ADVERTISEMENT

ആലപ്പുഴ ∙ ജില്ലയിൽ റോഡപകടങ്ങൾ കുറയ്ക്കാൻ റോഡ് സുരക്ഷാ അതോറിറ്റിയിൽനിന്നു ലഭിച്ച ഫണ്ട് ഉപയോഗിച്ച് കർമ പദ്ധതി തയാറാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. പ്രധാന അപകട കേന്ദ്രങ്ങളിലെ പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് കിട്ടിയേക്കും. അതനുസരിച്ചാവും പദ്ധതി തയാറാക്കുക.   അപകടങ്ങൾ കൂടുതലുള്ള ജില്ലയാണിതെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ജോലി തട്ടിപ്പ്, നിക്ഷേപത്തട്ടിപ്പ് തുടങ്ങി വലിയ ചർച്ചയായ കേസുകൾ.പരിശോധിച്ചിരുന്നോ? നിക്ഷേപത്തട്ടിപ്പ് കേസ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ച് ഏറ്റെടുത്തു കഴിഞ്ഞു. 6 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതിന്റെ പരാതികളാണ് അന്വേഷിക്കുന്നത്. ദേവസ്വം ബോർ‍ഡിലേക്കും മറ്റും ജോലി വാഗ്ദാനം ചെയ്തു നടത്തിയ തട്ടിപ്പ് സംബന്ധിച്ച ചില കേസുകളിൽ അന്തിമ റിപ്പോർട്ട് നൽകുന്ന ഘട്ടത്തിലാണ്. നല്ല രീതിയിലാണ് അന്വേഷണം നടക്കുന്നത്.

മുതുകുളത്ത് പഞ്ചായത്തംഗത്തെ ആക്രമിച്ച കേസിൽ പ്രതികളെ പിടികൂടുന്നില്ലെന്ന് ആക്ഷേപമുണ്ടല്ലോ? തുടക്കത്തിൽ ഡിഐജി തന്നെ അവലോകനം ചെയ്ത കേസാണ്. ഞാനും പല തവണ വിവരങ്ങൾ അന്വേഷിച്ചു. പ്രതികളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. പക്ഷേ, പിടികൂടാൻ കഴിഞ്ഞിട്ടില്ല. പരിശ്രമിക്കാഞ്ഞിട്ടല്ല.

ഏതെങ്കിലും പ്രത്യേക കുറ്റകൃത്യങ്ങൾ ജില്ലയിൽ കൂടുതലാണെന്നു തോന്നുന്നുണ്ടോ? അങ്ങനെ പ്രത്യേകിച്ചില്ല. പക്ഷേ, കഴിഞ്ഞ മാസം 32 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു.  ഇത് വളരെ കൂടുതലാണ്. ഒരുപക്ഷേ, ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും കേസെടുക്കുന്നതുമാകാം കാരണം. അതു നല്ലതുമാണ്.

ജില്ലയിലെ ക്രമസമാധാന നിലയിൽ പ്രത്യേക ശ്രദ്ധ നൽകേണ്ട വിഷയങ്ങളുണ്ടോ? കാര്യങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ.  വിലയിരുത്താറായിട്ടില്ല. വർഗീയ വിഷയങ്ങൾ പൊതുവെ കുറവാണ്. അടുത്ത കാലത്തുണ്ടായ രണ്ടു രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതികളെ പിടികൂടി, കേസ് കോടതിയിലെത്തിയ ഘട്ടത്തിലാണ്.

സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളോ ഗാർഹിക പീഡന കേസുകളുണ്ട്. പക്ഷേ, നല്ലൊരു ശതമാനം സംഭവങ്ങളും പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നില്ല.

ലഹരിമരുന്ന് കേസുകളുടെ എണ്ണം കൂടുകയാണല്ലോ? മിക്ക ദിവസവും ലഹരിക്കടത്ത് പിടികൂടുന്നുണ്ട്.   എംഡിഎംഎ പോലുള്ള രാസലഹരിമരുന്നുകളുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇവ ഉപയോഗിക്കുന്നവരെ പിടികൂടിയാലും ചെറിയ അളവു മാത്രമേ കിട്ടൂ. ലഹരി വിൽപനക്കാരെയും കാരിയർമാരെയും ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് ആലോചിക്കുന്നത്.  കഴിഞ്ഞ ദിവസം അത്തരത്തിൽ ബെംഗളുരുവിൽ പോയി പ്രതികളെ പിടികൂടിയിരുന്നു. ഒരു നൈജീരിയക്കാരൻ ഉൾപ്പെടെയാണ് പിടിയിലായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com