ADVERTISEMENT

ആലപ്പുഴ ∙ ദേശീയപാതാ വികസനത്തിൽ അരൂർ – തുറവൂർ മേഖലയിൽ നിർമിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ മേൽപാത. നിർമാണ ഏജൻസിയെയും കൺസൽറ്റൻസിയെയും കഴിഞ്ഞ ദിവസം തീരുമാനിച്ചതോടെ നിർമാണ നടപടികൾ തുടങ്ങി. അനുമതിക്കായി രൂപരേഖ ഉടൻ സമർപ്പിക്കും. 11.6 കിലോമീറ്ററുള്ള ഹൈദരാബാദിലെ പിവിഎൻആർ എക്സ്പ്രസ് വേ ആണ് നിലവിൽ രാജ്യത്തെ ദൈർഘ്യമേറിയ മേൽപാത. എന്നാൽ, അരൂർ – തുറവൂർ ഭാഗത്തു നിർമിക്കുന്ന മേൽപാതയുടെ നീളം 12.75 കിലോമീറ്ററാണ്.

ഇതു സംബന്ധിച്ചു പ്രാഥമിക വിജ്ഞാപനം ഇറങ്ങി. ഭോപാലിലെ ഹൈവേ എൻജിനീയറിങ് കമ്പനിക്കാണു കൺസൽറ്റൻസി ചുമതല. നിർമാണച്ചുമതല മഹാരാഷ്ട്രയിലെ അശോക ബിൽഡ്കോൺ കമ്പനിക്കാണ്. 1668.5 കോടി രൂപയാണു ചെലവ്.അരൂർ ജംക്‌ഷനു സമീപം തുടങ്ങുന്ന പാത തുറവൂർ മഹാക്ഷേത്രത്തിനു സമീപം അവസാനിക്കും. നിലവിലെ നാലുവരിപ്പാതയ്ക്കു മുകളിലൂടെയാണ് മേൽപാത

കടന്നുപോകുന്നത് എന്നതിനാൽ വലിയതോതിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരില്ല. പ്രധാന ജംക്‌ഷനുകൾക്കു സമീപം മേൽപാതയിൽനിന്നു വാഹനങ്ങൾക്കു താഴത്തെ റോഡിലേക്ക് ഇറങ്ങാനും സർവീസ് റോഡിൽനിന്നു മേൽപാതയിലേക്കു കയറാനുമുള്ള റോഡ് നിർമിക്കാനുള്ള ഭാഗത്തു മാത്രമാകും സ്ഥലം ഏറ്റെടുക്കേണ്ടി വരിക. നിലവിലുള്ള നാലുവരിപ്പാത സർവീസ് റോഡായി മാറും.

അമ്പലപ്പുഴ മേൽപാലം: പൈലിങ് ജോലിക്ക് തുടക്കം

ദേശീയപാതാ വികസനത്തിന്റെ ഭാഗമായി അമ്പലപ്പുഴയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ പൈലിങ് ജോലി തുടങ്ങി. കാക്കാഴം റെയിൽവേ മേൽപാലത്തിനു സമീപം ആരംഭിക്കുന്ന മേൽപാലം അമ്പലപ്പുഴ ജംക്‌ഷനു തെക്കുഭാഗത്ത് അവസാനിക്കും. ദേശീയപാതയിൽനിന്ന് അമ്പലപ്പുഴ – തിരുവല്ല സംസ്ഥാനപാതയിലേക്കു തിരിയുന്ന ജംക്‌ഷനിലെ സിഗ്നൽ മേൽപാലം വരുന്നതോടെ ഇല്ലാതാകും.എന്നാൽ, ഈ ജംക്‌ഷനിലെ ശ്രീകൃഷ്ണക്ഷേത്രത്തിലെ കാണിക്കവഞ്ചി മാറ്റുന്നതു സംബന്ധിച്ച് തീരുമാനമായിട്ടില്ല.

ദേശീയപാത വീതികൂട്ടാൻ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റേതായുള്ള ഈ പ്രതിഷ്ഠയും മാറ്റേണ്ടതുണ്ട്. ദേശീയപാതാ വികസനത്തിനു സ്ഥലമെടുപ്പും കെട്ടിടം പൊളിക്കലും 90% കടന്നെങ്കിലും ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പും കെട്ടിടം പൊളിക്കലും പൂർത്തിയായിട്ടില്ല. ഇതു ചർച്ച ചെയ്യാനായി ഇന്നു പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. അമ്പലപ്പുഴയിലെ നിർദിഷ്ട മേൽപാലത്തിന് 635 മീറ്റർ നീളമുണ്ടാകും.

ദേശീയപാത, അമ്പലപ്പുഴ – തിരുവല്ല റോഡുമായി ചേരുന്ന ഭാഗത്ത് സ്പാനുകളുടെ നീളം 35 മീറ്ററാണ്. ഇതിനടിയിലൂടെ വാഹനങ്ങൾ ഇരുവശത്തേക്കും കടത്തിവിടും. സ്പാനിന് ഇരുവശത്തും 300 മീറ്റർ നീളത്തിലാണു മേൽപാലത്തിലേക്കുള്ള സമീപനപാത നിർമിക്കുന്നത്. നങ്ങ്യാർകുളങ്ങര ജംക്‌ഷനിൽ 35 മീറ്റർ നീളമുള്ള രണ്ടു സ്പാനുകളുള്ള മേൽപാലമാണു നിർമിക്കുന്നത്. ഹരിപ്പാട് ബസ് സ്റ്റാൻഡിനു സമീപം, വീയപുരം റോഡിലേക്കു പ്രവേശിക്കുന്ന ഭാഗം എന്നിവിടങ്ങളിൽ 35 മീറ്റർ നീളമുള്ള ഓരോ സ്പാനോടു കൂടിയ മേൽപാലമാണു നിർമിക്കുക.

വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിനു സമീപവും 35 മീറ്റർ നീളമുള്ള സ്പാനുകളോടു കൂടിയ പാലം നിർമിക്കാനാണു പദ്ധതി. ഇവിടങ്ങളിൽ എല്ലായിടത്തും പാലത്തിന് ഇരുവശത്തും മണ്ണിട്ട് ഉയർത്തിയാകും റോഡ് നിർമിക്കുക. ചേപ്പാടിനു സമീപം 490 മീറ്റർ നീളത്തിൽ മേൽപാത നിർമിക്കും. 35 മീറ്റർ നീളമുള്ള 14 സ്പാനുകളോടു കൂടിയ പാലമാണ് ഇവിടെ നിർമിക്കുന്നത്.കാക്കാഴത്ത് നിലവിലുള്ള റെയിൽവേ മേൽപാലത്തിന്റെ കിഴക്കു ഭാഗത്താണ് 480 മീറ്റർ നീളത്തിൽ നാലുവരിയിൽ പുതിയ മേൽപാലം നിർമിക്കുന്നത്. നിലവിലെ പാത സർവീസ് റോഡാക്കി മാറ്റും.

ദുരിതത്തിന് പരിഹാരമാകും

അരൂർ – തുറവൂർ മേൽപാത വരുന്നതോടെ ഈ മേഖലയിലെ റോഡ് തകർച്ചമൂലമുണ്ടാകുന്ന ദുരിതത്തിനു പരിഹാരമാകും. റോഡ് നിർമാണത്തിലെ അശാസ്ത്രീയത കാരണം നിലവിൽ തുറവൂർ ജംക്‌ഷൻ, കുത്തിയതോട് പാലത്തിന് തെക്കുഭാഗം, കുത്തിയതോട് ബസ് സ്റ്റോപ്, കോടംതുരുത്ത്, ചന്തിരൂർ എന്നിവിടങ്ങളിൽ ഒറ്റ മഴയ്ക്കു തന്നെ വെള്ളക്കെട്ടു രൂപപ്പെടാറുണ്ട്. മഴവെള്ളം മീഡിയനിൽ കെട്ടിനിന്ന് റോഡ് തകരുന്നതും പതിവാണ്.

രാജ്യത്തെ നിലവിലെ നീളമേറിയ മേൽപാതകൾ:

1. ഹൈദരാബാദിലെ പിവിഎൻആർ എക്സ്പ്രസ് വേ –. 11.6 കിലോമീറ്റർ
2. യുപി ഗാസിയാബാദിലെ ഹിൻഡൻ എലിവേറ്റഡ് റോഡ് – 10.3 കിലോമീറ്റർ.
3. ബെംഗളൂരു ഇലക്ട്രോണിക് സിറ്റി എലിവേറ്റഡ് എക്സ്പ്രസ് വേ– 9.98 കിലോമീറ്റർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com