ADVERTISEMENT

ഹരിപ്പാട് ∙ ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ വീട്ടിൽ നിന്നു ഒരു ലക്ഷം രൂപയും ഒരു പവന്റെ സ്വർണാഭരണങ്ങളും മോഷ്ടിച്ചു. പള്ളിപ്പാട് നടുവട്ടം കൊരണ്ടിപ്പള്ളിൽ ലക്ഷ്മിക്കുട്ടിയുടെ(73) വീട്ടിലാണ് മോഷണം നടന്നത്. വർഷങ്ങളായി സമീപമുള്ള ക്ഷേത്രത്തിൽ മാലകെട്ടി ഉപജീവനം നടത്തുന്ന ലക്ഷ്മിക്കുട്ടി സമ്പാദിച്ചു വച്ചിരുന്ന 50000 രൂപയും വീട് പെയിന്റ് ചെയ്യുന്നതിന് മകൻ നൽകിയ രൂപയുമാണ് മോഷണം പോയത്.

രാത്രിയിൽ അടുത്തുള്ള ബന്ധു വീട്ടിലാണ് ഉറങ്ങുന്നത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നത് കണ്ടത്. സംശയം തോന്നി അലമാരകൾ തുറന്നു പരിശോധിച്ചപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. മൂന്നു മുറികളിലെ അലമാരകളിലാണ് പണവും സ്വർണവും വച്ചിരുന്നത്. അലമാരകൾ പൂട്ടി താക്കോലുകൾ അടുക്കളയിലെ പാത്രത്തിലും കട്ടിലിനടിയിലും വച്ചിട്ടാണ് രാത്രി ഉറങ്ങാൻ പോയത്.

താക്കോലുകൾ എടുത്ത് അലമാരകൾ തുറന്നു പരിശോധിച്ചു പണവും സ്വർണവും എടുത്ത ശേഷം തിരികെ താക്കോലുകൾ യാഥാ സ്ഥാനത്ത് വച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് മാലകെട്ടികൊണ്ടിരിക്കുമ്പോൾ സ്കൂട്ടറിൽ എത്തിയ സ്ത്രീ ലക്ഷ്മിക്കുട്ടിയോട് അ‍ഞ്ചു മിനിറ്റ് വീടിന്റെ വരാന്തയിൽ ഇരുന്നോട്ടെയെന്നു ചോദിച്ചിരുന്നു. തുടർന്നു വീട്ടിലെ കാര്യങ്ങൾ ചോദിച്ചിരുന്നു. ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രാത്രിയിൽ ബന്ധു വീട്ടിലാണ് ഉറങ്ങുന്നതെന്നും വീട്ടമ്മ സ്ത്രീയോട് പറഞ്ഞിരുന്നു. രാത്രിയിൽ ക്ഷേത്രത്തിൽ നിന്നു മടങ്ങിയെത്തി ആഹാരം കഴിച്ച ശേഷം ബന്ധു വീട്ടിലേക്ക് വീടു പൂട്ടി ഉറങ്ങാൻ പോയതായി ലക്ഷ്മിക്കുട്ടി പറഞ്ഞു. പോകുമ്പോൾ റോഡിൽ സ്കൂട്ടർ ഇരിക്കുന്നതു കണ്ടതായും പൊലീസിന് മൊഴി കൊടുത്തു.

സമീപമുള്ള വീട്ടിലെ സിസിടിവിയിൽ മോഷണം നടന്ന ദിവസം പുലർച്ചെ നാലു മണിയോടെ ഒരു സ്ത്രീ പ്ലാസ്റ്റിക് കവറുമായി സ്കൂട്ടറിൽ കയറി പോകുന്ന ദൃശ്യം ലഭിച്ചിരുന്നു. പൊലീസ് സിസിടിവി ദൃശ്യം കാണിച്ചപ്പോൾ വീട്ടിൽ എത്തിയ സ്ത്രീ തന്നെയാണ് സ്കൂട്ടറിൽ കയറി പോയതെന്നു തിരിച്ചറിഞ്ഞതായി ലക്ഷ്മിക്കുട്ടി പറഞ്ഞു. രാത്രിയിൽ വീടിനുള്ളിൽ കയറിയ ശേഷം ലക്ഷ്മിക്കുട്ടിയമ്മ ഉറങ്ങാൻ പോയ നേരം മോഷണം നടത്തിയതായാണ് പൊലീസ് സംശയിക്കുന്നത്. പ്രതിയെപ്പറ്റി വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com