രീശൈലം വീട്ടിൽ വിശാലിനെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിനു മുന്നിൽ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സനോജ് ജാമ്യത്തിലായിരുന്നു. 2022 സെപ്റ്റംബർ 23നു പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച ഹർത്താലിൽ പന്തളം

ചന്തയ്ക്കു സമീപം കെഎസ്ആർടിസി ബസ് തകർക്കുകയും ഡ്രൈവറുടെ കണ്ണിനു പരുക്കേൽപിക്കുകയും ചെയ്ത അക്രമത്തിൽ സനോജിനെ പ്രതിയാക്കി പന്തളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇത് ജാമ്യവ്യവസ്ഥയുടെ ലംഘനമായി കണക്കാക്കി ജാമ്യം റദ്ദാക്കണമെന്നു ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ആർ.സുരേഷാണു ഹർജി നൽകിയത്. ക്രൈംബ്രാഞ്ചിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ, അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശിൽപ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവർ ഹാജരായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com