ചക്കുളത്തുകാവ് ക്ഷേത്രത്തിൽ പൊങ്കാല നാളെ

ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലയ്ക്കായി ക്ഷേത്രമുറ്റത്ത് കലങ്ങളും അടുപ്പുകല്ലുകളും ഒരുക്കിയിരിക്കുന്നു.
SHARE

എടത്വ ∙ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ നാളെ നടക്കുന്ന പൊങ്കാലയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യകാര്യദർശിമാരായ രാധാകൃഷ്ണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ അറിയിച്ചു. പൊങ്കാലയിൽ 5 ലക്ഷം പേർ പങ്കെടുക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ദൂരെ സ്ഥലങ്ങളിൽ നിന്നുള്ള ഭക്തർ ക്ഷേത്രത്തിൽ എത്തി അടുപ്പുകൾ കൂട്ടിയിട്ടുണ്ട്. ഇന്നു വൈകിട്ടോടെ ക്ഷേത്രപരിസരത്തും വഴികളിലും പൊങ്കാലക്കലങ്ങൾ നിറയും. ബന്ധുവീടുകളിലെത്തി താമസമാക്കിയവരും ഏറെയാണ്.

നാളത്തെ ചടങ്ങുകൾ

പുലർച്ചെ 4ന് നിർമാല്യദർശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 9ന് വിളിച്ചുചൊല്ലി പ്രാർഥന. തുടർന്ന് ക്ഷേത്ര ശ്രീകോവിലിൽ നിന്നു മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി കൊടിവിളക്കിൽ പകർന്നെടുക്കുന്ന ദീപം പണ്ടാര പൊങ്കാലയ്ക്കു സമീപം ഗണപതി വിളക്കിൽ കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി തെളിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.സമ്മേളനം നടൻ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.സജി ചെറിയാൻ എംഎൽഎ അധ്യക്ഷതവഹിക്കും.

കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. അടൂർ ശ്രീശൈലത്ത് മനോജ് പണിക്കരും കുടുംബവും നിർമിച്ചു നൽകിയ പുതിയ ആനക്കൊട്ടിലിന്റെ സമർപ്പണം നടക്കും. 9.30ന് ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി മൂലബിംബം പണ്ടാര പൊങ്കാലയടുപ്പിനു സമീപത്തേക്ക് എത്തിക്കും. തുടർന്ന് അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുകയും വാർപ്പിൽ അരി പകരുകയും ചെയ്യും. അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി.നമ്പൂതിരി, ദുർഗാദത്തൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ തുടർ ചടങ്ങുകൾ നടക്കും. നേദ്യത്തിനുശേഷം ദിവ്യാഭിഷേകവും ഉച്ചദീപാരാധനയും നടക്കും.

പ്രാദേശിക അവധി

ആലപ്പുഴ∙ ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് നാളെ  കുട്ടനാട് താലൂക്കിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു. പൊതുപരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും.

വാഹന പാർക്കിങ് 

പൊങ്കാലയിടാൻ വാഹനങ്ങളിൽ എത്തുന്നവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഭാഗത്തു നിന്നുള്ള വാഹനങ്ങൾ കാവുംഭാഗം ദേവസ്വം ബോർഡ് ഹൈസ്കൂൾ മൈത‍ാനം, ജെജെ ഗ്രൗണ്ട്, വളഞ്ഞവട്ടം ഷുഗർ മിൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കോട്ടയം, തൃശൂർ, പുനല‍ൂർ ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല നഗരസഭാ സ്റ്റേഡിയത്തിലും ആലപ്പുഴ, എറണാകുളം, കോഴിക്കോട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ തിരുവല്ല, എടത്വ, കോയിൽമുക്ക് കെഎസ്ഇബി സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ, വാട്ടർ അതോറിറ്റി, എടത്വ സെന്റ് അലോഷ്യസ് കോളജ്, ഹോളി എയ്ഞ്ചൽസ് സ്കൂൾ എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS