ഹരിപ്പാട് ഓട്ടിസം പാർക്ക് സ്ഥാപിക്കുമെന്ന് രമേശ്‌ ചെന്നിത്തല

ramesh-chennithala
ഹരിപ്പാട് ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി ദിനാചരണം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
SHARE

ഹരിപ്പാട്∙ ഓട്ടിസം സെന്ററിനോട് അനുബന്ധിച്ച് കുട്ടികൾക്കുള്ള ഓട്ടിസം പാർക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രമേശ്‌ ചെന്നിത്തല എംഎൽഎ പറഞ്ഞു. ഹരിപ്പാട് ബിആർസിയുടെ നേതൃത്വത്തിൽ നടന്ന ഭിന്നശേഷി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോൺതോമസ്, സ്ഥിരം സമിതി അധ്യക്ഷൻ ശ്രീവിവേക്, വാർഡ് കൗൺസിലർ അനസ് എ.നസീം, ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ കെ.എം. രജനീഷ്, എഇഒ കെ.ഗീത, ബിപിസി ജൂലി എസ്. ബിനു, ഹരിപ്പാട് കാനറ ബാങ്ക് ചീഫ് മാനേജർ പൂൺഗുൺ ഡ്രണർ, രത്നൻസർ ഫൗണ്ടേഷൻ ചെയർമാൻ ആർ. ഹരീഷ് ബാബു, റെജി ന്യൂലാൻഡ്, മഞ്ജു കൈപ്പള്ളിൽ, ഉണ്ണിക്കൃഷ്ണൻ മുതുകുളം, രജനി സോമൻ എന്നിവർ പ്രസംഗിച്ചു.

ദിനാഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളും രക്ഷിതാക്കളും സ്റ്റുഡൻസ് പൊലീസ് കെഡറ്റ്സ്, എൻഎസ്എസ് കെഡറ്റ്സ് , ബഥനി ബാലികാമഠം ഹൈസ്കൂൾ ബാൻഡ്സെറ്റ്, സ്കൂൾ വിദ്യാർഥികൾ എന്നിവർ സൈക്കിൾ റാലിയോടെ നടത്തിയ വർണാഭമായ വിളംബരജാഥ നഗര ചത്വരം ചുറ്റി മുനിസിപ്പൽ ഹാളിൽ എത്തി ഫ്ലാഷ് മോബ് അവതരിപ്പിച്ചു

സ്വന്തം വാച്ചും പേനയും സമ്മാനം നൽകി ചെന്നിത്തല

ഭിന്നശേഷി ദിനാചരണത്തിൽ ഉന്ന വിജയം നേടി വിശിഷ്ടാതിഥികളായി എത്തിയ ഭിന്നശേഷി കുട്ടികളുടെ മോട്ടിവേഷൻ പ്രസംഗം കേട്ട രമേശ് ചെന്നിത്തല എംഎൽഎ തന്റെ വാച്ചും പേനയും സമ്മാനമായി നൽകി അനുമോദിച്ചു. പ്രസംഗം കഴിഞ്ഞുടൻ ഭിന്നശേഷി വിദ്യാർഥി അഭിജിത്തിനെ വിളിച്ചു തന്റെ കയ്യിൽ നിന്നു വാച്ച് ഉൗരിയെടുത്ത് കയ്യിൽ കെട്ടികൊടുത്തു.

ഗൗതമിക്ക് പേന സമ്മാനമായി നൽകുകയും ചെയ്തതോടെ സദസ്സിൽ കയ്യടി ഉയർന്നു. അഭിജിത്ത് ഷോർട്ട് ഫിലിമിൽ ഗാനങ്ങൾ എഴുതുകയും ഒരു ഷോർട്ട് ഫിലിമിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഗൗതമി എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനു എപ്ലസ് നേടിയിരുന്നു. കുട്ടികളോടെപ്പം ചെലവഴിച്ച രമേശ് ചെന്നിത്തല എംഎൽഎ ഭിന്നശേഷിക്കാരനായ ദേവാനന്ദിന്റെ മിമിക്രിയും മോണോ ആക്റ്റും കണ്ടാണ് മടങ്ങിയത്. ഓട്ടിസം സെന്ററിലെ കുട്ടികൾക്കു നിത്യേന നടക്കുന്ന ഭക്ഷണച്ചിലവിലേക്ക് ഒരു മാസത്തെ തുക കൈമാറുകയും ചെയ്തു.

ഭിന്നശേഷി ദിനം കലക്ടർക്കൊപ്പം ചെലവഴിച്ച് സബർമതി വിദ്യാർഥികൾ

ഭിന്നശേഷി ദിനത്തിൽ കലക്ടറേറ്റിലെത്തിയ കുട്ടികളെ സ്വീകരിച്ച് അവരുമായി കലക്ടർ നിലത്തിരുന്നു സൗഹൃദം പങ്കിട്ടു. ഹരിപ്പാട് സബർമതി സ്പെഷൽ സ്കൂളിലെ 25 വിദ്യാർഥികളാണ് അവരുടെ അധ്യാപകരോടൊപ്പം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വന്നത്.സുധീഷ്കുമാർ എന്ന കുട്ടി കലക്ടർക്ക് മുല്ല മാല ചാർത്തി. വിദ്യാർഥി അഞ്ജനേന്തു പ്രാർഥനാഗാനം പാടി. മാളവിക കലക്ടർക്ക് റോസാപ്പൂ നൽകി കെട്ടിപ്പിടിച്ച് ചുംബിച്ചു. മീനു റേച്ചൽ വർഗീസും പ്രവീണും പാട്ടുപാടി.ധാരാളം ജോലി ചെയ്യാനുള്ളപ്പോൾ ഇങ്ങനെയുള്ള പരിപാടികളിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് പലരും ചോദിക്കാറുണ്ടെന്നു കലക്ടർ പറഞ്ഞു.

ആളുകൾ സഹായം ചോദിച്ചാൽ പണം കൊടുത്ത് ചെയ്യാൻ കഴിയാതെ വരും. പക്ഷേ, നേരിട്ടെത്തി സ്ഥിതി മനസ്സിലാക്കിയാൽ മറ്റ് പലരെയും കൊണ്ട് ചെയ്യിപ്പിക്കാനാകും. അങ്ങനെയാണ് പ്രളയ കാലത്ത് ഐ ആം ഫോർ ആലപ്പി പദ്ധതിയിലൂടെ കുറെ നല്ല കാര്യങ്ങൾ ചെയ്തത്. ഇപ്പോൾ വീ ആർ ഫോർ ആലപ്പി എന്നായി–കലക്ടർ പറഞ്ഞു.രമേശ് ചെന്നിത്തല സ്ഥാപിച്ച സബർമതിയിൽ ഇപ്പോൾ 76 വിദ്യാർഥികൾ പഠിക്കുന്നുണ്ട്.

75 സെന്റ് സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ സ്കൂളും മ്യൂസിക് അക്കാദമിയും പ്രവർത്തിക്കുന്നു. ഇവിടെ പഠിച്ച ഭിന്നശേഷിക്കാരായ 3 കുട്ടികൾ ഇവിടെ ജോലിക്കാരായി. ആർട്ടിഫിഷ്യൽ ലിംഫിന്റെ സഹായത്തോടെ നടക്കുകയും മറ്റ് പല ശാരീരിക വിഷമതകളും നേരിടുന്ന സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗവും സബർമതി സെക്രട്ടറിയുമായ എസ്.ദീപുവും സ്കൂൾ ചെയർമാൻ ജോൺ തോമസും പ്രിൻസിപ്പൽ എസ്.ശ്രീലക്ഷ്മിയും പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS