കൈനകരി ഇരുമ്പനം പാടശേഖരത്തിൽ മട വീണു ;ദുരിതത്തിലായി നാട്ടുകാർ

HIGHLIGHTS
  • 430 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിലാണ് മട വീണത്
road-flood
മടവീഴ്ചയുണ്ടായ കൈനകരി ഇരുമ്പനം പാടശേഖരത്തിൽ നിന്നു കൈനകരി റോഡിലൂടെ വെള്ളം കവിഞ്ഞു പുത്തൻതുരം പാടശേഖരത്തിലേക്ക് ഒഴുകുന്നു. റോഡിൽ വെള്ളം കയറിയതുമൂലം ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.
SHARE

കുട്ടനാട് ∙ കൈനകരി ഇരുമ്പനം പാടശേഖരത്തിൽ മട വീണതോടെ ദുരിതത്തിലായി നാട്ടുകാർ. പുഞ്ചക്കൃഷിയുടെ ഒരുക്കത്തിനിടെയാണു കൈനകരി കൃഷിഭവനു കീഴിലുള്ള 430 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ മട വീണത്. പാടശേഖരത്തിലെ പൗവ്വം ചിറയിൽ ശക്തമായ വേലിയേറ്റത്തിൽ മടവീഴുകയായിരുന്നു.

ആദ്യം 8 മീറ്റർ വീതിയിൽ ചെറിയ മടയായിരുന്നത് ഇന്നലെ വലിയ മടയായി മാറി. ആദ്യം വീണ മടയുടെ സമീപത്തായി തന്നെ കുട്ടനാട് പാക്കേജിൽ നിർമിച്ച പൈൽ ആൻഡ് സ്ലാബ് സംരക്ഷണ ഭിത്തി വരെ തകർത്തുകൊണ്ടു 30 മീറ്ററിലധികം സ്ഥലത്തേക്കു കൂടി മട വ്യാപിച്ചു. ഇരുമ്പനത്തു മട വീണതോടെ സമീപത്തെ 100 ഏക്കർ വിസ്തൃതിയുള്ള പുത്തൻതുരം പാടത്തെ വെള്ളം കവിഞ്ഞ് ഒഴുകാൻ തുടങ്ങി.

ഇവിടെ രണ്ടാംക്കൃഷിയുടെ വിളവെടുപ്പും സംഭരണവും പൂർത്തിയായ അവസരത്തിലാണു പാടത്തേക്കു വെള്ളം കയറിയതെന്നതു കർഷകർക്ക് ആശ്വാസം പകർന്നെങ്കിലും ഇരു പാടശേഖരങ്ങളിലെയും ചുറ്റിലും പുറംബണ്ടിലുമായി താമസിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ ദുരിതത്തിലായി.

കൈനകരി റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം നിരോധിച്ചു. റോഡിൽ തോട്ടുവാത്തല പാലം മുതൽ കന്നിട്ടപ്പറമ്പ് പാലം വരെയുള്ള ഭാഗത്താണു റോഡിൽ വെള്ളം കയറിയത്. ആലപ്പുഴ–ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി ഈ റോഡിലൂടെയാണു വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.

റോഡിൽ ഗതാഗതം നിരോധിച്ചതോടെ സ്കൂൾ ബസുകൾ പോലും എത്താത്ത സാഹചര്യം പ്രദേശത്തെ വിദ്യാർഥികളെയും ബുദ്ധിമുട്ടിലാക്കും.വിവിധ സ്കൂളുകളിലായി പഠിക്കുന്ന ഒട്ടനവധി കുട്ടികൾ സ്കൂൾ ബസിലാണു പോയിരുന്നത്.മടവീണതോടെ പ്രദേശത്തെ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി. മടകുത്തി പമ്പിങ് പുനരാരംഭിച്ചാൽ മാത്രമെ ഇവരുടെ ദുരിതത്തിന് ഇനി പരിഹാരമുണ്ടാവുകയുള്ളു.

സഹായം എത്തിക്കണം

കുട്ടനാട് ∙ മടവീഴ്ചയുണ്ടായ കൈനകരി പഞ്ചായത്തിൽ ഇരുമ്പനം പാടശേഖരത്തിലെ മട കുത്തുന്നതിനു ജില്ലാ ഭരണകൂടവും ജലസേചന വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നു കൈനകരി ഗ്രാമ പഞ്ചായത്ത് യുഡിഎഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന ആളുകൾക്ക് അടിയന്തര സഹായം നൽകുന്നതിനും ഭക്ഷണ വിതരണ കേന്ദ്രങ്ങൾ തുറക്കുന്നതിനും നടപടി സ്വീകരിക്കണമെന്നു പാർലമെന്റ് പാർട്ടി ലീഡർ ഡി.ലോനപ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം മധു സി.കൊളങ്ങര, പഞ്ചായത്തംഗങ്ങളായ സന്തോഷ് പട്ടണം, നോബിൻ പി.ജോൺ, ലിനി ആന്റണി, ആഷാ ജെയിംസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി.ജോസഫ് എന്നിവർ ആവശ്യപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS